വിവാഹത്തിന് പിതാവ് വേണമെന്ന് മകൾ; സാക്ഷാത്കരിച്ച് ദുബൈ ജയിലധികൃതർ
text_fieldsദുബൈ: വിവാഹ ചടങ്ങുകൾക്ക് സാക്ഷിയാകാൻ ജയിലിൽ കഴിയുന്ന പിതാവിനെ അനുവദിക്കണമെന്ന മകളുടെ ആഗ്രഹം സാക്ഷാത്കരിച്ച് ദുബൈ അധികൃതർ. ദുബൈ ജയിൽ വകുപ്പാണ് അറബ് പെൺകുട്ടിയുടെ സ്വപ്നസാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്. തന്റെ ആഗ്രഹം സഫലമാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി അധികൃതർക്ക് എഴുതിയ കത്ത് വകുപ്പ് മേധാവികൾ പരിഗണിച്ചാണ് നടപടി.
അറബ് വംശജനായ വ്യക്തിയുമായാണ് പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ച് പിതാവിന്റെ അനുവാദവും സാന്നിധ്യവും വിവാഹത്തിന് അനിവാര്യമാണെന്ന് അവർ കത്തിലൂടെ ചൂണ്ടിക്കാണിക്കുകയായിരുന്നു.
ജീവിതത്തിലെ അതിപ്രധാനമായ സന്ദർഭത്തിൽ പിതാവിന്റെ സാന്നിധ്യം കുടുംബജീവിതത്തിലാകെ സ്വാധീനിക്കുമെന്നും കത്തിൽ വ്യക്തമാക്കി. പെൺകുട്ടിയുടെ അപേക്ഷ വിശകലനം ചെയ്യുകയും കുടുംബത്തിൽ പിതാവിന്റെ സ്ഥാനവും മറ്റു സാമ്പത്തികവും വൈകാരികവുമായ ഘടകങ്ങളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് ജയിൽ വകുപ്പ് ഡയറക്ടർ ബ്രി. മർവാൻ ജൽഫാർ പറഞ്ഞു.
സമൂഹത്തിൽ ആഹ്ലാദം നിറക്കുന്നതിന് വകുപ്പ് ഒരുക്കുന്ന വിവിധ മാനുഷിക സംരംഭങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നതായി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പെൺകുട്ടിയുടെ സന്തോഷം ഉറപ്പുവരുത്തുന്നതിന് വിവാഹവേദി മാത്രമല്ല, മറ്റു സഹായങ്ങളും അധികൃതർ നൽകി.
പുതിയ വീട് ഒരുക്കുന്നതിനുള്ള സഹായം നൽകിയതിനൊപ്പം പിതാവിന്റെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് സഹായിക്കുന്ന ആഹ്ലാദകരമായ കല്യാണവേദി ഒരുക്കുന്നതിലും അധികൃതർ ഭാഗവാക്കായി. വിവാഹത്തിന് കാർമികത്വം വഹിച്ച ശൈഖ് അഹ്മദ് അൽ ശൈഹിക്ക് ബ്രി. ജൽഫാർ നന്ദിയറിയിച്ചു. വധുവും പിതാവും വരനും ദുബൈ പൊലീസിന്റെ നടപടികൾക്ക് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.