മുറിവേറ്റവർക്ക് സാന്ത്വനമായി ഗാനിം
text_fieldsദോഹ: ഓർമയില്ലേ ഗാനിം അൽ മുഫ്തയെ? കൈകളിൽ ഊന്നി നടന്ന്, പരിമിതികളെയെല്ലാം ഗാലറിക്ക് പുറത്തേക്ക് തട്ടിയകറ്റി, അസാധ്യമായതൊന്നുമില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഖത്തറിന്റെ അത്ഭുത ബാലൻ. ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ ഉദ്ഘാടന വേളയിൽ ഹോളിവുഡ് താരം മോർഗൻ ഫ്രീമാനൊപ്പം അൽ ബെയ്ത് സ്റ്റേഡിയത്തിന്റെ മുറ്റത്തിറങ്ങി, മാനുഷികതയെ കുറിച്ച് ലോകത്തിന് പറഞ്ഞു നൽകിയ ഗാനിം അൽ മുഫ്ത മറ്റൊരു ദൗത്യവുമായി ഇന്ന് ഗസ്സയിലെ അതിർത്തിയിലാണുള്ളത്.
ഇസ്രായേലിന്റെ നിഷ്ഠുരമായ ആക്രമണങ്ങളിൽ ഉറ്റവരെ നഷ്ടമായും ഗുരുതരമായി പരിക്കേറ്റും ഉള്ളതെല്ലാം നഷ്ടമായും തീരാദുരിതത്തിലായ ഫലസ്തീനികൾക്ക് ആശ്വാസവും കരുതലും നൽകാനായി പറന്നെത്തിയതാണ് പരിമിതികളെ ആത്മവിശ്വാസംകൊണ്ട് കീഴടക്കിയ ഗാനിം.
കഴിഞ്ഞ ദിവസമായിരുന്നു ദോഹയിൽനിന്ന് ഗസ്സയിലേക്ക് ദുരിതാശ്വാസ വസ്തുക്കളുമായി പറന്ന സായുധസേന വിമാനത്തിൽ ഗാനിമും ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തിയത്. അൽ അരിഷിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ നേതൃത്വത്തിൽ ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥരും മറ്റും ഗാനിമിനെ ഹൃദ്യമായി വരവേറ്റു.
ഖത്തറിൽനിന്ന് മാനുഷിക സഹായവും വഹിച്ച് പറന്ന വിമാനത്തിലെ വിശിഷ്ടാതിഥി കൂടിയായിരുന്നു ഗാനിം. മന്ത്രിയും മാധ്യമങ്ങളും ഉൾപ്പെടെ വലിയൊരു സംഘംതന്നെ അദ്ദേഹത്തെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്നു. സ്വീകരണത്തിന്റെയും യാത്രയുടെയും ദൃശ്യങ്ങൾ ഗാനിമും മന്ത്രിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
പരിക്കേറ്റവരെയും മറ്റും സന്ദർശിച്ച് അവർക്ക് ആത്മവിശ്വാസം നൽകുകയും മറ്റുമാണ് ഗാനിമിന്റെ സന്ദർശന ദൗത്യം. അൽ അരിഷി ജനറൽ ആശുപത്രിയിലും റഫ അതിർത്തിയിലെ ഫീൽഡ് ആശുപത്രികളിലുമായി നിരവധി ഫലസ്തീനികളാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഏതാനും ദിവസം മുമ്പ് മന്ത്രി ലുൽവ അൽ ഖാതിർ ഇവരെ സന്ദർശിക്കുന്ന വിഡിയോകളും പുറത്തുവന്നിരുന്നു.
അതിനിടെ, വെള്ളിയാഴ്ച മുതൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചുവെങ്കിലും ഖത്തറിന്റെ സഹായഹസ്തം തുടരുകയാണ്. ശനിയാഴ്ച ഭക്ഷ്യവസ്തുക്കളും മരുന്നും താമസ സംവിധാനങ്ങളുമായി രണ്ടു വിമാനങ്ങളിലായി 62 ടൺ വസ്തുക്കൾ ഖത്തർ അൽ അരിഷിലെത്തിച്ചു. ഇതോടെ 35 വിമാനങ്ങളിലായി മേഖലയിലേക്ക് ഖത്തർ എത്തിച്ച ദുരിതാശ്വാസ സഹായം 1119 ടൺ ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.