‘ദൈവം തന്നതല്ലാതൊന്നും ഇല്ല’ ഈ സംഗീത ജീവിതത്തിൽ
text_fieldsമനാമ: ‘‘ദൈവം തന്നതല്ലാതൊന്നും’’ എന്ന ഒരൊറ്റ പാട്ടിലൂടെ ജനഹൃദയങ്ങളെ കീഴടക്കുമ്പോൾ മൂന്നു ഗാനങ്ങൾ മാത്രം റെക്കോഡ് ചെയ്യപ്പെട്ട ഗായികയായിരുന്നു ചിത്ര അരുൺ. ജനലക്ഷങ്ങളെ ഭക്തിയുടെ അത്യുന്നതശൃംഗങ്ങളിലേക്കാണ് 2018ൽ പുറത്തിറങ്ങിയ ആ ക്രിസ്തീയ ഭക്തിഗാനം ഉയർത്തിയത്. ജാതിമതഭേദമില്ലാതെ ആ ഗാനം ആസ്വാദകർ ഏറ്റെടുത്തു. രാജേഷ് അത്തിക്കയത്തിന്റെ മനസ്സിനെ തൊട്ടുണർത്തുന്ന വരികൾ. ജോജി ജോൺസിന്റെ സംഗീതം. ആ പാട്ടുകേൾക്കുമ്പോൾ കരഞ്ഞുപോകുന്നെന്ന് നിരവധിപേർ നേരിട്ടുപറഞ്ഞിട്ടുണ്ടെന്ന് ചിത്ര അരുൺ പറയുന്നു. ഒരൊറ്റ പാട്ടിലൂടെ ചിത്രയുടെ ജീവിതമാകെ മാറിമറിയുകയായിരുന്നു. തുടർന്നുള്ള ഓരോ പാട്ടിലും തന്റെ കൈയൊപ്പ് പതിപ്പിച്ചുകൊണ്ട് യുവഗായകനിരയിൽ ചിത്ര തന്റെ സ്ഥാനം ഉറപ്പിക്കുകതന്നെ ചെയ്തു.
യൂട്യൂബിൽ ലഭ്യമായ നിരവധി ഹൃദ്യമായ ഗാനങ്ങളിലൂടെ പ്രവാസികൾ പരിചയപ്പെട്ട ആ ഗായികയെ നേരിട്ടുകേൾക്കാനുള്ള അവസരമൊരുക്കുകയാണ് ‘ഗൾഫ് മാധ്യമം’. ഈ മാസം മുപ്പതിന് ക്രൗൺപ്ലാസയിൽ നടക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ പരിപാടിയിൽ നിങ്ങളുടെ പ്രിയതാരങ്ങളോടൊപ്പം ചിത്ര അരുണും വേദി കൈയടക്കും. പാലക്കാട് ചിറ്റൂർ കോളജിൽനിന്ന് സംഗീതത്തിൽ ബിരുദവും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയ ചിത്ര ഒന്നാം റാങ്കോടെയാണ് പാസായത്.
മാവേലിക്കര പി. സുബ്രഹ്മണ്യന്റെ ശിഷ്യകൂടിയായ ചിത്ര ശാസ്ത്രീയ സംഗീതത്തിലും തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ‘ഇഷ്ടമായി വന്ന പ്രണയം’ എന്ന ഹിറ്റ് ആൽബത്തിലെ ‘‘ഞാനറിയാതെ ഞാൻ പറയാതെ എന്നിഷ്ടമായി വന്ന പ്രണയമേ...’’ എന്ന ഗാനം യുവഹൃദയങ്ങളിൽ സംഗീതത്തിന്റെ പുതുമഴ പെയ്യിച്ചു. 2020 ലെ എറ്റവും മികച്ച ഓണപ്പാട്ടുകൾ ചിത്ര പാടിയ ആൽബത്തിലേതായിരുന്നെന്ന വിലയിരുത്തലിന് മറിച്ചൊരു അഭിപ്രായമില്ലായിരുന്നു. ‘‘മുത്തുക്കുട നിവർത്തി മുത്തണിത്താരങ്ങൾ....’’ നീലാമ്പലിൻ ചേലോർമയോ.... നീയെന്നിലായി ചായുന്നുവോ... എന്നീ ഗാനങ്ങളും യുവജനോത്സവ വേദികളെ കീഴടക്കിയ ‘‘പുഴയുടെ തീരത്തൊരുത്രാടരാവിൽ....... ’’ എന്ന ഗാനവും ലളിതസംഗീതത്തിന്റെ ശാലീനസൗന്ദര്യം ചൊരിഞ്ഞവയായിരുന്നു.
പിന്നീട് നിരവധി സിനിമകളിലും പാടി. റാണി പത്മിനിയിലെ ‘ഒരു മകരനിലാവായി’ എന്ന ഗാനവും രക്ഷാധികാരി ബൈജുവിലെ ‘ഞാനീ ഊഞ്ഞാലിൽ’ എന്ന ഗാനവും ശ്രദ്ധപിടിച്ചുപറ്റി. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല എന്നതാണ് ചിത്രയുടെ അനുഭവം. പാലക്കാട്ടുകാരിയായ ചിത്ര ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. ഭർത്താവ്: അരുൺ, മക്കൾ ആനന്ദ്, ആരാധ്യ. ‘ബഹ്റൈൻ ബീറ്റ്സ്’ ടിക്കറ്റുകൾ 34619565 നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. വനേസ്സ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.