സി.ബി.എസ്.ഇ റോളർ സ്കേറ്റിങ്: ഹർഷിതിന് ഇരട്ട മെഡൽ
text_fieldsദുബൈ: സി.ബി.എസ്.ഇ യു.എ.ഇ ക്ലസ്റ്റർ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മലയാളി താരത്തിന് ഇരട്ട നേട്ടം. ഷാർജ അംബാസഡർ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഹർഷിത് ജയറാമാണ് ഒമ്പത് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണവും വെള്ളിയും സ്വന്തമാക്കിയത്. ഇൻലൈൻ വിഭാഗത്തിൽ വൺ ലാപ് ഇവന്റിലാണ് സ്വർണമെഡൽ നേട്ടം. 1000 മീറ്റർ റേസിലാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇതോടെ, ഒക്ടോബർ 24 മുതൽ 27 വരെ കർണാടകയിലെ ബൽഗാമിൽ നടക്കുന്ന സി.ബി.എസ്.ഇ ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയിരിക്കുകയാണ് ഈ മിടുക്കൻ.
കഴിഞ്ഞ വർഷം നടന്ന സി.ബി.എസ്.ഇ യു.എ.ഇ റോളർ സ്കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ 500 മീറ്റർ റേസിൽ വെള്ളി മെഡൽ നേടിയ ഹർഷിത് ആ വർഷം ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന സി.ബി.എസ്.ഇ ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.
ഷാർജയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ജയറാമിന്റെയും ഗായത്രിയുടെയും മകനാണ് ഹർഷിത്. ഷാർജയിലെ അൽ ഒമർ സ്പോർട്സ് ടീമിലെ ഷാജിൽ, വിറ്റൽ, സദ്ദാം, ഫാസിൽ, അജ്മൽ, മനാഫ് എന്നിവരുടെ കീഴിലാണ് പരിശീലനം. മികച്ച പ്രകടനത്തിലൂടെ ഇത്തവണ ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിലും മെഡൽ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഈ എട്ടു വയസ്സുകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.