കോവൂർ To സ്പെയിൻ; ഒരു ഫുട്ബാൾ സ്വപ്നകഥ
text_fieldsശാസ്താംകോട്ട: ലോക ഫുട്ബാൾ ഇതിഹാസവും തന്റെ ആരാധനമൂർത്തിയുമായ ലയണൽ മെസിയോടൊപ്പം ഫുട്ബാൾ കളിക്കണമെന്നാണ് 18 കാരൻ ബിച്ചുനാഥിന്റെ ആഗ്രഹം. വിങ്ങുകളിലൂടെ ആക്രമണം അഴിച്ചുവിടുന്ന അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ അങ്ങനെ സംഭവിക്കുന്ന ഒരു നാളിന്റെ സ്വപ്നം നെഞ്ചിലേറ്റി ബിച്ചു ഇന്ന് വിമാനം കയറുകയാണ്, മെസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്പാനിഷ് മണ്ണിലേക്ക്. അവിടെ ഫുട്ബാളിന്റെ പുത്തൻ പാഠങ്ങൾ അവനെ കാത്തിരിക്കുമ്പോൾ ഇവിടെ കോവൂർ എന്ന കൊച്ചുഗ്രാമം സ്വപ്നം കാണുകയാണ്, അന്താരാഷ്ട്ര നിലവാരത്തിൽ പന്ത് തട്ടുന്ന മിന്നുംതാരമായി അവൻ തിരികെയെത്തുന്ന നാളിനായി.
സ്പാനിഷ് റീജനൽ മൂന്നാം ഡിവിഷൻ ടീമായ മിസ്ലാത്ത യു.എഫ് ക്ലബിന്റെ ഫുട്ബാൾ അക്കാദമിയിൽ പരിശീലനം നടത്തുന്നതിന് ലഭിച്ച സ്വപ്നതുല്യമായ അവസരമാണ് ബിച്ചുവിനെ താരമാക്കിയിരിക്കുന്നത്. മൈനാഗപ്പള്ളി കോവൂർ ഗ്രാമത്തിലെ കൊച്ചുമൈതാനിയിൽ കാൽപ്പന്തുതട്ടി ശീലിച്ച ബിച്ചു സ്പെയിനിലെ കളിക്കളത്തിലേക്ക് തിങ്കളാഴ്ച യാത്ര തിരിക്കുമ്പോൾ ഫുട്ബാൾ സ്വപ്നം കാണുന്ന നിരവധി കുട്ടികളിക്കാർക്ക് അത് പ്രചോദനത്തിന്റെ പുത്തൻ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
കുട്ടിക്കാലത്തെ ഫുട്ബാൾ കമ്പത്തിന് കോവൂർ അപ്പു സ്പോർട്ടിങ് ക്ലബിന്റെ മൈതാനിയിലൂടെയാണ് ഊർജം ലഭിച്ചത്. കേരള പൊലീസിന്റെ മുൻ താരം രാധാകൃഷ്ണപിള്ളയുടെയും ചക്രപാണിയുടെയും കീഴിൽ കാൽപന്തുകളിയുടെ ബാലപാഠങ്ങൾ പഠിച്ചെടുത്തു. പിന്നീട് സായിയിലും സ്പോർട്സ് കൗൺസിലിന്റെ കീഴിലും പഠനത്തോടൊപ്പം പരിശീലനം നേടി. പ്ലസ് ടുവിലേക്ക് കടക്കുന്നതിനിടെ പ്രഫഷനൽ മത്സരകളത്തിലേക്ക് കാൽവെച്ചു. ജൂനിയർ, സബ് ജൂനിയർ സംസ്ഥാന ടീമിനുവേണ്ടി നാല് മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. കൂടാതെ, ഒട്ടേറെ ക്ലബ് മത്സരങ്ങളിലും കളിച്ചു.
മലപ്പുറം ആസ്ഥാനമായുള്ള കേരള യുനൈറ്റഡ് ക്ലബിന്റെ താരമായി കളിക്കുന്നതിനിടെയാണ് സ്പെയിനിലേക്കുള്ള അവസരം വന്നെത്തിയത്. സെലക്ഷൻ മത്സരത്തിൽ വിങ്ങറായി കത്തിയ ബിച്ചുവിന് സ്പാനിഷ് സ്വപ്നം അനായാസം പൂവണിഞ്ഞു. പരിശീലനവും കളിയുമായി സ്പെയിനിൽ ഒരു മാസക്കാലം ഉണ്ടാകും.
മികച്ച പ്രകടനം കാഴ്ചവെച്ചാൽ അവിടത്തെ ഫുട്ബാൾ ക്ലബുകളിൽ ഇടം പിടിക്കാനാകും എന്ന സാധ്യതയാണ് ബിച്ചുനാഥ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. തന്റെ പ്രിയപ്പെട്ട ആരാധനാപാത്രമായ മെസി കളി പഠിച്ചു വളർന്ന് താരമായ സ്പാനിഷ് മണ്ണിലേക്ക് തന്നെ കളിക്കാൻ പോകാൻ കഴിയുന്നതിന്റെ ആവേശം ബിച്ചുവിന്റെ വാക്കുകളിൽ ആത്മവിശ്വാസം നിറക്കുന്നു.
എല്ലാ പിന്തുണയുമായി സ്പോർട്സിനെ നെഞ്ചേറ്റിയ കുടുംബം ബിച്ചുവിനൊപ്പമുണ്ട്. ദേശീയ അത്ലറ്റിക് താരം പരേതയായ ദ്രൗപദി മുത്തശ്ശിയാണ്. മുത്തശ്ശിയുടെ സഹോദരൻ രഘുനാഥും ദേശീയ താരമായിരുന്നു. പിതാവ് കോവൂർ പുത്തൻപുരയിൽ ബിനുനാഥും അത്ലറ്റിക് താരമായിരുന്നു.
ഇപ്പോൾ കൊല്ലം സ്പോർട്സ് കൗൺസിൽ ട്രെയിനറാണ്. വീട്ടമ്മയായ വിനിതയാണ് മാതാവ്. കോവൂർ യു.പി.എസിലെ അഞ്ചാം ക്ലാസുകാരി സഹോദരി അൻവിത നാഥിന് സ്പോർട്സിനോടും കളികളോടും തൽപര്യമില്ലെങ്കിലും മികച്ച ചിത്രകാരിയാണ്.
കോവൂർ ഗ്രാമത്തിൽനിന്ന് ആദ്യമായൊരു കായികതാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയർന്നതിന്റെ ആഘോഷത്തിലാണ് നാട്ടുകാർ. അഭിനന്ദനങ്ങളും അനുമോദനവുമായി ബിച്ചുവിനെ തേടി നാട് ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.
ബിച്ചുവിന്റെ ആഗ്രഹം പോലെ മെസ്സിയോടൊപ്പം കളിക്കുന്നതിന് വിദേശ ടീമിൽ ഇടം പിടിക്കുന്നതിനും കഴിയട്ടെ എന്ന പ്രാർഥനയിലാണ് ഇപ്പോൾ നാടൊന്നാകെ. ബിച്ചു ഇന്ന് ചെന്നൈയിൽനിന്ന് സ്പെയിനിലേക്ക് വിമാനം കയറുന്നത് കാണാൻ കുടുംബവും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.