നാജിയയുടെ വിജയത്തിന് തിളക്കമേറെ
text_fieldsമഞ്ചേരി: കാഴ്ച പരിമിതിയൊന്നും നാജിയയുടെ മികവിന് തടസ്സമായില്ല. ഹയർസെക്കൻഡറി പരീക്ഷ ഫലം ഫലം പുറത്തുവന്നപ്പോൾ 97 ശതമാനം മാർക്കോടെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായിരിക്കുകയാണ് ഈ പാപ്പിനിപ്പാറ സ്വദേശിനി.
മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയാണ്. 1200 ൽ 1167 മാർക്കും നേടിയ നാജിയ മലയാളത്തിൽ മുഴുവൻ മാർക്കും നേടി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇവർ എൻ.എം.എം.എസ് സ്കോളർഷിപ്പിനും അർഹത നേടിയിരുന്നു. പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച നാജിയ 75 ശതമാനം കാഴ്ചവെല്ലുവിളി നേരിടുന്നുണ്ട്.
ഈ വർഷത്തെ സംസ്ഥാന തല സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കഥാകഥനം, കഥാരചന എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ പ്രാദേശിക ചരിത്രരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ മിടുക്കി ഈ വിഭാഗത്തിൽ പങ്കെടുത്ത ആദ്യ കാഴ്ച പരിമിതയാണ്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി അധ്യാപികയാവാനാണ് നാജിയയുടെ ആഗ്രഹം. അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണ കൊണ്ടാണ് മികച്ച വിജയം നേടാൻ സാധിച്ചതെന്ന് നാജിയ ‘മാധ്യമ’ത്തോട് പറഞ്ഞു.
മഞ്ചേരി പാപ്പിനിപ്പാറ കുന്നത്ത് നടുത്തൊടി വീട്ടിൽ നൂറുദ്ദീൻ-റാബിയ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവളാണ്. സഹോദരങ്ങളായ മുർഷിദ് (പി.എച്ച്.ഡി വിദ്യാർഥി), റിസ് വാൻ (ബിരുദ വിദ്യാർഥി) എന്നിവരും കാഴ്ച പരിമിതി നേരിടുന്നവരും പരിമിതികളെ അതിജീവിച്ച് പഠനത്തിൽ മികവ് തെളിയിക്കുന്നവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.