ദർശന ടാക്കീസും ഡിസ്കോ തീരവും തിരികെ
text_fieldsതൊടുപുഴ: ചുരിദാറും സാരിയുമൊക്കെയണിഞ്ഞ ഒരുപറ്റം പെൺകുട്ടികൾ വേഗത്തിൽ നടന്നുനീങ്ങുന്നു. ചെവിയിൽ വലിയ പൂക്കളും നെറ്റിയിൽ വട്ടപ്പൊട്ടും മുടിയിൽ വെള്ള റിബണുമൊക്കെയുണ്ട്. കലപില ശബ്ദത്തോടെ ഇവർ നടന്ന് തങ്കം പീടികയും കടന്ന് ദർശന ടാക്കീസിലേക്ക് കയറി. ടാക്കീസിന് സമീപം നാരങ്ങാവെള്ള വിൽപനക്കാരിയും നാട്ടുവർത്തമാനങ്ങൾ നിറയുന്ന ചായക്കടകളും ബസ് സ്റ്റോപ്പും അതിനടുത്തായി ചീട്ടുകളിക്കാരും പൂവാലന്മാരുമൊക്കെയായി ചന്ത സജീവമാണ്. ഇതേത് കാലമെന്ന് സംശയം തോന്നുന്നുണ്ടല്ലെ.
തൊടുപുഴ ന്യൂമാൻ കോളജാണ് വേദി. എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ വ്യത്യസ്ത ലഹരിവിരുദ്ധ കാമ്പയിെൻറ ഭാഗമായി 1956 കാലഘട്ടം കലാലയ മുറ്റത്ത് പുനഃസൃഷ്ടിച്ചിരിക്കുകയാണ് വിദ്യാർഥികൾ. ഇതിനായി പഴയകാല കടകള്‍ മുതല്‍ സിനിമാ കൊട്ടകയും നാരങ്ങാവെള്ള കടയും വരെ ഒരുക്കി. ഓരോ സ്റ്റാളുകള്‍ക്ക് മുന്നിലും വശങ്ങളിലും ലഹരിവിരുദ്ധ സന്ദേശം രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളും തൂക്കി.
'കഴിഞ്ഞുപോയ ലഹരിയില്ല കാലം' എന്ന ആശയത്തിൽ ഒരു മാസത്തെ ലഹരിവിരുദ്ധ പരിപാടികളാണ് കോളജിൽ സംഘടിപ്പിക്കുന്നത്.ഡിസ്കോ തീരവും ദർശന ടാക്കീസുമായിരുന്നു കുട്ടികൾ ഒരുക്കിയ ചന്തയിലെ ഹൈലൈറ്റ്. 10 രൂപ നൽകിയാൽ ടാക്കീസിൽ തിക്കുറിശ്ശി നായകനായ മലയാളത്തിലെ ഹിറ്റ് ചിത്രം 'ജീവിതനൗക' കാണാം. താഴെ തറയിലാണ് ഇരിപ്പിടം. മൂന്ന് ഷോയാണ് നടന്നത്. അഞ്ചുരൂപ നൽകിയാൽ ഓലയും തുണിയും വെച്ച് കെട്ടിയുണ്ടാക്കിയ ഡിസ്കോ തീരത്ത് പാട്ടിനൊപ്പം ഡാൻസ് ചെയ്യാം.
ഇവിടെയും വൻ തിരക്കായിരുന്നു. പ്രദര്‍ശന നഗരിയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. പ്രിന്‍സിപ്പൽ ഡോ. ബിജിമോള്‍ തോമസ്, വൈസ് പ്രിന്‍സിപ്പൽ ഡോ. സാജു എബ്രഹാം, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ ആന്‍റണി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. സിസ്റ്റര്‍ നോയല്‍ റോസ്, ഡോ. ജെറോം കെ. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കാമ്പസില്‍ വിദ്യാര്‍ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. പ്രദർശന നഗരിയിൽ വിൽക്കുന്ന വസ്തുക്കളിൽനിന്ന് ലഭിക്കുന്ന തുക വിധവയായ വീട്ടമ്മക്ക് വീട് നിർമിച്ച് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കോളജ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.