മാപ്പിളപ്പാട്ടിന്റെ സ്വരമാധുരിയിൽ ഉമ്മൂമ്മ, ഉമ്മ, ഇപ്പോൾ ഹഫ്സൽ
text_fieldsചേർത്തല: മുഹമ്മദ് ഹഫ്സലിന്റെ ഇമ്പമാർന്ന സ്വരമാധുരിയിൽ ലയിച്ച് മാപ്പിളപ്പാട്ട് വേദി. മോയിൻ കുട്ടി വൈദ്യരുടെ വരികളിലൂടെ വിധികർത്താക്കൾക്ക് ഒപ്പം കാണികളുടെ മനസ്സുകളും കീഴടക്കാൻ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിക്കായി. മാപ്പിളപ്പാട്ട് കുടുംബത്തിൽനിന്നുള്ള മൽസരാർഥിയുടെ കലാ മികവാണ് ഈ മിടുക്കന് പങ്കു വെക്കാനുള്ളത്.
ചുനക്കര തെരുവിൽ മുക്ക് തടത്തിൽ വടക്കതിൽ വീട്ടിൽനിന്നാണ് ഹഫ്സലിന്റെ വരവ്. താളപ്രധാനവും പ്രാസ നിബദ്ധവുമായ മാപ്പിളപ്പാട്ടുകൾ തലമുറയായി കൈമാറുന്ന വീടാണിത്. ഉമ്മുമ്മ എം.ഒ. നജ്മ ആദ്യകാല മാപ്പിളപ്പാട്ട് കലാകാരിയും റേഡിയോ സ്റ്റാറുമാണ്. മാതാവ് ഷറീനാ ബീഗമാകട്ടെ കലോൽസവത്തിൽ മാപ്പിളപ്പാട്ട് അടക്കമുള്ളവ ഒരു കാലത്ത് കുത്തകയാക്കിയ താരം. പിതാവ് സത്താറും മാപ്പിളപ്പാട്ട് രംഗത്ത് സജീവം.
1977 മുതൽ റേഡിയോ താരമായി മാറിയ നജ്മ 90 കൾ മുതൽ ടെലിവിഷനുകളിലും നിറഞ്ഞുനിന്നു . ഭരണിക്കാവ് വാത്തികുളം എൽ.പി സ്കൂൾ അധ്യാപികയായ ഷറീന 1999ലെ സംസ്ഥാന കലോൽസവം മുതൽ സ്കൂളിൽ നിന്ന് ഇറങ്ങുന്നതുവരെ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ മകനും ഈമേഖലയിൽ തിളങ്ങുന്ന താരമായി. യു.പി വിഭാഗത്തിലും ജില്ലയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു. അറബി പദ്യം, ദഫ് എന്നിവയിലും മൽസരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.