ചതുരക്കളത്തിൽ മിന്നും താരമായി വീണ്ടും ഷയാൻ
text_fieldsദുബൈ: ചതുരക്കളത്തിൽ ഇന്ത്യയുടെ അഭിമാനമായി വീണ്ടും മുഹമ്മദ് ഷയാൻ. 19 മുതൽ 28 വരെ മലേഷ്യയിൽ നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിലും വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ഈ എട്ടു വയസ്സുകാരൻ. പ്രായത്തിൽ തന്നേക്കാൾ മുതിർന്നവരെ നിഷ്പ്രഭമാക്കിയാണ് ഷയാൻ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയത്.
ചില സാങ്കേതിക കാരണങ്ങളാൽ എട്ടു വയസ്സുകാരനായ ഷയാന് പത്തു വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ മത്സരിക്കേണ്ടിവരുകയായിരുന്നു. ഇന്ത്യയെ കൂടാതെ ആസ്ട്രേലിയ, മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, മാൾട്ട, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, എം.ആർ.ഐ തുടങ്ങിയ 11 രാജ്യങ്ങളിൽനിന്ന് 18 മത്സരാർഥികളാണ് ആഗോള തലത്തിൽ ഏറ്റുമുട്ടിയത്. ഒമ്പതു റൗണ്ടിൽ ഏഴു പോയന്റുമായി റണ്ണറപ്പാണ് ഷയാൻ. രണ്ട് കളി സമനില നേടുകയും ബാക്കി മത്സരങ്ങളിലെല്ലാം വിജയം നേടുകയും ചെയ്തു.
കഴിഞ്ഞ വർഷം ജോർജിയയിൽ നടന്ന ലോക കാഡറ്റ് ആൻഡ് യൂത്ത് റാപ്പിഡ് ചെസ് ചാമ്പ്യൻഷപ്പിൽ എട്ട് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഷയാൻ ചാമ്പ്യനായിരുന്നു. യു.എ.ഇയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി നൗഷാദിന്റെയും സജ്നയുടെയും മകനാണ് ദുബൈ ഇന്ത്യൻ ഹൈസ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഷയാൻ.
യു.എ.ഇയിലെ ഷാർജ ചെസ് ക്ലബിലെ ഉസ്ബകിസ്താൻ സ്വദേശിയും ഗ്രാൻഡ് മാസ്റ്ററുമായ അലക്സി ബാർസ്നൗ, തിരുവനന്തപുരത്തെ മാസ്റ്റേഴ്സ് അകാദമിയിലെ ശ്രീജിത്ത് എന്നിവരാണ് കോച്ചുമാർ. ഏപ്രിൽ അവസാനത്തിൽ അൽബേനിയയിൽ നടക്കുന്ന മത്സരത്തിൽ വൈൽഡ്കാർഡ് എൻട്രിയും ഷയാൻ നേടിക്കഴിഞ്ഞു. സൂപ്പർ ഗ്രാൻഡ് മാസ്റ്ററാവണമെന്നാണ് ആഗ്രഹം.
നിലവിൽ അരീന ഫിഡെ മാസ്റ്ററാണ് ഷയാൻ. അൽഐനിൽ വെച്ച് നടന്ന ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ എട്ടു വയസ്സിന് താഴെ വിഭാഗത്തിൽ ഇന്ത്യക്കായി ഗോൾഡ് മെഡലും ഷയാൻ സ്വന്തമാക്കിയിരുന്നു. ഇത്തിഹാദ് കൽബ ചെസ് ക്ലബിന്റെ പേരിലാണ് യു.എ.ഇയിൽ ഷയാൻ കളിക്കുന്നത്. സഹോദരനും ദുബൈ ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥിയുമായ സൈഫാനും മികച്ച ചെസ് കളിക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.