അന്താരാഷ്ട്ര ഖുർആൻ മത്സരം: ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മലയാളി വിദ്യാർഥിനി
text_fieldsദുബൈ: പെൺകുട്ടികളുടെ അന്താരാഷ്ട്ര ഖുർആൻ പാരായണമത്സരത്തിൽ ഇന്ത്യക്കുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച് 11കാരി മലയാളി വിദ്യാർഥിനി. 60 രാജ്യങ്ങൾ മാറ്റുരച്ച മത്സരത്തിൽ കോഴിക്കോട് സ്വദേശി ആയിഷ അസ്സ പാരായണമികവിൽ മുന്നിലെത്തി.
സമ്മാനദാന ചടങ്ങിന് ഖുർആൻ ഓതി തുടക്കംകുറിക്കാനുള്ള നിയോഗവും ഈ മലയാളിക്കായിരുന്നു. ദുബൈ സർക്കാർ പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശൈഖ ഫാത്തിമ ബിൻത് മുബാറക് അന്താരാഷ്ട്ര ഖുർആൻ പാരായണമത്സരത്തിലാണ് പെൺകുട്ടി ശ്രദ്ധേയ സാന്നിധ്യമായത്.
ഏഴു ദിവസമായി നടന്ന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് മികച്ച മത്സരമാണ് ആയിഷ കാഴ്ചവെച്ചത്.കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതരടങ്ങുന്ന കുടുംബത്തിൽനിന്നാണ് ആയിശ ഇസ്സയുടെ വരവ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ മകളുടെ മകളും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പൗത്രീപുത്രിയുമാണ് ആയിശ.
കൊച്ചുമകളുടെ പ്രകടനം കാണാൻ സി. മുഹമ്മദ് ഫൈസി ദുബൈയിലെ അന്താരാഷ്ട്ര ഹോളി ഖുർആൻ ആസ്ഥാനത്ത് എത്തിയിരുന്നു. മൂന്നാം വയസ്സ് മുതൽ പഠനമാരംഭിച്ച ആയിശ പത്താം വയസ്സിൽ ഖുർആൻ പൂർണമായി മനഃപാഠമാക്കി നേരത്തേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
കോഴിക്കോട് മർകസ് ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി.എം. റശീദ് സഖാഫിയുടെയും ഭാര്യ അസ്മയുടെ മകളാണ് ഈ മിടുക്കി. ഈജിപ്തിൽ നടക്കുന്ന അന്താ രാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. ദുബൈയിൽ നടന്ന മത്സരത്തിൽ ജോർഡൻ, ബഹ്റൈൻ എന്നിവിടങ്ങിൽ നിന്നുള്ള മത്സരാർഥികളാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.