വൈകല്യം തളർത്തിയില്ല; അക്ഷയ്യുടെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും ഫുൾസ്റ്റോപ്പില്ല
text_fieldsതിരുവനന്തപുരം: ജന്മനാ കേൾവിശക്തിയും സംസാരശേഷിയും ഇല്ലെങ്കിലും ഈ 18കാരന് അത് തന്റെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും ഒരിക്കലും ഒരു തടസ്സമല്ല. വോളിബാൾ താരം ആകണം എന്നതാണ് ആഗ്രഹമെങ്കിലും ചിത്രരചനയും, ബോട്ടിൽ ആർട്ടും, വെജിറ്റബിൾ പ്രിൻറിങ്ങും ഉൾപ്പെടെ കലാ-കായിക രംഗത്ത് മുദ്ര പതിപ്പിക്കുകയാണ് അക്ഷയ് സുരേഷ്.
കൊല്ലം നിലമേൽ കുന്നുംപുറം അമ്പാടിയിൽ സുരേഷ് കുമാർ-രാജലക്ഷ്മി ദമ്പതികളുടെ മൂത്തമകനാണ് ജന്മനാ കേൾവശക്തിയും സംസാരശേഷിയും ഇല്ലാത്ത അക്ഷയ്. കുഞ്ഞുനാൾ മുതൽക്കെ വീടിന്റെ ചുമരിലും നിലത്തും ചിത്രങ്ങൾ വരക്കുമായിരുന്നു. അക്ഷയ്യുടെ ഇൗ വാസന മനസ്സിലാക്കി മാതാപിതാക്കൾ വേണ്ടതായ പ്രചോദനം നൽകി. മൂന്നു വയസ്സുവരെ ആക്കുളം നിഷിലാണ് പഠിച്ചത്. ശേഷം, മൂന്നാം ക്ലാസ് വരെ സാധാരണ കുട്ടികൾക്ക് ഒപ്പമായിരുന്നു പഠനം.
പിന്നീട് സമീപത്തെ ഒരു സ്വകാര്യ സ്കൂളുകളിലും തുടർന്ന് ആറാം ക്ലാസിൽ വാളകം സി.എസ്.ഐ എച്ച്.എസ്.എസ് ഫോർ ഡെഫ് എന്ന സ്കൂളിലും എത്തി. ഇവിടെ വെച്ചാണ് അക്ഷയ് വെജിറ്റബിൾ പ്രിൻറിങ് എന്ന കല പഠിക്കുന്നത്. പച്ചക്കറികൾ ഓരോ രൂപങ്ങളുടെ ആകൃതിയിൽ മുറിച്ചെടുത്ത് അതിൽ ചായം പുരട്ടി തുണികളിൽ പതിച്ച് ചിത്രങ്ങൾ വരക്കുന്നത് ആണ് വെജിറ്റബിൾ പ്രിൻറിങ്. ഈ ഇനത്തിൽ അടുപ്പിച്ച് മൂന്നുവർഷവും സംസ്ഥാന സ്പെഷൽ സ്കൂൾ ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് അക്ഷയ് കരസ്ഥമാക്കി.
വരക്കുന്ന ചിത്രങ്ങളും ബോട്ട്ൽ ആർട്ടുകളും, ക്രാഫ്റ്റ് സാധനങ്ങളും സുഹൃത്തുക്കൾക്ക് പരിചിതർക്കും അക്ഷയ് സമ്മാനമായി നൽകും. സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട്, നാടകം എന്നീ വിഭാഗങ്ങളിലും നിരവധി സമ്മാനങ്ങൾ അക്ഷയ്ക്ക് ലഭിച്ചിട്ടുണ്ട്. കായിക ഇനങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. റിലേ ഉൾപ്പെടെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും അക്ഷയ്ക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ അക്ഷയ്ക്ക് സിവിൽ എൻജിനീയർ ആകണമെന്നാണ് ആഗ്രഹം. ഇതിനായി എറണാകുളം അല്ലെങ്കിൽ കോഴിക്കോട് ജില്ലയിലെ ബധിര വിദ്യാർഥികൾക്കായുള്ള പോളിടെക്നിക് കോളജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്നതും കാത്തിരിക്കുകയാണ്. കൂടാതെ, വോളിബാൾ താരമാകണമെന്ന മോഹവും. ഇത്തരം കുട്ടികൾക്ക് അതിനുള്ള പരിശീലനം നൽകുന്ന വിദ്യാലയങ്ങളെ കുറിച്ചോ അവിടേക്കുള്ള സെലക്ഷനുകളെ കുറിച്ചോ അറിവില്ലെന്ന് മാതാപിതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.