ജലമെട്രോ; ജെബിനും അൻബരസിനും ഇത് അഭിമാന മുഹൂർത്തം
text_fieldsമൂവാറ്റുപുഴ: കൊച്ചി ജലമെട്രോ പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തിന് സമർപ്പിക്കുമ്പോൾ തികഞ്ഞ ചാരിതാർഥ്യത്തിലാണ് ജെബിൻ ജോൺസണും കൂട്ടരും. ജലമെട്രോയുടെ വെബ്സൈറ്റ് നിർമാണം വിജയകരമായി പൂർത്തിയാക്കിയത് മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികളായ ജെബിൻ ജോൺസൺ, എൻ. അൻബരസ്, ആതിര ബാബു എന്നിവർ ചേർന്നാണ്.
വിവിധ മെട്രോ ടെർമിനലുകൾ സംബന്ധമായ വിവരങ്ങൾ, ടിക്കറ്റ് നിരക്കുകൾ, മെട്രോ സമയക്രമം, ഇൻട്രാക്റ്റിവ് റൂട്ട് മാപ്പ്, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ബോട്ടിന്റെയും ടെർമിനലിന്റെയും 360 ഡിഗ്രി വെർച്വൽ ടൂർ, ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഓരോ ടെർമിനലുകൾക്കും സമീപമുള്ള പ്രധാന ആകർഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, യാത്രക്കാർക്ക് വാട്ടർ മെട്രോയെക്കുറിച്ചുള്ള പ്രതികരണങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയാണ് വെബ്സൈറ്റ് നിർമിച്ചിട്ടുള്ളത്.
ഇപ്പോൾ നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള മൊബൈൽ ആപ്ലിക്കേഷൻ നിർമാണത്തിന്റെ പണിപ്പുരയിലാണ് വിദ്യാർഥികൾ. വെബ്സൈറ്റ് വ്യവസായ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യും.
ഹൈസ്കൂൾ പഠനകാലം മുതൽ തന്നെ ജെബിനും അൻബരസും വെബ്സൈറ്റ് നിർമാണ രംഗത്തുണ്ട്. ബി.ടെക് അവസാന വർഷ വിദ്യാർഥികളായ ഇവർ സ്വന്തമായി ഐ.ടി സ്റ്റാർട്ടപ്പും ആരംഭിച്ചിട്ടുണ്ട്. കോളജിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം മേധാവി റോസ്ന പി. ഹാറൂൺ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.