200 ദിനം പിന്നിട്ട് അരുണിമയുടെ ‘വർത്തമാന കടലാസ്’
text_fieldsകൽപകഞ്ചേരി: ‘‘നമസ്കാരം, ‘വർത്തമാന കടലാസി’ലേക്ക് സ്വാഗതം, ഇന്നത്തെ പത്രങ്ങളിലെ പ്രധാന ശീർഷകങ്ങൾ ചുവടെ, അവതരണം സി.പി. അരുണിമ...’’ മലയാളം, ഇംഗ്ലീഷ് പത്രങ്ങളിലെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് സ്വദേശി അരുണിമ അവതരിപ്പിക്കുന്ന വാർത്ത പരമ്പര സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്. ഇതിനകം 200 എപ്പിസോഡുകൾ പൂർത്തിയാക്കിയ ‘വർത്തമാന കടലാസി’ന് സ്വദേശത്തും വിദേശത്തുമായി നിരവധി ശ്രോതാക്കളുണ്ട്. 13 മലയാള പത്രങ്ങളും ആറ് ഇംഗ്ലീഷ് പത്രങ്ങളും നിത്യവും അരുണിമയുടെ വായനയിൽ ഇടംപിടിക്കുന്നു.
അതിരാവിലെ എണീറ്റ് പത്രങ്ങളിൽനിന്ന് വാർത്തകൾ ശേഖരിച്ച് സൂക്ഷ്മതയോടെ കോർത്തിണക്കിയാണ് എല്ലാ ദിവസവും വാട്സ്ആപ് ഓഡിയോ മുഖേന വാർത്തകൾ ശ്രോതാക്കളുടെ കാതുകളിലേക്ക് എത്തിക്കുന്നത്. വാർത്തയോട് അതിയായ താൽപര്യമുള്ള അരുണിമ, കൗതുകത്തോടെ തുടങ്ങിയ വായന, ശ്രോതാക്കൾ ഏറ്റെടുത്ത സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി. വാക്ചാതുര്യംകൊണ്ടും തനത് ശൈലികൊണ്ടും കേൾവിക്കാരുടെ മനം കവർന്ന ‘വർത്തമാന കടലാസ്’ നിരവധി ആളുകളാണ് വാട്സ്ആപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നത്. സ്കൂളിൽ പോകുന്നതിന് മുമ്പായി വീട്ടിലിരുന്നാണ് മൊബൈൽ ഫോണിൽ വാർത്തവായന റെക്കോഡ് ചെയ്യുന്നത്.
തുടർന്ന് വാട്സ്ആപ് ഓഡിയോ വഴി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യും. കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഇക്കണോമിക്സ് വിദ്യാർഥിയാണ് അരുണിമ. പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പ്രാദേശിക ചരിത്രരചന മത്സരത്തിലും വാർത്താവതരണ മത്സരത്തിലും ജില്ലതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കവിതാലാപനം, മോഹിനിയാട്ടം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സാമൂഹിക സാംസ്കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ സി.പി. രാധാകൃഷ്ണൻ -സരളകുമാരി ദമ്പതികളുടെ മകളാണ്. സഹോദരൻ ഏഴാം ക്ലാസുകാരനായ അരുൺ ശ്രീധർ ജില്ല കലോത്സവത്തിൽ അക്ഷരശ്ലോകം എ ഗ്രേഡ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.