സർവ കലാ കൃഷ്ണപ്രിയ
text_fieldsചെറു പ്രായത്തിൽ തന്നെ വിവിധ കലാ രൂപങ്ങളിൽ മികവ് തെളിയിച്ച കൊച്ചു പ്രതിഭയുണ്ട് അൽ ഐനിൽ. മലയാളി പ്രവാസി ദമ്പതികളുടെ മകളായ കെ.എസ് കൃഷ്ണപ്രിയ. നന്നേ ചെറുപ്പത്തിൽ തന്നെ പാട്ടിനോടും നൃത്തത്തോടും കലാപരമായ മറ്റ് രൂപങ്ങളോടും അഭിരുചി കാണിച്ചിരുന്ന ഈ കൊച്ചുമിടുക്കി ഇന്ന് പ്രവാസി മലാളികൾക്കിടയിൽ പ്രശസ്തയായിക്കൊണ്ടിരിക്കുകയാണ്.
ഇംഗ്ലീഷ് ഗാനം, മോണോ ആക്ട്, മോഹിനിയാട്ടം, നാടോടി നൃത്തം, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, സംഗീതം എന്നീ മേഖലകളിലെല്ലാം ആരേയും അത്ഭുതപ്പെടുത്തുന്ന മികവ് പുലർത്താൻ കൃഷ്ണപ്രിയക്ക് കഴിയുന്നുണ്ട്. ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ലളിത സംഗീതത്തോടാണ് കൂടുതൽ താല്പര്യം.
മലയാളത്തിൽ പ്രസംഗം നടത്താനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. മനോഹരമായ കയ്യെഴുത്തിനുടമായ കൃഷ്ണപ്രിയ നന്നായി ചിത്രം വരക്കുകയും ചെയ്യും. 2016 ലാണ് കൃഷ്ണപ്രിയ അൽഐനിൽ എത്തുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്നത് മുതൽ അൽഐനിലെ വിവിധ സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ച് കലാപ്രേമികളുടെ മനം കവർന്നിട്ടുണ്ട്.
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ, മലയാളി സമാജം തുടങ്ങിയ കൂട്ടായ്മ നടത്തുന്ന വിവിധ കലാപരിപാടികളിൽ അടക്കം വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടിട്ടുണ്ട്. നല്ല അഭിനയേത്രികൂടിയാണ് കൃഷ്ണപ്രിയ. ചെറിയ ചെറിയ പരസ്യങ്ങളിലൂടെ അഭിനയ കലയിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാനും മിടുക്കിയാണ് കൃഷ്ണപ്രിയ. ഐ.എസ്.എൽ ചിൽഡ്രൻസ് ഫോറത്തിൽ അംഗമാണ്. കായിക മത്സരങ്ങളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്കൂളിലെ കായിക മേളയിൽ 800 മീറ്റർ ഓട്ടത്തിൽ പലപ്പോഴും ഒന്നാം സ്ഥാനം നേടി കായിക രംഗത്തും തന്‍റെ കഴിവുകൾ പ്രകടിപ്പിച്ചു. ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങളാണ് നേടിയത്.
പഠനത്തിൽ മിടുക്കിയും ഏതൊരു കാര്യത്തിലും അറിവും ആവേശവും നിറഞ്ഞ കൃഷ്ണപ്രിയ അൽഐൻ ഇന്ത്യൻ സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ്. ഇതേ സ്കൂളിലെ ഹിന്ദി അധ്യാപികയായ മാതാവ് കവിതയാണ് മകളെ സംഗീതവും കലയും പഠിപ്പിക്കുന്നത്. സൈന്യത്തിൽ ജോലി ചെയ്തിരുന്ന പിതാവ് സുരേഷ് ഇപ്പോൾ കായിക അധ്യാപകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.