കാലിക്കറ്റ് യൂനിയൻ നയിക്കാൻ വിക്ടോറിയയുടെ പെൺകരുത്ത്
text_fieldsപാലക്കാട്: എട്ടു വർഷത്തിനുശേഷം കാലിക്കറ്റ് സർവകലാശാല യൂനിയൻ യു.ഡി.എസ്.എഫ് തിരിച്ചുപിടിച്ചപ്പോൾ അഭിമാനമായി പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ പി. നിതിൻ ഫാത്തിമ. ഇനി യൂനിയനെ നയിക്കുക ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ഈ കെ.എസ്.യു നേതാവായിരിക്കും. വിക്ടോറിയ കോളജിലെ എം.എസ്.സി സുവോളജി രണ്ടാം വർഷ വിദ്യാർഥിനിയാണ്. ആദ്യമായി യൂനിയൻ മത്സരത്തിനിറങ്ങിയ നിതിന് ചരിത്രവിജയമാണ് സ്വന്തമായത്. ജില്ലയിൽനിന്ന് ആദ്യമായാണ് കാലിക്കറ്റ് സർവകലാശാലയിൽ കെ.എസ്.യുവിന് ചെയർമാൻ സ്ഥാനം ലഭിക്കുന്നത്.
നിതിൻ ഫാത്തിമ ചൊവ്വാഴ്ച പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങി. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിയായ നിതിൻ കോളജിലെ യു.യു.സിയാണ്. വിക്ടോറിയ കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിലും ഫുൾ എ പ്ലസും ഡിഗ്രിക്ക് കോളജ് ടോപ്പറുമായിരുന്നു. പിതാവ് പാറോക്കോട്ടിൽ അഹമ്മദ് സുബൈർ കോൺഗ്രസ് എടത്തനാട്ടുകര മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. മാതാവ് ഷൈമ വീട്ടമ്മയാണ്. നാല് പെൺമക്കളിൽ മൂത്തയാളാണ് നിതിൻ ഫാത്തിമ. സഹോദരങ്ങൾ ഡിഗ്രിക്കും ഒമ്പതാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്നു. പഠനശേഷം സുവോളജിയിൽ ഗവേഷണം നടത്തണമെന്നാണ് നിതിന്റെ ആഗ്രഹം.
കഴിഞ്ഞവർഷം സോണൽ കലോത്സവങ്ങൾ നടന്നിരുന്നില്ലെന്നും ഇത്തവണ പെട്ടെന്ന് നടത്താൻ ശ്രമിക്കുമെന്നും നിതിൻ ഫാത്തിമ പറഞ്ഞു. തൊഴിൽമേള, ഭക്ഷ്യമേള, കാർണിവൽ തുടങ്ങിയവയും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.