പ്രയാസങ്ങളെ മറികടന്ന് ഡോക്ടറായി അൽഫിയ
text_fieldsആറാട്ടുപുഴ: ഡോക്ടർ ആകണമെന്ന അടങ്ങാത്ത ആഗ്രഹം മാത്രമായിരുന്നു എം.ബി.ബി.എസിന് അഡ്മിഷൻ ലഭിക്കുമ്പോൾ അൽഫിയക്ക് കൈമുതലായുണ്ടായിരുന്നത്. നിത്യവൃത്തിക്ക് തന്നെ പ്രയാസപ്പെടുന്ന കുടുംബത്തിന് വരാൻപോകുന്ന പ്രതിസന്ധികൾ ബോധ്യമുണ്ടായിട്ടും മകളുടെ ആഗ്രഹം തല്ലിക്കെടുത്താൻ അവർക്ക് മനസ്സ് വന്നില്ല. ഒടുവിൽ പ്രതികൂല ജീവിതസാഹചര്യങ്ങളെ അതിജയിച്ച് അൽഫിയ ഡോക്ടറായി. എം.ബി.ബി.എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ച അൽഫിയ ആറാട്ടുപുഴ ഗ്രാമത്തിനും അഭിമാനമായി.
ആറാട്ടുപുഴ വെട്ടുപറമ്പിൽ അഷ്റഫിന്റെയും നിസയുടെയും മകൾ അൽഫിയയുടെ കുഞ്ഞുന്നാൾ മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടറാവുക എന്നത്. അതുകൊണ്ട് പഠനത്തിൽ ഒരു വിട്ടുവീഴ്ചക്കും അൽഫിയ തയാറായിരുന്നില്ല. വീടിനടുത്തുള്ള മംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പത്താം ക്ലാസും പ്ലസ്ടുവും വിജയിച്ചു. ഒരുവർഷത്തെ എൻട്രൻസ് പരിശീലനത്തിലൂടെ മെഡിക്കൽ എൻട്രൻസിൽ 2046ാം റാങ്ക് നേടി.
കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളജിൽ സ്റ്റേറ്റ് മെരിറ്റിൽ അഡ്മിഷൻ ലഭിച്ചെങ്കിലും സ്വാശ്രയ ഫീസ് ഘടനയിലാണ് ഉൾപ്പെട്ടത്. തുണിക്കടയിലെ ജീവനക്കാരനായ അഷ്റഫിന്റെ തുച്ഛവരുമാനത്തിന് താങ്ങാൻ കഴിയാത്ത കാര്യമാണെങ്കിലും പഠിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു അൽഫിയ. നാട്ടുകാരിലും ബന്ധുക്കളിലുമുള്ള സുമനസ്സുകൾ കനിഞ്ഞതോടെ പ്രയാസങ്ങൾക്ക് അയവ് വന്നു. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസിൽ കയറാൻ നല്ലൊരു മൊബൈൽ പോലുമില്ലാതെ അൽഫിയ വിഷമിച്ചിട്ടുണ്ട്. സുമനസ്സുകളുടെ കനിവ് വിഷമാവസ്ഥയിൽ ആശ്വാസമേകി.
പിന്നീട് ബി.പി.എൽ സ്കോളർഷിപ് ലഭിച്ചതോടെ ഫീസ് ഭാരം ഒഴിവായി. കോളജിൽ തന്നെ ഏറ്റവും നിർധന കുടുംബത്തിൽനിന്ന് എത്തിയത് അൽഫിയയായിരുന്നു. അവസരം ഒത്തുകിട്ടിയാൽ ഇനിയും പഠിക്കണമെന്നും അറിയപ്പെടുന്ന ഫിസിഷ്യൻ ആകണമെന്നുമാണ് അൽഫിയയുടെ ആഗ്രഹം. ഡി.ഫാമിന് പഠിക്കുന്ന നൗഫിയയും ഏഴാംക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഫാരിസും സഹോദരങ്ങളാണ്. അഭിമാനവിജയം നേടിയ അൽഫിയയെ അഭിനന്ദിക്കാൻ നിരവധിപേരാണ് വീട്ടിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.