ചേരിക്കലിന് അഭിമാനമായി സർഗപ്രിയ
text_fieldsപന്തളം: ആലപ്പുഴ എസ്. ഡി കോളജിൽ നടന്ന കേരള സർവകലാശാല നാടകോത്സവത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ഗവൺമെൻറ് ലോ കോളജിലെ സർഗപ്രിയ പന്തളം ചേരിക്കൽ പ്രദേശത്തിന്റെ അഭിമാനമായി. തിരുവനന്തപുരം ഗവ. ലോ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. പന്തളത്തെ പുരോഗമനകല സാംസ്കാരിക പ്രവർത്തനങ്ങളുടെ അമരക്കാരനായിരുന്ന പന്തളം ഭരതന്റെ ചെറുമകളാണ് സർഗപ്രിയ. പന്തളം ചേരിക്കൽ തടത്തിൽ വീട്ടിൽ നാടക് സംസ്ഥാന ജോയന്റ് സെക്രട്ടറിയും കേരള ബാങ്ക് ഉദ്യോഗസ്ഥനുമായ പ്രിയരാജ് ഭരതന്റെയും അനിതയുടെയും മകളാണ് സർഗപ്രിയ.
സന്തോഷ് തകഴി രചനയും സംവിധാനവും സംഗീതവും നിർവഹിച്ച ‘കേടായ വണ്ടി’ എന്ന നാടകത്തിലെ മികച്ച പ്രകടനത്തിനാണ് സർഗപ്രിയക്ക് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം ഗവ.ലോ കോളജ് ചരിത്രത്തിലാദ്യമായാണ് നാടകോത്സവത്തിൽ പങ്കെടുക്കുന്നത് എന്നതും ഈ നേട്ടത്തിന് മാറ്റുകൂട്ടുന്നു. പുരോഗമന ആശയങ്ങളുമായി മുന്നോട്ടു പോകുമ്പോഴും ഇരുളിലേക്ക് തിരിഞ്ഞു നടക്കാൻ ശ്രമിക്കുന്ന പുതിയ ഇന്ത്യൻ സമൂഹത്തിന്റെ പരിച്ഛേദമാണ് കേടായ വണ്ടി എന്ന നാടകം .
ശരീരം ഒരു പൊളിറ്റിക്കൽ ബോഡി ആണെന്ന് തെളിയിക്കുന്ന തരത്തിൽ നാടകത്തിന് നട്ടെല്ലായി മാറിയ നടി ശബ്ദ നിയന്ത്രണവും പ്രയോഗവും സൂക്ഷ്മ ശ്രദ്ധയോടെ കൈകാര്യം ചെയ്താണ് മികച്ച നടിയായി മാറിയതെന്നാണ് വിധികർത്താക്കളുടെ വിലയിരുത്തൽ.
മോണോ ആക്ടിലൂടെ അഭിനയ രംഗത്ത്
നടൻ പ്രേംവിനായകന്റെ ശിക്ഷണത്തിൽ സ്കൂൾ കലാവേദികളിൽ മോണോ ആക്ടിലൂടെയാണ് അഭിനയരം രംഗത്തേക്ക് കടന്നുവന്നത്. നൂറനാട് സുകുവിന്റെ ആലീസിന്റെ അത്ഭുതലോകം,സജി തുളസീദാസിന്റെ ചായം തേച്ച മുഖങ്ങൾ ,കെ.പി.എ.സി മനോജിന്റെ നിറങ്ങൾ ശലഭങ്ങൾ ,പ്രിയതാ ഭരതന്റെ സിൻഡ്രല്ല, മരവും പെൺകുട്ടിയും എന്ന നാടകത്തിലും അഭിനയിച്ചിട്ടുണ്ട്.
പിതാവ് പ്രിയരാജ് ഭരതൻ അയ്യൻകാളിയായി വേഷമിട്ട കനൽ സൂര്യൻ എന്ന നാടകത്തിൽ പഞ്ചമിയായി സർഗപ്രിയയും വേഷമിട്ടിട്ടുണ്ട്. പഠന പ്രവർത്തനത്തിൽ എന്നപോലെ കലാപ്രവർത്തനത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ബാലസംഘത്തിലും എസ്.എഫ്.ഐയിലും പന്തളം , മുടിയൂർക്കോണം മേഖലാ സെക്രട്ടറിയായും വേനൽതുമ്പി കലാജാഥയിലും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.