ഓൾ റൗണ്ടർ ജുനൈദ്
text_fieldsയു.എ.ഇ നാഷനൽ ടീമിലെ മലയാളികളുടെ പിന്മുറക്കാരനായി വന്നേക്കാവുന്ന ഒരു പേരാണ് ജുനൈദ് ഷംസു എന്ന വയനാട്ടുകാരന്റേത്. കാരണം യു.എ.ഇയിൽ നടക്കുന്ന ഒട്ടുമിക്ക മുൻനിര ടൂർണമെന്റുകളിലും ഗംഭീര പ്രകടനം കാഴ്ചവെച്ചു തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഒരു ഓൾ റൗണ്ടർ ആണ് ജുനൈദ്.
ഒമ്പതു വർഷ കാലയളവിൽ യു.എ.ഇയിലെ ഗ്രൗണ്ടുകളിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഈ 30കാരൻ മുപ്പതിനായിരത്തിലധികം റൺസുകളാണ് ഇതിനോടകം തന്റെ കൊട്ടയിലാക്കിയത്. ഇതിൽ 50 സെഞ്ചുറികളും 152 അർധ സെഞ്ചുറികളും ഉൾപ്പെടും. 2515 സിക്സറുകളും 2380 ബൗണ്ടറികളും ഇക്കാലയളവിൽ ജുനൈദിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട്. ബാറ്റിങ് കൂടാതെ ബൗളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജുനൈദ് 671 വിക്കറ്ററുകളും തന്റെ പേരിൽ കുറിച്ചിട്ടുണ്ട്.
യു.എ.ഇയിലെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ ഒന്നായ ബുഖാദിർ ലീഗിൽ കോലാട്ട വാരിയേഴ്സിന് വേണ്ടി ജേഴ്സി അണിഞ്ഞ ജുനൈദ് തന്റെ മികച്ച പ്രകടനം വഴി ടീമിനെ കിരീടമണിയിച്ചതിന്റെ ചാരിതാർഥ്യത്തിലാണ്. ഈ ടൂർണമെന്റിലെ സെമിയിൽ വെറും 45 പന്തിൽ നിന്നും അടിച്ചെടുത്ത 104 റൺസുകളും ഫൈനലിൽ 80 പന്തിൽ നിന്നും നേടിയ സെഞ്ചുറിയും ടീമിന്റെ വിജയത്തിൽ നിർണായകമായ സ്കോറുകൾ ആയിരുന്നു. ഈ രണ്ടു മാച്ചിലെയും പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരവും ജുനൈദിന് സ്വന്തം.
യു.എ.ഇ കൂടാതെ കേരളത്തിലും ജുനൈദ് കളികളിലെ കേമനായി ശ്രദ്ധ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന വയനാട് ബി ഡിവിഷൻ ടൂർണമെന്റിൽ ബാറ്റേന്തിയ ജുനൈദ് സെമിയിൽ 51 പന്തിൽ നിന്നും 156 റണ്ണുകൾ വാരിക്കൂട്ടി കാണികളെ കോരിത്തരിപ്പിച്ചിട്ടുണ്ട്. ഇതിൽ 16 പന്തുകളെ കൃഷ്ണഗിരി സ്റ്റേഡിയത്തിനു പുറത്തേക്ക് പറത്തിയാണ് ബൗളർമാരെ വിറപ്പിച്ചത്. കൂടാതെ, അഴകോടെ അടിച്ചെടുത്ത 12 ബൗണ്ടറികളും തന്റെ ഇന്നിങ്സിനു ശക്തി പകർന്നു.
യു.എ.ഇയിലെ ക്രിക്കറ്റ് കളിക്കാർക്കെല്ലാം സുപരിചിതനായ ഇദ്ദേഹത്തെ മിക്ക ക്ലബ്ബുകളും നോട്ടമിടാറുണ്ട്. ടൂർമെന്റുകളിൽ താൻ കളിക്കുന്ന ടീമിന്റെ തുറുപ്പ് ചീട്ടാകുമെന്നത് തന്നെ കാര്യം. ഇവിടുത്തെ ബുഖാദിർ 11, ടി.വി.എസ്.എൽ, അലി ഫാർമ തുടങ്ങിയ ടീമുകൾക് വേണ്ടി പാഡണിയാറുള്ള ജുനൈദ് യു.എ.ഇയിലെ നാഷണൽ ടീമിനുള്ള ഭാവി വാഗ്ദാനമാണെന്നാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിലെ സംസാരം.
ക്രിക്ക്ഹീറോയുടെ 2023ലെ ഇന്ത്യക്ക് പുറത്തുള്ള ഓൾ റൗണ്ടർ ഓഫ് ദി ഇയർ പുരസ്കാരവും സെഞ്ചൂറിയൻ ബാറ്റർ തുടങ്ങിയ പുരസ്കാരങ്ങളുടെ റണ്ണർ അപ്പും ഇതിനോടകം ജുനൈദിന്റെ അലമാരയിൽ ഭദ്രം.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റോ ഗ്രൂപ്പിന്റെ ഓഡിറ്ററായി ജോലി നോക്കുന്ന ജുനൈദ് ഷംസു വയനാട് കമ്പളക്കാട് പള്ളിക്കണ്ടി ഷംസുദ്ധീൻ റൈഹാനത്ത് ദമ്പതികളുടെ മകനാണ്. അർപ്പണമനോഭാവത്തോടെ ക്രിക്കറ്റ് എന്ന കായികവിനോദത്തെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരൻ ഒരു നാൾ യു.എ.ഇ ദേശീയ ടീമിൽ കയറിപ്പറ്റാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.