സി.ബി.എസ്.ഇ പത്താം ക്ലാസ് മലയാളി വിദ്യാർഥിനി ഐലന്റ് ടോപ്പർ
text_fieldsമനാമ: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ മലയാളി വിദ്യാർഥിനിക്ക് ബഹ്റൈനിൽ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ ഏറ്റവും ഉയർന്ന മാർക്ക്. ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി കൃഷ്ണ ആർ. നായരാണ് 98.2 ശതമാനം മാർക്കോടെ ഐലന്റ് ടോപ്പർ പദവി നേടി അഭിമാനമായത്.
കൃഷ്ണയുടെ ഇരട്ട സഹോദരൻ ശ്രീഹരി മുഴുവൻ വിഷയങ്ങളിലും എ പ്ലസോടെ 96 ശതമാനം മാർക്ക് വാങ്ങിയത് കുടുംബത്തിന് മറ്റൊരു ഇരട്ടി മധുരമായി. മാധ്യമപ്രവർത്തകനും കലാസാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ രാജീവ് വെള്ളിക്കോത്തിന്റെയും ശുഭ പ്രഭയുടെയും മക്കളാണ് ഇരുവരും.
കാസർകോട് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ രാജീവ് 2007 മുതൽ ബഹ്റൈനിലുണ്ട്. ഒരു വയസ്സുള്ളപ്പോൾ ബഹ്റൈനിലെത്തിയ കൃഷ്ണയും ശ്രീഹരിയും എൽ.കെ.ജി മുതൽ ഇന്ത്യൻ സ്കൂളിലാണ് പഠിക്കുന്നത്. ഇരുവരും കലാമേഖലയിലും അഭിനയ രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.
കൃഷ്ണ ആർ. നായർ 2017ലും 2022ലും ഇന്ത്യൻ സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി കലാരത്ന പട്ടം നേടിയിരുന്നു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച നരേന്ദ്ര പ്രസാദ് നാടക മത്സരത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡും കൃഷ്ണക്ക് ലഭിച്ചിട്ടുണ്ട്. 2016ൽ അൽഹൈക്മ ഇന്റർനാഷനൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ സ്പീച്ച് കൊമ്പറ്റീഷനിൽ ബെസ്റ്റ് സ്പീച്ച് ജൂനിയർ അംബാസഡറായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായികകൂടിയായ കൃഷ്ണ വയലിൻ, കീബോർഡ് അടക്കം സംഗീതോപകരണങ്ങളിലും നിപുണയാണ്.
ചിത്രരചനയും വഴങ്ങും. ശ്രീഹരി ഡ്രം, ഫ്ലൂട്ട് എന്നിവ വായിക്കും. പിതാവ് രാജീവാണ് കൃഷ്ണയുടെ സംഗീത ഗുരു. സജികുമാറിന്റെ കീഴിൽ വയലിനും ജോഷി, മനോജ് വടകര എന്നിവരുടെ ശിക്ഷണത്തിൽ കീബോർഡും അഭ്യസിക്കുന്നുണ്ട്. പ്ലസ്ടുവിന് ബയോളജി മെയിനെടുക്കാനാണ് കൃഷ്ണയുടെ തീരുമാനം. മെഡിസിന് ചേരുകയാണ് ലക്ഷ്യം. എൻജിനീയറിങ്ങാണ് ശ്രീഹരി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.