അഭിമാനത്തിന്റെ കൊടുമുടിയേറി പെൺകരുത്ത്
text_fieldsതിരുവനന്തപുരം: ദേശീയപതാക രാജ്യത്തെ കൊടുമുടികളിൽ പാറിച്ച് തലസ്ഥാനത്തിന്റെ പെൺമക്കൾ. തിരുവനന്തപുരം ഒന്നാം കേരള വനിത ബറ്റാലിയനിലെ എൻ.സി.സി കേഡറ്റുകളായ ആര്യ നിർമൽ, അനിഷ്മ എസ്. അനിൽ എന്നിവരാണ് നാടിനും രാജ്യത്തിനും അഭിമാനമായത്.
ഹിമാചൽപ്രദേശിലെ 6111 മീറ്റർ ഉയരത്തിലുള്ള യുനം കൊടുമുടിയാണ് വർക്കല ഇടവ സ്വദേശി ആര്യ നിർമൽ വിജയകരമായി പൂർത്തിയാക്കിയതെങ്കിൽ ഉത്തരാഖണ്ഡിലെ ദൊക്രാണി ഗ്ലയ്സിയറിലെ 14,800 അടി ഉയരമുള്ള ഹുറാ ടോപ്പാണ് നെടുമങ്ങാട് പറണ്ടോട് സ്വദേശിയായ അനിഷ്മ എസ്. അനിൽ കീഴടക്കിയത്.
വഴുതക്കാട് ഗവ. വനിത കോളജിലെ അവസാന വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയായ ആര്യ കഴിഞ്ഞ വർഷം എൻ.സി.സിയിലൂടെ ഉത്തരാഖണ്ഡിലെ നെഹ്റു പർവതാരോഹണ നിലയത്തിൽ നിന്ന് ബേസിക്ക് മൗണ്ടനീയറിങ് കോഴ്സ് ആൽഫ ഗ്രേഡോടെ പൂർത്തിയാക്കിയിരുന്നു. 2022 ലെ എൻ.സി.സി രക്ഷ രാജ്യ മന്ത്രി കമന്റേഷൻ അവാർഡ് ജേതാവുകൂടിയ ഈ മിടുക്കി ലോട്ടറി തൊഴിലാളിയായ നിർമൽ -ജയലേഖ ദമ്പതികളുടെ മകളാണ്.
വഴുതക്കാട് ഗവ. വനിത കോളേജിലെ രണ്ടാം വർഷ ചരിത്ര വിഭാഗം ബിരുദ വിദ്യാർഥിനിയായ അനിഷ്മ നെഹ്രു പർവതാരോഹണ നിലയത്തിൽ നിന്നാണ് പ്രഥമ പരിശീലനം നേടിയത്. റോക്ക് ക്ലൈംബിങ്, മാപ്പ് റീഡിങ്, ശാരീരികക്ഷമത, കാലാവസ്ഥ തരണംചെയ്യൽ തുടങ്ങിയവയിൽ മികച്ച പ്രകടനം നടത്തിയതോടെ മഞ്ഞുമലകൾ നിറഞ്ഞ ഹുറാടോപ്പിലേക്ക് അനിഷ്കയെ കേന്ദ്ര പ്രതിരോധ മന്ത്രാലയം അയക്കുകയായിരുന്നു.
അനിക്കുട്ടൻ-ഷൈനി ദമ്പതികളുടെ മകളാണ്. ലക്ഷ്യം പൂർത്തിയാക്കി തിരികെ ഇറങ്ങിയ ഇരുവരെയും ഒന്നാം കേരള വനിത ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ വിനീത് മിഥ അനുമോദിച്ചു. വരുംദിവസങ്ങളിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റും ഇരുവരെയും ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.