ബുർജ് ഖലീഫ കാണണം; കുഞ്ഞു ബദ്റിന് ശൈഖ് ഹംദാന്റെ ക്ഷണം
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന വിഡിയോയിലൂടെ ശ്രദ്ധേയനായ കുവൈത്തി ബാലന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ക്ഷണം.
കുട്ടിയെയും കുടുംബത്തെയും ബുർജ് ഖലീഫ കാണാൻ ക്ഷണിക്കുന്നതായി ബദ്റിനെ പരിചയമുള്ളവർ അറിയിക്കണമെന്നാണ് ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞിരിക്കുന്നത്. കുവൈത്തി ചാനലായ അൽ ഖബസിനോടാണ് ബദ്ർ എന്ന ബാലൻ ബുർജ് ഖലീഫ കാണാനുള്ള ആഗ്രഹം പങ്കുവെച്ചത്. പിതാവിനും കുടുംബത്തിനുമൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ യു.എ.ഇയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ബദ്ർ.
എവിടെ സന്ദർശിക്കാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായാണ് കുട്ടി ബുർജ് ഖലീഫയെന്ന് മറുപടി നൽകുന്നത്. ബുർജ് ഖലീഫയെക്കുറിച്ച് എങ്ങനെയാണ് അറിഞ്ഞതെന്ന ചോദ്യത്തിന്, ടെലിവിഷനിലൂടെ ഏറെ കാര്യങ്ങൾ മനസ്സിലാക്കിയതായി മറുപടി നൽകുന്നുമുണ്ട്. ‘‘ഞാൻ ബുർജ് ഖലീഫ കാണും... നാലുദിവസം ദുബൈയിൽ ചെലവഴിക്കും’’ എന്നുപറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അതിവേഗം ശ്രദ്ധിക്കപ്പെട്ട വിഡിയോ കണ്ട് നിരവധിപേർ പ്രതികരിച്ചിരുന്നു. ഇമാർ ഗ്രൂപ് ഉന്നത ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ അബ്ബാർ നേരത്തേ ബുർജ് ഖലീഫ കാണാൻ കുട്ടിയെ ക്ഷണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.