നാടൊരുമിച്ചു; ചിത്രക്കും ലേഖക്കും ഇന്ന് കല്യാണം
text_fieldsശാസ്താംകോട്ട: നാടൊരുക്കിയ സ്നേഹത്തണലിൽ ലേഖക്ക് ശ്യാമും ചിത്രക്ക് കപിൽരാജും വ്യാഴാഴ്ച രാവിലെ 10നും 12നും ഇടക്കുള്ള മൂഹൂർത്തത്തിൽ താലി ചാർത്തും. പടിഞ്ഞാറെ കല്ലട വലിയപാടം ചിത്രാനിവാസിൽ ശിവസുതന്റെയും പരേതയായ സുശീലയുടെയും മക്കളാണ് ചിത്രയും ലേഖയും.
ഇരുവരും ഇപ്പോൾ കഴിയുന്നത് കൊല്ലത്തെ മഹിളാ മന്ദിരത്തിലാണ്. ലേഖയെ മൈനാഗപ്പള്ളി വേങ്ങ തൈവിള കിഴക്കതിൽ എസ്. ശ്യാമും ചിത്രയെ കുന്നത്തൂർ പുത്തനമ്പലം ശാന്തി ഭവനിൽ കപിൽരാജുമാണ് വിവാഹം കഴിക്കുന്നത്.
ശ്യാം ഗൾഫിലാണ് ജോലി ചെയ്യുന്നത്. പിതാവിന്റെ വർക്ക്ഷോപ് നോക്കി നടത്തുകയാണ് കപിൽ രാജ്. വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്ടിൽ നിന്നു കുന്നത്തൂരിലെത്തി സ്ഥിരതാമസം ആയവരാണ് കപിലിന്റെ കുടുംബം. മാതാവിന്റെ മരണശേഷം തങ്ങൾ സുരക്ഷിതരല്ലെന്ന് യുവതികൾ ബ്ലോക്ക് പഞ്ചായത്തംഗം രതീഷിനെ അറിയിച്ചതോടെയാണ് ഇരുവരുടെയും ജീവിതം മാറിമറിയുന്നത്.
ഈ വിവരം അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണിക്കൃഷ്ണനെ അറിയിക്കുകയും ഇരുവരും ചേർന്ന് ലേഖയുടെയും ചിത്രയുടെയും ബന്ധുക്കളെ സമീപിക്കുകയും ചെയ്തു.
എന്നാൽ ബന്ധുക്കളെല്ലാം കൈമലർത്തി. തുടർന്ന് കോർപറേഷൻ അധ്യക്ഷയുമായി ബന്ധപ്പെട്ടതോടെയാണ് ഒരുവർഷം മുമ്പ് മഹിളാ മന്ദിരത്തിലേക്കുള്ള വഴി തുറന്നത്. ഇതിനിടയിലാണ് പഴയ സതീർഥ്യർ ലേഖയുമായും ചിത്രയുമായുമുള്ള പ്രണയം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. കോർപറേഷൻ അധികൃതരാണ് യുവതികൾക്ക് അണിയാനുള്ള സ്വർണാഭരണങ്ങൾ എത്തിച്ചത്.
വ്യാഴാഴ്ച ആയുർവേദ ഹാളിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ നാട്ടുകാർക്കും വരന്മാരുടെ ബന്ധുക്കൾക്കുമൊപ്പം മന്ത്രി ജെ. ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കലക്ടർ അഫ്സാന പർവീൺ, മേയർ പ്രസന്ന ഏണസ്റ്റ് ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. നാട്ടുകാർ നൽകുന്ന സംഭാവനയിൽ വിവാഹത്തിന് ചെലവാകുന്ന തുക കഴിച്ച് ബാക്കി ലേഖയുടെയും ചിത്രയുടെയും പേരിൽ നിക്ഷേപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.