വല നെയ്യുകയാണ് അഖില
text_fieldsചെങ്ങമനാട്: നാലാംക്ലാസ് മുതൽ തുടക്കംകുറിച്ച ‘വോളിബാൾ നെറ്റ് മേക്കിങ്’ കലയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് അഖില മരിയയുടെ മനസ്സുനിറയെ. ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ബെന്നി-ലീന ദമ്പതികളുടെ മകൾ അഖില മരിയ നാലാംക്ലാസ് മുതൽ സ്കൂൾ ശാസ്ത്രമേളയിലെ പ്രവൃത്തിപരിചയ തത്സമയ മത്സരങ്ങളിൽ വോളിബാൾ നെറ്റ് മേക്കിങ്ങിൽ മികവ് പുലർത്തിയ കലാകാരിയാണ്.
അത്താണി സെന്റ് ഫ്രാൻസിസ് സ്കൂളിൽ നാലിൽ പഠിക്കുമ്പോഴാണ് ആദ്യമായി സൂചിയും നൂലും ഉപയോഗിച്ച് 10 മീറ്റർ നീളത്തിലും ഒരുമീറ്റർ വീതിയിലും വോളിബാൾ നെറ്റുണ്ടാക്കാൻ വൈദഗ്ധ്യം നേടിയത്. അസീസി സ്കൂളിലെ അധ്യാപിക റോസിലി ബാബുവാണ് പരിശീലക. അതിവേഗ നെറ്റ് തുന്നൽ പരിശീലനത്തിനും, മത്സരത്തിനുമിടെ നിരവധിതവണ സൂചികൊണ്ട് മുറിവേറ്റിട്ടും നെഞ്ചേറ്റിയ അനുഗ്രഹീത കലയെ ഉപേക്ഷിക്കാൻ അഖില തയാറല്ല.
ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുമ്പോൾ ഉപജില്ല തലത്തിലും ജില്ലതല മത്സരത്തിലും രണ്ടാംസ്ഥാനം നേടി. ഒമ്പതിലെത്തിയപ്പോൾ ഉപജില്ല തലത്തിലും ജില്ല തലത്തിലും ഒന്നാമതെത്തി. സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡോടെ ഏഴാംസ്ഥാനത്തെത്തി. മിന്നൽ വേഗത്തിൽ അതിവിദഗ്ധമായി കൈ ഉപയോഗിച്ച് സൂചികൊണ്ട് നെറ്റ് തുന്നുന്നതിൽ അഖിലക്ക് വൈദഗ്ധ്യമുണ്ട്. 10ൽ പഠിക്കുമ്പോൾ കൊറോണ മൂലവും, പ്ലസ് വണ്ണിന് മറ്റ് സാങ്കേതിക കാരണങ്ങളാലും അഖിലക്ക് മത്സരത്തിൽ പങ്കെടുക്കാനായില്ല.
ഇത്തവണ പ്ലസ് ടുവിന് അവസാന മത്സരമെന്ന നിലയിൽ ജില്ലയിൽ സംഘടിപ്പിച്ച സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ആഴ്ചകളോളം കഠിനാധ്വാനം നടത്തി പങ്കാളിയായതിന്റെ ഓർമകളും അഖില പങ്കുവെച്ചു. അനുഗ്രഹീത കലയെ ഭാവി വിദ്യാർഥികൾക്കോ, വീട്ടമ്മമാർക്കോ, സ്വയംതൊഴിൽ തേടുന്നവർക്കോ പ്രയോജനപ്പെടുത്തണമെന്നാണ് അഖിലയുടെ ആഗ്രഹം. ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അലൻ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.