ഈ ഉടയാടകൾക്ക് മയിൽപീലി ചന്തം
text_fieldsവിടർന്നു നിൽക്കുന്ന മയിൽപീലിയുടെ അഴകാണ് അശ്വതി ജി. കൃഷ്ണൻ ഒരുക്കുന്ന ഓരോ ഉടുപ്പിനും. അതുകൊണ്ടാണ് താനൊരുക്കുന്ന വസ്ത്രങ്ങളുടെ ശേഖരത്തിന് അവർ 'മയിൽപീലി ഡിസൈനർ ഹബ്' എന്ന പേര് നൽകിയത്. എറണാകുളം ചിറ്റൂരിൽ താമസിക്കുന്ന അശ്വതി ഫാഷൻ ഡിസൈനിങിലേക്ക് തിരിഞ്ഞിട്ട് ഏറെ കാലം ആയില്ലെങ്കിലും ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രിയപ്പെട്ട ഡിസൈനറാണ്.
കൊച്ചുകുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ള സ്ത്രീകളുടെ പലതരം ഉടുപ്പുകൾ ഒരുക്കുന്നുണ്ട് അശ്വതി. തുടക്കത്തിൽ വീടായിരുന്നു ഷോപ്പ് എങ്കിലും, അടുത്തിടെ സമീപത്ത് മറ്റൊരു വീട് വാടകക്കെടുത്ത് സ്ഥാപനം അങ്ങോട്ടു മാറ്റി. വസ്ത്രങ്ങൾ മാത്രമല്ല, ഡിസൈനർ ആഭരണങ്ങളും ഈ കൈകളിലൂടെ ഒരുങ്ങാറുണ്ട്.
മാതമാറ്റിക്സ് പി.ജി ചെയ്ത ഫിഷറീസ് വകുപ്പിലെ താൽകാലിക ജീവനക്കാരിയായിരുന്ന ഇവർ വ്യക്തിപരമായ കാരണങ്ങളാൽ ജോലി രാജിവെക്കുകയും പതിയെ ജ്വല്ലറി ഡിസൈനിങ്ങിലേക്ക് തിരിയുകയുമായിരുന്നു. പിന്നീടാണ് ഉടുപ്പുകളൊരുക്കുന്നതിലേക്ക് ശ്രദ്ധ പതിഞ്ഞത്. ഇതിനായി ഒരു വർഷം ഫാഷൻഡിസൈനിങ് പഠിച്ചു. ഇടക്കെപ്പൊഴോ ഒരു സ്കൂളിൽ ക്രാഫ്റ്റ് ടീച്ചറായും ജോലി ചെയ്തു.
വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് സുഹൃത്തുക്കളിൽ നിന്ന് കൊള്ളാമല്ലോ എന്ന കോംപ്ലിമെന്‍റ്സ് കിട്ടാൻ തുടങ്ങിയതോടെ കാര്യഗൗരവമേറി. അങ്ങനെയാണ് 'മയിൽപീലി' വിടരുന്നത്. പാവാടയും ബ്ലൗസും, സാരി ബ്ലൗസ്, ദാവണി, കുർത്തി, ഗൗൺ, ഫ്രോക്ക് തുടങ്ങി മിക്കയിനം വസ്ത്രങ്ങളും ഡിസൈൻ ചെയ്യും. മിക്ക വസ്ത്രങ്ങളിലും തന്‍റേതായ ഒരു ടച്ച് എന്ന നിലയിലാണ് മയിൽപീലി തുന്നിച്ചേർക്കുന്നത്. ത്രെഡ്, ബീഡ്, പെയിന്‍റിങ് തുടങ്ങിയ രീതികളിലാണ് മയിൽപീലി ഉടുപ്പിൽ ചന്തം ചാർത്തുക.
കസ്റ്റമേഴ്സ് ഒരു മാതൃക കാണിച്ചു തന്നാലും അവരോട് അഭിപ്രായം ആരാഞ്ഞ് ചെറുതെങ്കിലും തന്‍റേതായ ഒരു പരിഷ്കാരം വസ്ത്രത്തിൽ വരുത്താൻ അശ്വതി ശ്രദ്ധിക്കാറുണ്ട്. ഓണ വസ്ത്രങ്ങളൊരുക്കുന്നതിന്‍റെ തിരക്കിലാണ് അവർ. സിൽകിന്‍റെ പാവാടയും ബ്ലൗസുമാണ് ഏറെപേരും ഇത്തവണ ഓണത്തിന് ആവശ്യപ്പെടുന്നതെന്ന് അശ്വതി പറഞ്ഞു. ബ്ലൗസിന്‍റെ കൈയിലും പാവാടയുടെ താഴെ ഭാഗത്തും ഫ്രിൽസ് വെച്ചുപിടിപ്പിച്ചാണ് ഒരുക്കുന്നത്. ബംഗളുരൂവിൽ നിന്നുവരെ ഓണക്കോടി തേടി വിളിയെത്തിയിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് രതീഷ് ലാൽ പൂർണ പിന്തുണയുമായി അശ്വതിക്കൊപ്പമുണ്ട്. മകൻ അർജിത് ലാൽ പത്താംക്ലാസിൽ പഠിക്കുന്നു. വാട്ട്സപ്പ് ഗ്രൂപ്പ്, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയാണ് പ്രചരണവും വിപണനവും നടക്കുന്നത്. കൊറിയർ വഴിയും കസ്റ്റമേഴ്സിന്‍റെ ഉടുപ്പുകൾ വീടുകളിലെത്തിക്കും. https://www.facebook.com/byAswathiGKrishnan/ എന്ന ഫേസ്ബുക്ക് പേജിലൂടെ അശ്വതിയുടെ ഡിസൈനർ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.