പ്രതിഭയുടെ ഉജ്ജ്വല ചാരു
text_fieldsചാരു നൈനിക, കുഞ്ഞുണ്ണി മാഷിെൻറ ഭാഷയിൽ പറഞ്ഞാൽ വായിച്ചു വളരുന്ന കുട്ടി. കേരള സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ പ്രതിഭ
‘‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും’’ -കുഞ്ഞുണ്ണിമാഷ്
ഇത് ചാരു നൈനിക. കുഞ്ഞുണ്ണി മാഷിെൻറ ഭാഷയിൽ പറഞ്ഞാൽ വായിച്ചു വളരുന്ന കുട്ടി. കേരള സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം നേടിയ പ്രതിഭ. കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്നു. വായനയുടെ വഴികൾ സമ്മാനിച്ച വെളിച്ചത്തെ കുറിച്ചാണ് ചാരുവിന് ഏറെയും പറയാനുള്ളത്. എല്ലാ കുട്ടികളെയുംപോലെ കഥകൾ കേട്ടും ചിത്രം വരച്ചും അവൾ വളർന്നു. പക്ഷേ, തനിക്ക് ഏറെ പ്രിയപ്പെട്ട വായനയും എഴുത്തും വരയും ചേർത്തുപിടിച്ചു. അതാണിപ്പോൾ ഉജ്ജ്വലബാല്യം പുരസ്കാരത്തിലെത്തി നിൽക്കുന്നത്. വിവിധ മേഖലകളിൽ അസാധാരണ കഴിവു പ്രകടിപ്പിക്കുന്ന ആറുമുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കാണ് സർക്കാർ പുരസ്കാരം നൽകിവരുന്നത്.
വഴി വെളിച്ചമായത്
ചാരു നൈനികയിൽനിന്ന് പഠിക്കാനേറെയുണ്ട്. പ്രതിഭയുടെ വഴിതെളിഞ്ഞതിനെ കുറിച്ച് അവൾ പറയുന്നതിങ്ങനെ: കുട്ടിക്കാലം മുതൽ കഥകൾ കേട്ടുതുടങ്ങി. അമ്മമ്മയും അമ്മച്ഛനും നിറയെ കഥകൾ പറഞ്ഞുതന്നു. വായിച്ചു കേൾപ്പിച്ചു. കേട്ട കഥകൾ തന്റേതായ രീതിയിൽ പറയാൻ ശ്രമിച്ചു. ശ്രമിച്ചുവെന്നേ പറയാൻ പറ്റൂ. പിന്നെ, എല്ലാ കുട്ടികളെയുംപോലെ കുത്തിവരയും തുടങ്ങി. മൂന്നര വയസ്സു മുതൽ പല രൂപങ്ങൾ വരച്ചു. കുട്ടിയായിരുന്നപ്പോൾ വരച്ച ചിത്രങ്ങൾ അച്ഛനും അമ്മയും ഫോട്ടോയെടുത്ത് സൂക്ഷിച്ചു. അവർ, പറയുേമ്പാഴാണ് ഏത് പ്രായത്തിൽ വരച്ച ചിത്രമാണെന്ന് തിരിച്ചറിയുന്നത്. ഏറെനേരം ചിത്രം വരക്കുന്നതു കണ്ടിട്ട് അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കൾ ജന്മദിനത്തിനും മറ്റും കളർ പുസ്തകങ്ങൾ സമ്മാനിക്കാറുണ്ടായിരുന്നു. ഒന്നാം ക്ലാസിലെത്തിയപ്പോഴാണ് തനിച്ച് വായിച്ചുതുടങ്ങിയത്. അതാകട്ടെ, ബീർബൽ കഥകൾ, റഷ്യൻ നാടോടിക്കഥകൾ പോലുള്ളവയാണ്.
കോവിഡ് കാലത്ത് വീടും പരിസരവും കണ്ടെയ്ൻമെൻറ് സോണായിരുന്നു. പുസ്തകങ്ങൾ ലഭിക്കാൻ പ്രയാസമായി. ആ സമയത്ത് തിരുവനന്തപുരം മോഡേൺ ബുക്സ് സെന്ററിലെ ചിത്രസേനൻ അങ്കിൾ പുസ്തകം തപാൽ വഴി അച്ചുതന്നു. അഞ്ചു പുസ്തകങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിലൊന്നായിരുന്നു ആസ്ട്രേലിയൻ എഴുത്തുകാരൻ പീറ്റർ കാർണവാസിന്റെ ‘ദ എലിഫൻറ്’ എന്ന പുസ്തകം. ഈ പുസ്തകം എനിക്ക് ഏറെ ഇഷ്ടമായി. അതിനുകാരണം അതൊരു കുട്ടിയും ഗ്രാൻഡ് ഫാദറുമായുള്ള അടുപ്പത്തെ കുറിച്ചുളള കഥയാണ്. കുട്ടിയുടെ അമ്മ മരിച്ചതിനെ തുടർന്ന് പിതാവ് മാനസികമായി തകർന്നു. ഈ വേളയിലാണ് ഗ്രാൻഡ് ഫാദറുമായുള്ള ബന്ധം ഏറെ ഊഷ്മളമാകുന്നത്. കുട്ടിയുടെ പേര് ഒലീവ് എന്നായിരുന്നു. ആ പുസ്തകം എന്നെ സ്വാധീനിക്കാൻ പ്രധാനകാരണം ഞാനും ഗ്രാൻഡ് ഫാദറും തമ്മിലുള്ള അടുപ്പമായിരുന്നു. പിന്നീട് ഞാൻ പുസ്തകത്തിന്റെ റിവ്യൂ എന്റെ യൂട്യൂബ് ചാനലിൽ ചെയ്തു. ആദ്യം മലയാളത്തിലാണ് ആ പുസ്തകത്തെ കുറിച്ച് റിവ്യൂ ചെയ്തത്. അത്, ഏറെ പേർക്ക് ഇഷ്ടപ്പെട്ടതായി പറഞ്ഞു. പിന്നെ ഞാനതിെൻറ ഇംഗ്ലീഷ് റിവ്യൂ ചെയ്തു. അത്, പീറ്റർ കാർണവാസിന്റെ ശ്രദ്ധയിൽപെട്ടു. അദ്ദേഹം എന്നെ മെയിൽ വഴി അഭിനന്ദിച്ചു. എഴുതാൻ കഴിവുണ്ടെന്ന് അദ്ദേഹം ആ സന്ദേശത്തിൽ പറഞ്ഞു. അത്, എന്നെ എഴുതാൻ പ്രേരിപ്പിച്ചു.
കോവിഡ് സമയത്ത് എനിക്ക് സ്കൂളിൽ പോകാൻ കഴിയാത്തത് ഏറെ പ്രയാസമുണ്ടാക്കി. അതിനാൽ, അച്ഛനോടൊപ്പം മാസത്തിൽ രണ്ടുതവണ സ്കൂൾ കാണാൻ പോകുമായിരുന്നു. കൂട്ടുകാരെ കാണാൻ കഴിയാത്തത് വലിയ ദുഃഖമായി. എല്ലാവരുടെയും അനുഭവം ഇതുതന്നെയായിരിക്കും.
വായന ഏറെ സന്തോഷം പകർന്നു. ഇതിനിടയിൽ ഏറ്റവും സ്വാധീനിച്ച ഒരു പുസ്തകം പറയാൻ കഴിയില്ല.
വായിച്ച ഓരോ പുസ്തകത്തിൽനിന്നും എനിക്ക് എന്തെങ്കിലും ലഭിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
നിലവിൽ, യൂട്യൂബ് ചാനലിൽ 50ലേറെ ബുക്ക് റിവ്യൂ ചെയ്തു. എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധിച്ചതോടെ ചാനലിൽ സജീവമാകാൻ കഴിഞ്ഞില്ല. എന്നാൽ, പലരും ഇപ്പോഴും പറയുന്നുണ്ട്. ചാരു വീണ്ടും വിഡിയോ ചെയ്യണമെന്ന്. നിലവിൽ രണ്ടു വർഷത്തിനിടയിൽ ഞാൻ 200ഓളം പുസ്തകം വായിച്ചുകഴിഞ്ഞു. ഇതിെൻറയെല്ലാം റിവ്യൂ ചെയ്യണമെന്നുണ്ട്. ഞാൻ വീണ്ടും സജീവമാകും. ഏറ്റവും വലിയ സ്വപ്നം ഏറെ വായിക്കുകയും എഴുതുകയും തന്നെയാണ്.
എഴുത്തനുഭവം
യൂട്യൂബ് ചാനലിൽ സജീവമായി നിന്ന ചാരു എഴുത്തിലേക്ക് തിരിഞ്ഞു. അത്, ‘ദ അൺനോൺ ഫ്രണ്ട്’ എന്ന നോവലായി പ്രസിദ്ധീകരിച്ചു. തന്റെ നോവലും യൂട്യൂബ് ചാനലിലൂടെ വായനക്കാർക്കായി പരിചയപ്പെടുത്തി. അത്തരമൊരു എഴുത്തിന് പ്രേരണയായത് പ്രിൻസിപ്പലായ ഡോ. ബിജു ജോൺ വെള്ളക്കടയും പീറ്റർ കാർണവാസുമായിരുന്നു.
ബോർഡിങ് സ്കൂളിൽ പഠിക്കുന്ന മിയ എന്ന കുട്ടിയുടെ കഥയാണിത്. തന്റെ തന്നെ ഓർമകൾ ചേർത്തുവെച്ചാണ് നോവൽ എഴുതിയതെന്ന് ചാരു പറയുന്നു. ബോർഡിങ്ങിൽ കഴിയേണ്ടിവന്ന കുട്ടികളുടെ നൊമ്പരവും സ്കൂളിലെ സഹപാഠികളോടൊപ്പമുള്ള സന്തോഷങ്ങളും നോവലായി എഴുതിയതുകൂടി പരിഗണിച്ചാണ് ചാരു നൈനികക്ക് സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം.
DoodleCharu എന്ന യൂട്യൂബ് ചാനലിലെ പുസ്തക റിവ്യൂവും പുരസ്കാര നിർണയത്തിന് കാരണമായി. ചിത്രംവരയിൽ താൽപര്യമുള്ള ചാരുതന്നെയാണ് നോവലിന്റെ പുറംചട്ടയും ചിത്രങ്ങളും ഒരുക്കിയത്. സിൽവർ ഹിൽസ് സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുമ്പോഴാണ് ചാരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് തിരുവങ്ങൂരുകാരിയായ ചാരു. സംരംഭകയായ തിരുവങ്ങൂർ ‘അഞ്ജലി’യിൽ അഞ്ജലി ചന്ദ്രന്റെയും എച്ച്.ഡി.എഫ്.സി ബാങ്ക് കേരള ട്രെയിനിങ് മാനേജർ ജി.എൽ. ലാജുവിന്റെയും മകളാണ് ചാരു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.