അജുനയുടെ കവിത ഇനി അഞ്ചാം ക്ലാസ് പാഠപുസ്തകത്തിലും
text_fieldsമഞ്ചേരി: വർഷങ്ങൾക്കു മുമ്പ് കൈയെഴുത്ത് മാസികയിൽ കുറിച്ചിട്ട അജുനയുടെ നാലുവരി കവിത ഇനി അഞ്ചാം ക്ലാസ് വിദ്യാർഥികൾ പഠിക്കും. സ്കൂൾ പഠനകാലത്ത് എഴുതിയ കവിത അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ ഇടംപിടിച്ചതിന്‍റെ സന്തോഷത്തിലാണ് മഞ്ചേരി മുള്ളമ്പാറയിലെ എൻ.പി. അജുന. മഞ്ചേരി എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൈയെഴുത്ത് മാസികക്കായി കവിത എഴുതിയത്.
ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ എഴുതിയ ചെറുകഥകളും കവിതകളും സ്കൂളിലെ ആർട്സ് ക്ലബ് ‘ചൂടകറ്റാത്ത തണൽമരങ്ങൾ’ എന്ന പേരിൽ പുറത്തിറക്കിയിരുന്നു. 25ലധികം രചനകളിൽ ഉൾപ്പെട്ട അമ്മയെക്കുറിച്ചുള്ള ‘വിയർപ്പുപ്പ്’ എന്ന കവിതയാണ് അഞ്ചാം ക്ലാസ് മലയാളം പുസ്തകത്തിന്‍റെ രണ്ടാം ഭാഗത്തിൽ ‘അമ്മയെക്കുറിച്ച്’ എന്ന ശീർഷകത്തിൽ കുട്ടികൾക്ക് ഗ്രൂപ്പുകളായി ചർച്ച ചെയ്യാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘കറിയുപ്പ് തീർന്നു എങ്കിലും, വിയർപ്പ് കുറുക്കിയെടുത്ത് അമ്മ കഞ്ഞിയുണ്ടാക്കി’ എന്നതാണ് വരികൾ.
എൽ.എസ്.എസ് കോഴിക്കോട് ജില്ല മോഡൽ പരീക്ഷ പേപ്പറിലും കവിത ഇടംപിടിച്ചിരുന്നു. ഇതിനുശേഷം കവിത ഒട്ടേറെ ക്യാമ്പുകളിലും വേദികളിലുമെല്ലാം ചർച്ചയായി. പിന്നീടാണ് പുസ്തക കമ്മിറ്റിയുടെ മുന്നിലേക്ക് എത്തിയത്.
അജുന ഉൾപ്പെടെ എട്ടുപേരുടെ കവിതയാണ് പുസ്തകത്തിലുള്ളത്. വിദ്യാഭ്യാസവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചപ്പോൾ സന്തോഷവും ഏറെ അഭിമാനവും തോന്നിയെന്ന് അജുന പറഞ്ഞു.
ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം. ഫില്ലും പൂർത്തിയാക്കി ഇപ്പോൾ അസാപ്പിൽ പരിശീലകയാണ്. കർണാട്ടിക് സംഗീതവും പഠിപ്പിക്കുന്നുണ്ട്. മഞ്ചേരി മുള്ളമ്പാറയിലെ എൻ.പി. മോഹൻരാജിന്‍റെയും ഷീജയുടെയും മകളാണ്. ചെന്നൈ ഐ.ഐ.ടിയിൽ പ്രഫസറായ ശ്രീഹരിയാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.