ടെന്നീസിൽ അന്താരാഷ്ട്ര ശ്രദ്ധ നേടി മലപ്പുറം സ്വദേശി
text_fieldsമലപ്പുറം: ടെന്നീസ് കോർട്ടിൽ ഇന്ദ്രജാലം കാഴ്ചവെച്ച്, മലപ്പുറത്തിന്റെ അഭിമാനമായി മാറുകയാണ് റയാൻ സാജിദ് കൂത്രാട്ട്. മിന്നുംപ്രകടനങ്ങളിലൂടെ ഇന്റർനാഷനൽ ജൂനിയർ റാങ്കിങ്ങിൽ 427ഉം ഏഷ്യൻ റാങ്കിങ്ങിൽ 96ഉം സ്ഥാനത്താണ് മലപ്പുറം കാട്ടുങ്ങൽ സ്വദേശിയായ ഈ 16കാരൻ.
പ്രവാസിയായ കൂത്രാട്ട് സാജിദിന്റെയും സാലു സാജിദിന്റെയും മകനായ റയാൻ, നാലാം വയസ്സ് മുതൽ ദുബൈയിലാണ് ടെന്നീസ് പരിശീലിക്കുന്നത്. അഞ്ചു വയസ്സ് മുതൽ ഐ.ടി.എഫ് ജൂനിയർ, എ.ടി.എ, യു.എ.ഇ.ടി.ഇ തുടങ്ങിയ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ എല്ലാ വർഷവും കളിക്കുന്നുണ്ട്. ഇതുവരെ 42 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത റയാൻ, 2021 ഡൽഹിയിൽ നടന്ന നാഷനൽ ചാമ്പ്യൻഷിപ്പിൽ ജേതാവായി.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന ശ്രീചിത്ര സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് പുരുഷ വിഭാഗത്തിലും അണ്ടർ 18 വിഭാഗത്തിലും റയാൻ ജേതാവായി. സീനിയർ ഡബിൾസിൽ റണ്ണറപ്പും കരസ്ഥമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പുരുഷ വിഭാഗം ചാമ്പ്യൻ എന്ന ബഹുമതിയും ഈ നേട്ടത്തിലൂടെ റയാൻ സ്വന്തമാക്കി. അന്താരാഷ്ട്ര മത്സരങ്ങളിൽ സിംഗിൾസിൽ റയാൻ രണ്ട് തവണ ജേതാവായിട്ടുണ്ട്. 2022ൽ ഫുജൈറ ഓപ്പണിലും ഈ വർഷം നടന്ന കിർഗിസ്ഥാൻ ഓപ്പണിലുമാണ് റയാൻ ചാമ്പ്യനായത്. 2022ൽ നടന്ന ജോർഡാൻ ഓപ്പണിലും ഈ വർഷം നടന്ന ബഹ്റൈൻ ഓപ്പണിലും റണ്ണറപ്പുമായി.
അന്തർദേശീയ, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ഡബിൾസിലും റയാൻ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2023ലെ കിർഗിസ്താൻ ഓപ്പൺ, എ.ടി.എ നാഷനൽസ് (അണ്ടർ 14), എ.ടി.എ നാഷനൽസ് (അണ്ടർ 12), സൂപ്പർ സീരിസ് അണ്ടർ 12, അണ്ടർ 14 നാഷനൽസ്, സൂപ്പർ സീരീസ് അണ്ടർ 14, അണ്ടർ 16 നാഷനൽസ് എന്നീ മത്സരങ്ങളിൽ ഡബിൾസിൽ ജേതാവായ റയാൻ, സിംബാബ് വെ ഓപ്പൺ, ഫുജൈറ ഓപ്പൺ, ഇന്ത്യ ഓപ്പൺ എന്നിവയിൽ റണ്ണറപ്പുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.