ഇതാണ് ജിമിക്കിയുടെ മൊഞ്ച്...
text_fieldsജിമിക്കി കമ്മൽ പാട്ട് എത്തിയതോടെ കഴിഞ്ഞ വർഷത്തെ പെൺകുട്ടികളുടെ ആഭരണപ്പെട്ടിയിൽ താരം ജിമിക്കി കമ്മൽ ആയിരുന്നെങ്കിൽ ഈ വർഷം അതിന് മാറ്റം വന്നുവെന്ന് കരുതേണ്ട. പുതിയ രൂപത്തിലും ഭാവത്തിലും ജിമിക്കി കമ്മൽ തന്നെ താരപദവി നിലനിർത്തുന്നുണ്ട്. അൽപം സ്റ്റൈൽ ഒന്നുമാറ്റി എന്ന് മാത്രം!
ത്രെഡിലുള്ള പല കളർ ജിമിക്കികളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ത്രെഡ് ജിമിക്കിയിൽ അലുക്കുകളായി മുത്തുകളും ഗ്ലാസ് പേളുകൾ ഉള്ളവയും ഉണ്ട്. വെള്ളമുത്തുകൾ ജിമ്മിക്കിക്കുള്ളിൽ തൂങ്ങി കിടക്കുന്നവയും ഗോൾഡൻ മെറ്റലിൽ ഡബിൾ കളർ തോന്നുന്ന ത്രെഡ് ജിമിക്കികളും ത്രെഡ് വർക്കുള്ള സ്റ്റഡുകളും ത്രെഡുകൾ ചുറ്റിയ ജിമിക്കിയും ആരുടേയും മനം കവരും.
ജിമ്മിക്കിയുടെ ഉരുണ്ട ആകൃതിക്കും മാറ്റം സംഭവിച്ചു. ഒാവൽ, കോൺ, ചതുരാകൃതിയിലും ജിമിക്കി കമ്മൽ വിപണിയിൽ എത്തിയിട്ടുണ്ട്. അലുക്കുകളായി മുത്തുകൾ ഉള്ളതിനാൽ ഇതിനും ഏറെ ആരാധകരുണ്ട്. പല വലുപ്പത്തിലും ലഭിക്കുന്ന ജിമിക്കി കമ്മലിന്‍റെ വലുപ്പ കൂടുതലുള്ളവയാണ് കൂടുതലും വിറ്റഴിയുന്നത്. ഗോൾഡൻ, സിൽവർ, ആന്‍റിക് കളർ, ബ്ലാക്ക് മെറ്റൽ എന്നിവയാണ് വിപണിയിലുള്ളത്.
സിമ്പിൾ ലുക്ക് തരുന്നവയാണ് വേണ്ടതെങ്കിൽ അതും ഹെവി ലുക്ക് വേണമെങ്കിൽ അതിനും ധാരാളം ഓപ്ഷനുകളുണ്ട്. യൂണീക് ജിമിക്കികൾ എവിടെ കണ്ടാലും വാങ്ങി ആഭരണപ്പെട്ടിയിൽ വയ്ക്കുകയാണ് ചിലരുടെ പണി. വലിയ റിങ്ങുകളുടെ അറ്റത്ത് തൂക്കിയിട്ട ജിമിക്കികളാണ് ടീനേജുകാരുടെ ഫേവറേറ്റ്. ജിമ്മിക്കിയുടെ ട്രെഡീഷണൽ എത്നിക് ലുക്കാണ് ഏവ൪ക്കും പ്രിയപ്പെട്ടതാകുന്നത്.
ജിമിക്കി ഇതിനിടയിൽ സ്റ്റഡുകളുടെ സ്റ്റൈൽ മാറ്റി. കാതു മുഴുവൻ മൂടുന്നവയും പേൾ വച്ചതും പേൾ ഞാത്തു പോലെ പോലെ ജിമ്മിക്കിയുടെ ഉള്ളിൽ തൂങ്ങുന്നവയും മറ്റൊരു സ്റ്റൈൽ നൽകി. തട്ടുതട്ടായുള്ള ജിമിക്കിയും വൈറ്റ് പേളും റെഡ് റൂബിയും ഗോൾഡൻ കളറിൽ ഒത്തു ചേരുന്ന സ്റ്റൈലിനും ആരാധകർ കുറവല്ല.
ബ്ലാക്ക് മെറ്റലിൽ പരിച പോലെയുള്ള സ്റ്റഡിൽ തൂങ്ങികിടക്കുന്ന വളയത്തിനുള്ളിലെ ജിമിക്കി മറ്റൊരു വെറൈറ്റി ആണ്. കല്ലുപതിച്ച സ്വർണ വളയത്തിനു പുറത്തു മറ്റൊരു കല്ലുപതിച്ച വെള്ളി വളയം അതിൽ തൂങ്ങി കിടക്കുന്ന വൈറ്റ് പേളുകൾ ആരുടെയും മനം മയക്കും. കണ്ണാടി പിടിപ്പിച്ച ബ്ലാക്ക് മെറ്റൽ സ്റ്റഡിൽ തൂങ്ങിയാടുന്ന ജിമിക്കിയും ആർക്കും ഇഷ്ടപ്പെടും.
എന്നാൽ, ഇപ്പോൾ ജിമിക്കികമ്മലിനു പാരയായി എത്തിയിരിക്കുന്നത് മറ്റൊരു കമ്മലാണ്. കാതിനു താഴെ വളയങ്ങളിൽ നിറയെ ചെറിയ ഗോൾഡ് വൈറ്റ് പേളുകളും മുത്തുകളും ഉരുണ്ട ഞാത്തുമായി എത്തിയിരിക്കുന്ന പുതിയ കമ്മലാണ്. ആന്‍റിക് ഡിസൈനുകളിലും പരമ്പരാഗത ശൈലിയിലുള്ള ഡിസൈനിലുമാണ് ഈ കമ്മൽ എത്തിയിരിക്കുന്നത്. 125 രൂപ മുതൽ കമ്മലുകൾ ലഭ്യമാകും. ചുവപ്പ്, പച്ച, വെള്ള, പിങ്ക് അടക്കം എല്ലാ കളറുകളോട് കൂടിയതും ലഭിക്കും.
ബ്ലാക്ക് മെറ്റൽ, വൈറ്റ് മെറ്റൽ, ഗോൾഡൻ മെറ്റൽ, കോപ്പർ അലോയ് കോട്ടിങ്, ഓക്സിഡൈസ്ഡ് മെറ്റീരിയലുകളിൽ ഈ കമ്മലുകൾ ലഭ്യമാണ്. പരിച പോലെ കാതിൽ കിടക്കുന്നവയും ബ്ലാക്ക്, ഗോൾഡൻ മെറ്റീരിയലും ചേരുന്ന സ്റ്റഡുകളിൽ തൂങ്ങിക്കിടക്കുന്ന കല്ലുവെച്ച വലിയ കമ്മലിനാണ് ആരാധകരേറെ... അതേ സ്റ്റൈലിൽ ആന്‍റിക് ഡിസൈനിൽ ഗോൾഡൻ മെറ്റലിലും ലഭിക്കും. 425 രൂപ മുതലാണ് ഇവയുടെ വില തുടങ്ങുന്നത്.
ഒാണം അടക്കമുള്ള ആഘോഷങ്ങൾക്ക് ട്രെഡീഷണൽ ലുക്ക് വേണോ ഹെവി ലുക്ക് വേണോയെന്ന് തീരുമാനിച്ച് ഇതിലേതെങ്കിലും തിരഞ്ഞെടുക്കാം.... ജിമിക്കികമ്മൽ പാട്ടുപ്പാടി ഷോപ്പിൽ ചെല്ലുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് പക്ഷേ ഈ പാട്ടായിരിക്കും... കൺഫ്യൂഷൻ തീർക്കണമേ... എന്‍റെ കൺഫ്യൂഷൻ തീർക്കണമേ...
കടപ്പാട്: കാജൽ കളക്ഷൻസ്, പാലാരിവട്ടം, കൊച്ചി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.