സ്വയം നിർമിച്ച വാഹനത്തിൽ സഞ്ചരിച്ച് ആനന്ദും അഭിഷേകും
text_fieldsഅമ്പലപ്പുഴ: സ്വയം നിർമിച്ച വാഹനത്തിൽ സഞ്ചരിച്ച് പ്ലസ് വൺ വിദ്യാർഥികളായ ആനന്ദ് കൃഷ്ണയും അഭിഷേക് ബാബുവും. സൗരോർജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന വാഹനമാണ് ഇരുവരും മൂന്നുമാസത്തെ പരിശ്രമത്തിനൊടുവിൽ നിർമിച്ചത്. മൂന്ന് ചക്രമുള്ള മൂന്നുപേർക്ക് സഞ്ചരിക്കാവുന്ന വാഹനം അമ്പലപ്പുഴ ഗവ. മോഡൽ സ്കൂളിൽ നടന്ന റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേളയിൽ പ്രദർശിപ്പിച്ചു. മാവേലിക്കര മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥികളായ ഇരുവരും ഹയർ സെക്കൻഡറി വിഭാഗം വർക്കിങ് മോഡൽ വിഭാഗത്തിലാണ് മാറ്റുരച്ചത്.
കാറിന് മുകളിൽ സൗരോർജ പാനലും അകത്ത് വൈദ്യുതി സംഭരിക്കാനുള്ള ബാറ്ററിയുമാണ് പ്രധാന ഭാഗങ്ങൾ. 1.30 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ആക്രിക്കടയിൽനിന്ന് ശേഖരിച്ച ഇലക്ട്രിക് സ്കൂട്ടറിന്റെ മോട്ടോറും ടയറുമാണ് വാഹനത്തിന് ഉപയോഗിച്ചത്. മൂന്ന് യൂനിറ്റ് വൈദ്യുതിയിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 21രൂപ മുടക്കിയാൽ 75 കിലോമീറ്റർ വരെ മൈലേജ് കിട്ടും. കുട്ടികളുടെ താൽപര്യം തിരിച്ചറിഞ്ഞ് വീട്ടുകാരാണ് പണം കണ്ടെത്തിയത്.
ചെട്ടിക്കുളങ്ങര കന്നാശ്ശേരിയിൽ പരേതനായ ബാബുവിന്റെയും സുലജയുടെയും മകനാണ് അഭിഷേക്. കഴിഞ്ഞവർഷം നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സൈക്കിളിന്റെ വീൽ കറക്കി വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്ന കണ്ടുപിടിത്തവുമായി എ ഗ്രേഡ് നേടിയിരുന്നു. ചെട്ടിക്കുളങ്ങര ഈരേര നോർത്ത് വാരണേത്ത് കമലാലയം ഹൗസ്ബോട്ട് ഉടമ അശോക്കുമാറിന്റെയും ഈരേര ആയുർവേദ ആശുപത്രിയിലെ ജീവനക്കാരി ബിന്ദുവിന്റെയും മകനാണ് ആനന്ദ്. മൂന്നുമാസത്തെ പരിശ്രമത്തിനൊടുവിൽ നിർമിച്ച കാറിന്റെ കന്നിയാത്ര കാണാൻ മാതാപിതാക്കളും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.