നാണയ-സ്റ്റാമ്പ്-കറൻസി ശേഖരം; വിസ്മയം തീർത്ത് അസ്മ
text_fieldsനാണയ, സ്റ്റാമ്പ്, കറൻസി ശേഖരവുമായി അസ്മ
കുന്ദമംഗലം: വിസ്മയം തീർത്ത് നാണയ-സ്റ്റാമ്പ്-കറൻസി ശേഖരവുമായി കുന്ദമംഗലം പന്തീർപ്പാടം കിഴക്കേടത്ത് അസ്മ. മുപ്പതോളം രാജ്യങ്ങളുടെ വിവിധ തരം നാണയങ്ങൾ, നാൽപതിലേറെ രാജ്യങ്ങളുടെ സ്റ്റാമ്പ്, മുപ്പതിലേറെ രാജ്യങ്ങളുടെ കറൻസി എന്നിവയാണ് അസ്മയുടെ അമൂല്യ ശേഖരം.
അപൂർവങ്ങളിൽ അപൂർവമായ വിവിധ നാണയ ശേഖരങ്ങൾ ഉണ്ട്. കേട്ടുകേൾവിയും വായിച്ചറിവും മാത്രമുള്ള പഴയ നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും കറൻസികളുടെയും വിസ്മയിപ്പിക്കുന്ന ശേഖരവുമുണ്ട് അസ്മക്ക്. വളരെ ചെറുപ്പത്തിൽതന്നെ നാണയ, കറൻസി ശേഖരം തുടങ്ങിയിരുന്നു അസ്മ.
കഴിഞ്ഞ 35 വർഷമായി നാണയ, കറൻസി ശേഖരം ഗൗരവമായി കാണുന്നുണ്ട് 58 കാരിയായ അസ്മ. ആദ്യമൊക്കെ തന്റെ ശേഖരങ്ങൾ ഒരു ഹോബിയായിട്ടായിരുന്നുവെങ്കിലും ഇന്ന് പുതുതലമുറക്ക് അറിവുകൾ പകർന്ന് നൽകുന്നതിനാണ് തന്റെ ശേഖരങ്ങൾ എല്ലാം സൂക്ഷിക്കുന്നത്. ഇപ്പോഴും അസ്മ തന്റെ ശേഖരത്തിൽ ഇല്ലാത്ത രാജ്യങ്ങളുടെ കറൻസിയും നാണയവും കിട്ടുവാനുള്ള ശ്രമങ്ങൾ നടത്തുന്നു.
നമ്മുടെ പഴയകാല പൈസകളായിരുന്ന ഓട്ടമുക്കാൽ, അര അണ, കാൽ അണ, ഒരു പൈസ തുടങ്ങി പുതു തലമുറ കാണാത്ത വിവിധയിനം നാണയങ്ങൾ ഉണ്ട്. നാലുതരം അഞ്ച് രൂപ, അഞ്ച് തരം പത്ത് രൂപ തുടങ്ങി കറൻസികളും പലതരമുണ്ട്.
നൂറ്റാണ്ടിനു മുമ്പുള്ള പല രാജ്യങ്ങളുടെയും അപൂർവ കറൻസികളും ഉണ്ട്. അസ്മയുടെ കറൻസി ശേഖരത്തെ കുറിച്ച് അറിഞ്ഞ ബന്ധുക്കൾ വിവിധ രാജ്യങ്ങളിലെ കറൻസികളും നാണയങ്ങളും സ്റ്റാമ്പുകളും എത്തിച്ചുകൊടുക്കാറുണ്ട്.
അമേരിക്ക, സോമാലിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലെ നാണയ, കറൻസികളും നമീബിയ, ബ്രൂണെ, മംഗോളിയ തുടങ്ങി മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനംചെയ്ത വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്. ഭർത്താവ് കെ.കെ.സി. മുഹമ്മദ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സി. നൗഷാദ് മകനാണ്. മറ്റ് മക്കൾ നൗഫൽ, നൗഷിദ.
ലോക സ്റ്റാമ്പ് ശേഖരണ ദിനത്തിന്റെ (ഫിലാറ്റലി ദിനം) ഭാഗമായി സ്റ്റാമ്പ് ശേഖരണത്തിൽ മാതൃകയായ അസ്മക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആദരവ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉപഹാരം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ പൊന്നാട അണിയിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ യു.സി. പ്രീതി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ശബ്ന റഷീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് പാലക്കൽ, സുരേഷ് ബാബു, പി. കൗലത്ത്, ഫാത്തിമ ജസ്‌ലി, ഷമീറ അരിപ്പുറം എന്നിവർ സംസാരിച്ചു. സി.എം. ബൈജു സ്വാഗതവും കെ.കെ.സി. നൗഷാദ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.