ഫ്രീ ഡൈവിങ്ങിൽ ദേശീയ റെക്കോഡ് നേടി ഹാഷിർ ചേലൂപ്പാടവും അശ്വനിയും
text_fieldsചേലേമ്പ്ര: ഫ്രീ ഡൈവിങ്ങിൽ ദേശീയ റെക്കോഡ് നേടി നാടിന്റെ അഭിമാന താരങ്ങളായി മാറി ചേലേമ്പ്ര സ്വദേശികളായ ഹാഷിർ ചേലൂപ്പാടവും പി. അശ്വനിയും. വേരിയബിൾ വെയിറ്റ് (VWT) വിഭാഗത്തിൽ നിലവിലെ റെക്കോഡ് തിരുത്തിയാണ് ഹാഷിർ പുതിയത് സൃഷ്ടിച്ചത്. ഭാരമുള്ള വസ്തു ഉപയോഗിച്ച് ചാലിയാർ പുഴയിൽ ഫറോക്ക് പാലത്തിനടിയിൽ വെച്ചായിരുന്നു പ്രകടനം.
വെള്ളത്തിനടിയിൽ 6.8 മീറ്റർ ആഴത്തിൽ പോയാണ് ഹാഷിർ റെക്കോഡ് നേടിയത്. കോൺസ്റ്റന്റ് വെയിറ്റ് വിത്തൗട്ട് ഫിൻസ് (CNF) വിഭാഗത്തിൽ 5.5 മീറ്റർ ആഴത്തിൽ പോയി റെക്കോഡ് നേടിയപ്പോൾ അശ്വനി ഇന്ത്യയിലെ സി. എൻ.എഫ് വിഭാഗത്തിൽ റെക്കോഡ് നേടിയ ആദ്യത്തെ വനിതയായി മാറി. പെട്ടെന്ന് ആഴത്തിലേക്ക് പോവുമ്പോൾ വെള്ളത്തിന്റെ അടിയിലെ പ്രഷർ ആണ് വില്ലൻ. ഈ നേട്ടം കൈവരിച്ച ഹാഷിർ ചേലൂപ്പാടം ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ് അക്കാദമിയുടെ മുഖ്യ പരിശീലകനും അശ്വനി അക്കാദമിയുടെ സഹ പരിശീലകയുമാണ്.
കോഴിക്കോട് ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഫ്രീ ഡൈവിങ് കോച്ച് ഓഫ് ഏഷ്യ ആയിരുന്നു ചാലിയാർ പുഴയിൽ ഇവർക്ക് പരിശീലനം നൽകിയത്. ഫ്രീ ഡൈവിങ് കോച്ച് ഓഫ് ഏഷ്യയുടെ പരിശീലകരായ ഗസ്റ്റ് ജെറോൻ എലോട്ട്, ജെഫറി ജെയിംസ് എന്നിവരായിരുന്നു പരിശീലനം നൽകിയത്. പരിശീലനശേഷം മൂന്ന് മിനിറ്റ് 40 സെക്കന്റ് വെള്ളത്തിനടിയിൽ ശ്വാസം പിടിച്ച് നിൽക്കാൻ ഹാഷിറിനും രണ്ട് മിനിറ്റ് രണ്ട് സെക്കന്റ് വെള്ളത്തിനടിയിൽ നിൽക്കാൻ അശ്വനിയും പരിശീലിച്ചു. അഞ്ചുദിവസത്തെ ഫ്രീ ഡൈവിങ് പരിശീലനം പൂർത്തിയാക്കിയ ഇരുവർക്കും ഫ്രീ ഡൈവിങ് കോച്ചസ് ഓഫ് ഏഷ്യയുടെ കോച്ച് പരിശീലനവും കോച്ച് സർട്ടിഫിക്കറ്റും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.