മംസാറിൽ നീരാടി സമീഖ്; നിർത്താതെ നീന്തിയത് 25 കിലോമീറ്റർ
text_fieldsദുബൈ: 14 മണിക്കൂർ, 25 കിലോമീറ്റർ... ആലുവ സ്വദേശി അബ്ദുൽ സമീഖ് ദുബൈ മംസാർ ബീച്ചിൽ നീന്തിത്തുടിച്ച സമയവും ദൂരവുമാണിത്. ഉപ്പുവെള്ളത്തിലെ നീന്തലിനിടയിൽ നല്ല വെള്ളം കുടിക്കാൻ നിർത്തിയതൊഴിച്ചാൽ ഇടവേളകളില്ലാതെയായിരുന്നു സമീഖിന്റെ നീന്തൽ. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് വെല്ലുവിളി ഏറ്റെടുത്ത് നീന്തിയത്. ദുബൈയിൽ ഇത്രയും ദൂരം നിർത്താതെ നീന്തിയ മറ്റൊരാൾ ഉണ്ടാവില്ലെന്ന് കരുതുന്നതായി സമീഖിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
രാവിലെ 4.20നാണ് നീന്തൽ തുടങ്ങിയത്. ലക്ഷ്യമിട്ട 25 കിലോമീറ്റർ പിന്നിട്ടപ്പോൾ സമയം വൈകീട്ട് 6.10. കഴിഞ്ഞ വർഷം ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സുഹൃത്ത് പ്രദീപ് നായർ 21 കിലോമീറ്റർ നീന്തിയിരുന്നു. ഇത് മറികടക്കുന്ന പ്രകടനമായിരുന്നു സമീഖിന്റേത്. 800 മീറ്ററിലേറെ ദൂരമുള്ള മംസാർ ബീച്ച് 30 തവണയിലേറെ സമീഖ് വലംവെച്ചു. ഉപ്പുവെള്ളത്തിലെ നീന്തലിനൊടുവിൽ കണ്ണ് ചുവന്ന് തുടുത്തിരിക്കുകയാണ്. ഗാർഡുമാരുടെ പിന്തുണയും സംരക്ഷണവും നീന്തലിനുണ്ടായിരുന്നു.
യു.എ.ഇയിലെ മലയാളി റൈഡർമാരുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് അംഗമാണ്. മുമ്പ് ദുബൈയിൽതന്നെ 15 കിലോമീറ്റർ നീന്തിയ സമീഖ് കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയപ്പോൾ ആലുവ പുഴയിൽ 10 കിലോമീറ്റർ നീന്തിയിരുന്നു. ഓട്ടവും സൈക്ലിങ്ങും നീന്തലുമാണ് ഇഷ്ടവിനോദം. മാരത്തൺ ഓട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 20 വർഷമായി പ്രവാസജീവിതം നയിക്കുന്ന സമീഖ് ഭാര്യ ഷറീനക്കും മക്കളായ നിഹാനും നൈറക്കുമൊപ്പം ദുബൈയിലാണ് താമസം. അൽ വഫ കമ്പനിയിലെ ജനറൽ മാനേജറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.