അറബി കാലിഗ്രഫിയിലെ മലയാളി എഴുത്തഴക്
text_fieldsഅറബി കാലിഗ്രഫിയിലെ പാരമ്പര്യ, സമകാലിക രീതികളെ വിവിധ കലാരചനാശൈലികളിലേക്ക് സന്നിവേശിപ്പിച്ച് യു.എ.ഇയിലെ കാലിഗ്രഫി കലാകാരിൽ സ്വന്തമായൊരിടം നേടിയെടുത്തിരിക്കുകയാണ് കണ്ണൂർ നരിക്കോട് സ്വദേശിനി സുമൈറ മുഹമ്മദ് ആഷിഖ്. കുട്ടിക്കാലംതൊട്ട് പഠനത്തോടൊപ്പം ചിത്രകല, പെയിൻറിങ്, ക്രാഫ്റ്റ് തുടങ്ങിയവയിലെല്ലാം സജീവമായിരുന്നെങ്കിലും ഒൻപത് വർഷങ്ങൾക്ക് മുമ്പ് യു.എ.ഇയിൽ എത്തിയതോടെയാണ് ഇലക്ട്രോണിക്സ് എൻജിനീയറായ സുമൈറയുടെ ജീവിതം മാറിമറിഞ്ഞത്. യു.എ.ഇയിലെ ഓരോ നിർമിതിയിലും നിറഞ്ഞുനിൽക്കുന്ന കലാവിഷ്കാരങ്ങൾ കണ്ടതോടെ കലക്കും കാലിഗ്രഫിക്കും എത്രമാത്രം പ്രാധാന്യമാണ് ഈ നാട് നൽകുന്നതെന്ന് തിരിച്ചറിയുകയായിരുന്നു. മാളുകളിലും കെട്ടിടങ്ങളിലും പാതയോരങ്ങളിൽപോലും നിറഞ്ഞുനിൽക്കുന്ന കാലിഗ്രഫിയെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ നിരവധി കലാകാരന്മാരുടെ സൃഷ്ടികൾ കാണാനിടയായി. അക്കൂട്ടത്തിൽ നർജസ് നൂറുദ്ദീൻ, ദിയാ അലാം, അൽ സഈദ്, വിസ്സാം ഷക്കൂർ തുടങ്ങിയവരുടെ കാലിഗ്രഫി കലാസൃഷ്ടികൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് സുമൈറ പറയുന്നു.
തന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാഭിരുചിയും രചനാനൈപുണ്യവും പൊടിതട്ടിയെടുക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടുള്ള നാളുകളിൽ. സ്വന്തം ഭാവനയിൽ തെളിയുന്നതും പ്രകൃതിയിലും ഇൻറർനെറ്റിലും സാമൂഹ്യ മാധ്യമങ്ങളിലും എന്നുവേണ്ട കൗതുക കാഴ്ചകൾ എവിടെ കണ്ടാലും അവയെ സ്വന്തം ശൈലിയിൽ ആവിഷ്കരിക്കാൻ തുടങ്ങി. കലാസൃഷ്ടിയിലെ ടിപ്സും ട്രിക്സും മനസ്സിലാക്കാൻ യൂട്യൂബ് വിഡിയോകളും റീൽസുകളും ഏറെ സഹായകമായി.
ഓൺലൈനിലൂടെ ലഭിച്ച കാലിഗ്രഫി പഠനസാമഗ്രികൾ ഉപയോഗപ്പെടുത്തി നിരന്തര പരിശ്രമത്തിലൂടെ അറബി കാലിഗ്രഫിയിലെ സുലുസ്, സുംബുലി, ദീവാനി, കൂഫി, തുടങ്ങിയ ഒട്ടുമിക്ക ശൈലികളിലുള്ള രചനാ രീതിയും സ്വായത്തമാക്കി. ഇൻറർനെറ്റിൽനിന്നെടുത്ത മോഡലുകൾ പകർത്തിവരച്ച് തുടങ്ങിയ കാലിഗ്രഫി രചന പിന്നീട് സ്വന്തം ശൈലിയിൽ ചെയ്തു തുടങ്ങുകയായിരുന്നു. ആശയങ്ങളുൾക്കൊള്ളുന്ന കാലിഗ്രഫി മാത്രമായും പ്രത്യേക ആശങ്ങളൊന്നുമില്ലാതെ കാഴ്ചക്ക് പ്രാധാന്യം നൽകി അക്ഷരങ്ങളെ അമൂർത്ത രീതിയിൽ വിന്യസിക്കുന്ന ആധുനിക രചനാ രീതിയിലുള്ള കാലിഗ്രഫിയും പരീക്ഷിച്ച് വിജയം നേടി. അമൂർത്ത രചനാ രീതിയിൽ തീർത്ത പ്രതലത്തിലേക്ക് കാലിഗ്രഫിയെകൂടി ഉൾച്ചേർത്തുകൊണ്ടുള്ള രചനാ രീതികളും ഒപ്പം ഡിജിറ്റൽ പെയിൻറിങ്ങിലൂടെ പൂർത്തിയാക്കുന്ന ചിത്രങ്ങൾ വലിയ കാൻവാസിലേക്ക് പ്രിൻറ് ചെയ്തെടുക്കുന്ന രീതിയിലും കലാവിഷ്കാരങ്ങൾ നടത്തുന്നുണ്ടിപ്പോൾ.
യു.എ.ഇയുടെ സഹിഷ്ണുതാ വർഷം ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കാലിഗ്രഫി മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞതാണ് ഏറെ അഭിമാനം തോന്നിയ നിമിഷം. മത്സരവിജയിയായി എന്നതിലുപരി യു.എ.ഇയിലെ അറിയപ്പെട്ട കാലിഗ്രഫി കലാകാരന്മാരെ അടുത്ത് പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും കഴിഞ്ഞതാണ് ഈ മത്സരത്തിലൂടെ ലഭിച്ച ഏറ്റവും വലിയ നേട്ടമായി സുമൈറ കാണുന്നത്. യു.എ.ഇയിലെ പ്രമുഖ എക്സിബിഷനുകളിൽ പലതിലും കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും തത്സമയ കാലിഗ്രഫി രചന നിർവഹിക്കാനും സുമൈറക്ക് അവസരം ലഭിച്ചിട്ടുണ്ട്.
കലാരചനയിലൂടെ ലഭിക്കുന്ന ആത്മ സംതൃപ്തിയാണ് കലയെ ചേർത്തുപിടിക്കാനുള്ള സുമൈറയുടെ പ്രചോദനം. തന്റെ രചനകളിലൂടെ മറ്റുള്ളവരിലേക്കുകൂടി ആനന്ദം പകരനാവുകയെന്നതിലാണ് തന്റെ സന്തോഷം. അങ്ങനെയാണ് സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ തന്റെ സൃഷ്ടികൾ പോസ്റ്റുചെയ്യാൻ തുടങ്ങുന്നത്. അതോടെ ഫോളോ ചെയ്യുന്നവരുടെ എണ്ണം കൂടി എന്നതുമാത്രമല്ല സൃഷ്ടികൾക്ക് ആവശ്യക്കാരുമായി. തുടർന്ന് കാലിഗ്രഫിയുടെയും ചിത്രകലയുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ച് കൂടുതൽ രചനകളിലേക്ക് തിരിഞ്ഞു.
സാമൂഹ്യമാധ്യമത്തിൽ തന്റെ സൃഷ്ടികൾ ശ്രദ്ധയിൽപ്പെട്ട യു.എ.ഇയിലെ പ്രമുഖ ഫർണിച്ചർ കമ്പനിയായ ലാൻറ് മാർക്ക് ഗ്രൂപ്പിന്റെ ഹോംബോക്സ് തങ്ങളുടെ ഉൽപനങ്ങളിൽ ആലേഖനം ചെയ്യുന്നതിന് കാലിഗ്രഫിചെയ്തുകൊടുക്കാനാവശ്യപ്പെട്ടതാണ് സുമൈറയുടെ കലാപ്രയാണത്തിലെ പ്രധാന വഴിത്തിരിവ്. വരുമാനമാർഗമെന്നനിലയിലേക്ക് കൂടുതൽ ക്രിയാത്മകമായി ഇടപെടാൻ തുടങ്ങുന്നത് അവിടം മുതലാണ്. നിലവിൽ വിവിധ ഗാർഹിക അലങ്കാര ഉൽപനങ്ങളുടെ നിർമാതാക്കൾക്ക് ഓർഡർ അനുസരിച്ച് കാലിഗ്രഫിയും ചെയ്തുനൽകുന്നു. യു.എ.ഇക്ക് പുറത്തുനിന്ന്പോലും ആവശ്യക്കാരെത്തിതുടങ്ങിയതോടെ ഡിജിറ്റൽ ആർട്ട് മാധ്യമം ഉപയോഗിച്ചും കലാരൂപം തയാറാക്കുന്നുണ്ട്. ലാൻറ് മാർക്ക് ഗ്രൂപ്പിന്റെ ഹോംബോക്സ്, ഇന്ത്യയിലും യു.എ.ഇയിലും ശാഖകളുള്ള എ.ബി.സി ഉൾപ്പെടെ 38ഓളം ഷോറൂമുകളിലും www.sumaira-arts വെബ്സൈറ്റിലും ഇന്ന് സുമൈറയുടെ ആർട്ട് വർക്കുകൾ ലഭ്യമാണ്.
സ്വപ്രയത്നത്താൽ കലയെയും കാലിഗ്രഫിയെയും വരുതിയിലാക്കി സുമൈറ ഇന്ന് യു.എ.ഇയിലെ അംഗീകാരം ലഭിച്ച പരിശീലകയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അടിസ്ഥാന കാലിഗ്രഫിയിലും അമൂർത്ത ചിത്രരചനയിലുമായി 25ഓളം വർക്ക് ഷോപ്പുകളാണ് സംഘടിപ്പിച്ചത്. ഇപ്പോഴത് മാസത്തിലൊരിക്കലായി നടത്തപ്പെടുന്നു. കാലിഗ്രഫി പഠനത്തിന് താൽപര്യം അറിയിച്ച് കൂടുതൽ അന്വേഷണങ്ങളെത്തിയതോടെ സുലുസ്, സുംബുലി സ്ക്രിപ്റ്റുകളുടെ പരിശീലനം നൽകാൻ സ്വന്തമായി കോഴ്സും തുടങ്ങിയിട്ടുണ്ട്.
കാലിഗ്രഫിയോടൊപ്പം ഡിജിറ്റൽ സാങ്കേതികത കൂടി ഉപയോഗപ്പെടുത്തിയാൽ ഈ മേഖലയിൽ സാധ്യതകളേറെയാണെന്ന തിരിച്ചറിവിൽ ഇനിയും കൂടുതൽ ഉയരങ്ങളിലെത്താനുള്ള ശ്രമത്തിലാണ് സുമൈറ. ചെറുപ്പം തൊട്ട് കലാഭിചുരി തിരിച്ചറിഞ്ഞ് കൈപിടിച്ചുയർത്തിയ മാതാപിതാക്കയായ അബ്ദുൽ സത്താറും റുഖിയയും സഹോദരങ്ങളും തൻറെ കലാവിഷ്ക്കാരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളുമൊരുക്കി പരിപൂർണ പ്രോത്സാഹനവുമായി ഭർത്താവ് മുഹമ്മദ് ആഷിഖും മക്കളായ അയ്മൻ ആഷിഖും ഹനാൻ ആഷിഖും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.