പൊന്നാണീ പൊന്നാനിക്കാരന്‍
text_fieldsഇത് ഹയാൻ ജാസിർ ഇക്കഴിഞ്ഞ ദേശീയ അണ്ടർ വാട്ടർ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണം നേടിയ മിടുക്കൻ. 400 മീറ്റർ ഫിൻ റിലേയിലാണ് ഈ ആറാം ക്ലാസുകാരൻ മലയാളികൾക്ക് അഭിമാനനേട്ടം സമ്മാനിച്ചത്. ഇനി ഏതാണ്ട് 60 വർഷം പിറകോട്ടുള്ള ഒരു ഫ്ലാഷ് ബാക്ക് കേട്ട് നോക്കാം. മലപ്പുറം ജില്ലയിലെ പൊന്നാനി അഴിമുഖത്ത് ഒരു ബോട്ടപകടം നടന്ന് ഏറെ പേരുടെ വിലപ്പെട്ട ജീവനുകൾ നഷ്ടമായി. കൂട്ടായി നേർച്ച കഴിഞ്ഞ് വഞ്ചിയിൽ പൊന്നാനിക്ക് തിരിച്ച സംഘമായിരുന്നു അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കാസിം എന്ന കൗമാരക്കാരൻ തന്‍റെ ഉമ്മക്ക് ഒരു വാക്ക് നൽകേണ്ടിവന്നു. ഇനി തന്‍റെ ജീവിതത്തിൽ വെള്ളത്തിലുള്ള ഒരു ഏർപ്പാടിനും മേലാൽ പോകില്ല എന്ന ഉറപ്പ്. അപകടത്തിൽ ഒറ്റ ചങ്ങാതിമാരെ നഷ്ടപ്പെട്ട കാസിം വെള്ളത്തിനോടുള്ള പേടി കാരണം തന്‍റെ മക്കളടങ്ങുന്ന കുടുംബത്തിലെ ആരും തന്നെ ജലകേളികളിൽ ഏർപ്പെടുന്നതിൽ നിന്നും പുഴകളോ കുളമോ കാണാൻ പോകുന്നതിൽ നിന്ന് പോലും വിലക്കിയിരുന്നു. ആ കാസിമിന്‍റെ പേരമകനായ ഹയാൻ അണ്ടർ വാട്ടർ സ്വിമ്മിങ്ങിൽ ഇങ്ങെയൊരു നേട്ടം കൊയ്യുന്നത് വിധിവൈപരീത്യം എന്നല്ലാതെ എന്തു പറയാൻ!
ജില്ലാ സംസ്ഥാന നീന്തൽ മത്സരങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയ ഹയാൻ ആദ്യമായാണ് ദേശീയ നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്നത്. ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഈ കൊച്ചു മിടുക്കൻ, ഏഴുവർഷമായി ദുബൈയിൽ നീന്തൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു.
സി.ബി.എസ്.ഇയുടെ യു.എ.ഇ നാഷണൽ മീറ്റിൽ ഗോൾഡ് മെഡലിന് അർഹനായ ഹയാൻ ഗുജറാത്തിൽ വച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടിയിരുന്നു. എന്നാൽ വല്ല്യുപ്പ കാസിം മരണപ്പെടുന്നതിന് ഏതാനും നാളുകൾക്കു മുമ്പ് നീന്തൽ മത്സരങ്ങളൊക്കെ അവസാനിപ്പിക്കണമെന്നും പൂളിൽ ഇറങ്ങരുതെന്നും ഹയാനെ വിളിച്ചിരുത്തി ഉപദേശിച്ചിരുന്നു. അതിനാൽ ഗുജറാത്ത് ചാമ്പ്യൻഷിപ്പിൽ ഹയാൻ പങ്കെടുത്തിരുന്നില്ല.
സാധാരണ നീന്തലിനെ അപേക്ഷിച്ച് ഫിൻ സ്വിമ്മിങ് എന്ന അണ്ടർവാട്ടർ സ്പോർട്സ് ഏറെ ദുഷ്കരമാണ്. കോച്ച് നിസാർ അഹമ്മദിന്‍റെ കീഴിലാണ് ഇപ്പോൾ പരിശീലനം പുരോഗമിക്കുന്നത്. ദുബൈയിൽ താമസിക്കുന്ന ജാസിർ നഫീസ നുസ്രത്ത് ദമ്പതികളുടെ മകനായ ഹയാൻ ജാസിർ നാളെയുടെ വാഗ്ദാനമാകുമെന്ന് നിസ്സംശയം പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.