പൊലീസാകാൻ സൈക്കിളിൽ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക്
text_fieldsതുറവൂർ: പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ നിന്നും പരമാവധി നിയമനം ആവശ്യപ്പെട്ട് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സൈക്കിൾചവിട്ടുന്ന യുവാക്കൾ തുറവൂരിലെത്തി. പാലക്കാട് ജില്ലയിലെ വിഷ്ണു, അനുജോയ് എന്നിവരാണ് ആറാം തീയതിമുതൽ കാസർകോട്ടു നിന്ന് സൈക്കിൾ യാത്രനടത്തുന്നത്. ഇരുവർക്കും തുറവൂരിൽ സ്വീകരണം നൽകി. ഇരുപതോളം റാങ്ക് ഹോൾഡർമാർ ഇവരെ ബൈക്കിലും മറ്റും അനുഗമിക്കുന്നുണ്ട്. പന്ത്രണ്ടാം തീയതി സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം ആരംഭിക്കും.
പൊലീസ് സേനയിലേക്ക് ആളെ എടുക്കുന്നതിന് 2020ൽ നടക്കേണ്ടിയിരുന്ന പി.എസ്.സി പരീക്ഷ കോവിഡ് 19 മൂലം ആ വർഷം നടന്നില്ല. പിന്നീട് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. 2021 ഏപ്രിൽ പ്രാഥമിക പരീക്ഷ നടന്നു. പിന്നീട് 11 മാസം നീണ്ട ഇടവേളക്കുശേഷം 2022 മാർച്ചിൽ പ്രധാന പരീക്ഷയും ഏഴുമാസങ്ങൾക്ക് ശേഷം ഒക്ടോബർ - നവംബർ മാസങ്ങളിൽ കായിക ക്ഷമത പരീക്ഷകളും നടന്നു. ഇവയിലെല്ലാം വിജയിച്ച് നാലുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ 2023 ഏപ്രിൽ 13 റാങ്ക് ലിസ്റ്റ് നിലവിൽ വന്നു ഒഴിവുകൾക്ക് അനുപാതികമായി മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കാനായിരുന്നു നിർദേശം.
കൂടുതൽ കഴിവും കാര്യക്ഷമതയുമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുകയായിരുന്നു ഉദ്ദേശ്യം ഏഴ് ബെറ്റാലിയനായി 13,975 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിൽ നിന്ന് നിയമനംലഭിച്ചത് 3019 പേർക്ക് മാത്രം. പതിനായിരത്തോളം ഉദ്യോഗാർത്ഥികൾ നിയമനം ലഭിക്കാതെ പുറത്തു പോകേണ്ട അവസ്ഥയാണ്.
ജനറൽ കാറ്റഗറി ഉദ്യോഗാർത്ഥികൾക്ക് 26 വയസ്സ് വരെ മാത്രം അപേക്ഷിക്കാൻ പ്രായപരിധിയുള്ള ഒരു തസ്തികയിലാണ് പരീക്ഷ നടപടികൾ നാലുവർഷം നീണ്ടത്. ഈ റാങ്ക് ലിസ്റ്റിലുള്ള 80 ശതമാനത്തിലധികം ഉദ്യോഗാർത്ഥികൾക്കും പ്രായപരിധി കഴിഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.