ആരിഫയെ കണ്ട് പഠിക്കാം, വിജയം ഉറപ്പ്
text_fieldsകാഞ്ഞങ്ങാട്: അധ്വാനിക്കാനുള്ള മനസ്സും ആഗ്രഹവുമുണ്ടെങ്കിൽ എതുസംരംഭവും വിജയിക്കുമെന്നതാണ് ഉദുമ നാലാംവാതുക്കൽ മൂലയിൽ വീട്ടിൽ ആരിഫ ഷമീർ നൽകുന്ന പാഠം. ഡെയറി ഫാമിങ്ങിലൂടെ മികച്ച വരുമാനംനേടാൻ സാധിക്കുമെന്ന് കാണിച്ചുതരുകയാണ് ഈ വീട്ടമ്മ. ഉദുമ മൂലയിൽ വീടിനോട് ചേർന്നുള്ള 30 സെൻറ് സ്ഥലത്താണ് ആരിഫയുടെ പശു വളർത്തലും പാലുൽപന്ന നിർമാണവും. കുടുംബശ്രീയുടെ തണലിൽ ഒരു പശുവിൽനിന്ന് തുടങ്ങിയ ആരിഫയുടെ ഡയറി ഫാമിങ് ജീവിതം ഇന്ന് പാലും പാലുൽപന്നങ്ങളും വിൽക്കുന്ന മിൽക് പ്രോഡക്ട് സംരംഭമായി വളർന്നുകഴിഞ്ഞു. നേരത്തെ സ്കൂൾ അധ്യാപികയായിരുന്നു ആരിഫ. അതൊക്കെ വിട്ടാണ് കോവിഡിനുശേഷം പുത്തൻ സംരംഭം തുടങ്ങിയത്.
ലെസ്സി, സിപ് അപ്, പേട തുടങ്ങി ഒട്ടേറെ പാലുൽപന്നങ്ങൾ സ്വന്തമായി നിർമിച്ച് സ്വന്തംകടയിലൂടെ വിൽക്കുന്ന വേറിട്ട സംരംഭമാണ് ആരിഫയുടേത്. ആലാമിപ്പള്ളിയിലെ ‘എന്റെ കേരളം പ്രദർശന വിപണന മേള’യിലും ഇവരുടെ പാലുൽപന്നങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. സജീവമായിരുന്നു ആരിഫയും മക്കളും ചേർന്നുനടത്തിയ കച്ചവടം. സ്വന്തം ഭാവനയിൽ തുടങ്ങിയ മിൽക്ക് കമ്പനിയുടെ ഉൽപന്നങ്ങളായിരുന്നു ഇവരുടെ സ്റ്റാൾ നിറയെ.
വീട്ടിൽ എട്ടോളം പശുക്കളുണ്ട്. ഇവയിൽനിന്ന് കറന്നെടുക്കുന്ന പാലുകൊണ്ടാണ് സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്. 10 ലിറ്റർ പാൽ വിലകൊടുത്ത് വാങ്ങിയാണ് ആദ്യമായി പാലുൽപന്നങ്ങൾ ഉണ്ടാക്കാൻ പഠിച്ചുതുടങ്ങിയത്. യൂട്യൂബ് നോക്കിയായിരുന്നു പശുക്കറവയും ഉൽപന്ന നിർമാണവുമൊക്കെ പഠിച്ചെടുത്തത്. പിന്നാലെ, ക്ഷീര വികസന ഓഫിസർ ഇടപെട്ട് ഇവരെ കോഴിക്കോടയച്ച് പരിശീലിപ്പിച്ചു. അടുത്തിടെ മണ്ണുത്തിയിൽ ആദരിച്ച നാല് സംരംഭകരിൽ ഒരാൾ ആരിഫയായിരുന്നു. അധ്യാപകനായ ഭർത്താവ് ഷമീറും മക്കളും സഹായവുമായി കൂടെയുണ്ട്. മക്കളായ ഷമീല, സുഹൈല, അമീൻ, അമാൻ എന്നിവർ പശുവിനെ പരിപാലിക്കാനും കൂടെക്കാണും. ഉമ്മ വിപണനത്തിനായി പുറത്തുപോയാൽ വീട്ടുഭരണം മക്കളുടെ ൈകയിലാണ്.
20 ലക്ഷത്തോളം ചെലവഴിച്ചാണ് യൂനിറ്റ് തുടങ്ങിയത്. ഇതിന് സർക്കാറിന്റെയും മറ്റ് വകുപ്പുകളുടെയും അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. കഴിഞ്ഞയാഴ്ച മറ്റൊരു മെഷീൻ ആരിഫ വാങ്ങി. പാക്കിങ് മെഷീൻകൂടി വാങ്ങി വിപണി കൂടുതൽ വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് ആരിഫ പറയുന്നു. വിപണിയിലേക്ക് കൂടുതൽ സാധനമെത്തുമ്പോൾ പുറത്തുനിന്നും ജോലിക്ക് ആളെ വെക്കേണ്ടിവരുമെന്നും അവർ പറഞ്ഞു.
വിജയരഹസ്യങ്ങൾക്കു പിന്നിൽ കഷ്ടപ്പാടുകൾ ഏറെയുണ്ട് ആരിഫക്ക്. അതിരാവിലെ മൂന്നരക്കുതന്നെ ഉറക്കമുണരും. പാലുൽപന്നങ്ങളുടെ പാക്കിങ്ങും മറ്റും ചെയ്യും. ശേഷം തൊഴുത്തിലേക്ക്. തൊഴുത്തു വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ചാണ് കറവ. ഭർത്താവും കറവക്ക് സഹായിക്കും. ശേഷം പുല്ല് നൽകും. എട്ടു മണിയാകുമ്പോൾ പാലും പാലുൽപന്നങ്ങളുമായി ആരിഫ തന്റെ ഇലക്ട്രിക് സ്കൂട്ടറിൽ ഇളയ മോനോടൊപ്പം കടയിലേക്ക് യാത്രയാകും. പശുക്കളുടെ കാര്യങ്ങളും പാലുൽപന്ന വിൽപനയിലും ആരിഫ ശ്രദ്ധിക്കുമ്പോൾ അടുക്കള കൈകാര്യം ചെയ്യുന്നത് മക്കളായ ഷമീലയും സുഹൈലയും അമീനുമാണ്.
പാലുൽപന്നങ്ങൾ സിപ് അപ്, തൈര് ഉപയോഗിച്ച് വിവിധ രുചികളിൽ ലെസ്സി, ശ്രീകണ്ഡ്, പേട, പനീർ, പനീർ ഉപയോഗിച്ചുള്ള ഛന്നാമുർഗി എന്നിങ്ങനെ ഉൽപന്നങ്ങളുടെ നിര നീളും. ഇതിൽ പലതും ഓർഡർ അനുസരിച്ച് തയാറാക്കി നൽകുന്നവയാണ്. ജിമ്മിൽ പോകുന്നവർ സ്ഥിരമായി വാങ്ങുന്നത് പനീർ വിഭവങ്ങളാണ്. ഇപ്പോൾ പ്രതിദിനം 40 ലിറ്റർ പാലാണ് ഉൽപാദനം.
പച്ചക്കറിക്കൃഷിയുള്ളവരും നഴ്സറികളുമാണ് മൂത്രവും ചാണകവും വാങ്ങുന്നത്. മുപ്പത് സെൻറ് സ്ഥലത്തും തൊട്ടടുത്ത് പാട്ടത്തിനെടുത്ത 30 സെൻറ് ഭൂമിയിലും പുൽകൃഷി നടത്തിയാണ് പശുക്കൾക്ക് വേണ്ട തീറ്റ കണ്ടെത്തുന്നത്. സ്വന്തമായി തീറ്റ ഉൽപാദിപ്പിച്ച് സ്വന്തം പശുക്കളുടെ പാൽ കൊണ്ട് മായമേതുമില്ലാതെ ആരിഫയുടെ ‘മിൽക്കാസ് ഡയറി മിൽക്സ്’ ഉൽപന്നങ്ങൾ കൂടുതൽ വിപണി കീഴടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.