വര ഹരമാക്കി ദിയ ഫാത്തിമ
text_fieldsകായംകുളം: മനസ്സിൽ പതിഞ്ഞവ കാൻവാസുകളിലേക്ക് പകർത്തുന്നതിലൂടെ കുഞ്ഞുപ്രായത്തിൽ വൈറലാവുകയാണ് പുള്ളിക്കണക്ക് എൻ.എസ്.എസ് സ്കൂളിലെ ദിയ ഫാത്തിമ.
പ്രകൃതിയെ പ്രമേയമാക്കിയുള്ള വരകളാണ് ദിയയെ വേറിട്ടുനിർത്തുന്നത്. സഞ്ചാരവഴികളിലെ കാഴ്ചകളും വരകളിലൂടെ തെളിയുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഈ കൊച്ചുമിടുക്കി ഇപ്പോൾ സമൂഹമാധ്യമങ്ങളിലെയും താരമാണ്. നൂറുകണക്കിന് ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും ‘നഗര സൗന്ദര്യവത്കരണ’ പദ്ധതിയിലെ ചിത്രരചനയിൽ പങ്കാളിയായതോടെയാണ് ശ്രദ്ധനേടുന്നത്. പനിക്ക് ചികിത്സ തേടിയുള്ള ഗവ. ആശുപത്രി യാത്രയാണ് ഇതിന് നിമിത്തമായത്.
ആശുപത്രിയിൽനിന്ന് റോഡിലേക്ക് എത്തുമ്പോൾ ബോയ്സ് സ്കൂളിലെ മതിലിൽ ഒരുകൂട്ടം ചിത്രകാരന്മാർ മനോഹര ദൃശ്യങ്ങൾ വരക്കുന്നതാണ് കണ്ണിലുടക്കിയത്. ഇതോടെ പനിയുടെ ആലസ്യം പമ്പകടന്ന ദിയ ഏറെനേരം മാതാവിനൊപ്പം ആസ്വാദകയായി മാറി. ദിയയുടെ താൽപര്യം തിരിച്ചറിഞ്ഞവർ ഒപ്പം കൂട്ടിയതോടെ മണിക്കൂറുകൾക്കുള്ളിൽ സാമൂഹിക ഉള്ളടക്കമുള്ള മനോഹരമായ ദൃശ്യം മതിലിൽ പതിപ്പിക്കാനായി. സ്കൂൾ ഭിത്തിയിൽ ചിത്രം വരക്കുന്ന ദിയയുടെ ചിത്രം വളരെ വേഗം സമൂഹികമാധ്യമങ്ങളിലും ഇടംനേടിയതോടെയാണ് വൈറൽ താരമാകുന്നത്.
ചിത്രകലയിൽ കമ്പമുള്ള പെരുങ്ങാല കാരൂട്ടിൽ കിഴക്കതിൽ അനീസ്-ഷമി ദമ്പതികളുടെ മകളായ ദിയ എൽ.കെ.ജി ക്ലാസ് മുതൽ വരച്ചു തുടങ്ങിയിരുന്നു. മാതൃവിദ്യാലയമായ പുള്ളിക്കണക്ക് സ്കൂൾ ഭിത്തികളിലും ദിയയുടെ ചിത്രങ്ങൾ സ്ഥാനംപിടിച്ചിട്ടുണ്ട്. ചിത്രരചനക്ക് ഒപ്പം നൃത്തത്തിലും പാട്ടിലും അഭിരുചിയുണ്ട്. സഹോദരങ്ങളായ ദാന ഫാത്തിമക്കും ദിയാൻ മുഹമ്മദിനും ചിത്രകല പെരുത്തിഷ്ടമാണ്. നാല് വയസ്സുകാരനായ ദിയാൻ പ്രായംകുറഞ്ഞ ചിത്രകാരൻ എന്ന പുരസ്കാരവും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.