കരുത്തരുടെ ലോകത്ത്ഉരുക്കിന്റെ ശക്തികാട്ടി മലയാളി
text_fieldsമലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരു കായിക മേഖലയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് പ്രവാസി മലയാളിയായ ഷഹ്സാദ്. ലോകത്ത് കരുത്തരായ മനുഷ്യരെ പരിചയപ്പെടുത്തുന്ന വേൾഡ് സ്ട്രോങ്ങസ്റ്റ് മാൻ എന്ന കായിക ഇനത്തിലാണ് ഷഹ്സാദ് മലയാളിയുടെ കരുത്ത് തെളിയിച്ചത്.
ഈ വർഷം ആദ്യത്തിൽ ദുബൈ സ്പോർട്സ് കൗൺസിലിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്ട്രോങ് മത്സരത്തിൽ ഓപ്പൺ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയാണ് കരുത്തിന്റെ മത്സരത്തിൽ ഉരുക്കിന്റെ പ്രകടനവുമായി ഷഹ്സാദ് മലയാളിയുടെ വരവറിയിച്ചിരിക്കുന്നത്. ശരീര പ്രദർശനത്തിൽ നിന്ന് വിത്യസ്തമായി കരുത്തു കൊണ്ട് മാത്രം വിജയിക്കാൻ കഴിയുന്ന കായിക ഇനമാണ് സ്ട്രോങ് മാൻ. ഓരോ ഇവന്റിലും വിവിധ രൂപത്തിലും ഭാവത്തിലുമായിരിക്കും മത്സരം. അപ്രതീക്ഷിതമായ ചില മാറ്റങ്ങളും പ്രതീക്ഷിക്കണം.
തീർത്തും അപ്രതീക്ഷിതായിരുന്നു മത്സരത്തിലേക്ക് ഷഹ്സാദിന്റെ പ്രവേശനം. കാരണം ബോഡി ബിൽഡിങ്ങിൽ നിന്ന് വിത്യസ്തമായി ഈ കായിക മത്സരം മലയാളികൾക്കിടയിൽ അത്ര സുപരിചിതമല്ലായിരുന്നു. അബൂദബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്.ആർ. വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷഹ്സാദ് പ്രവാസത്തിന്റെ തിരക്കിൽ ശാരീരികക്ഷമത നിലനിർത്താനായി മറ്റു യുവാക്കളെ പോലെ ജിംനേഷ്യത്തിൽ സ്ഥിരം സന്ദർശകൻ മാത്രമായിരുന്നു. ഒരിക്കൽ ദുബൈ സന്ദർശനത്തിനിടെ സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ദുബൈയിൽ നടന്ന സ്ട്രോങ് മാനിൽ അരങ്ങേറ്റം കുറിക്കുന്നത്. 2020ൽ നോവിസ് വിഭാഗത്തിലായിരുന്നു മത്സരം.
പാശ്ചാത്യരുടെ പങ്കാളിത്തം കൊണ്ട് വേറിട്ടു നിന്ന മത്സരത്തിൽ മലയാളിയുടെ സാന്നിധ്യം കണ്ടുനിന്നവർക്ക് അൽപം തമാശയായി തോന്നിയെങ്കിലും അതുവരെ കരുത്തിന്റെ പ്രതീകമായി നിലനിന്ന പലരേയും പിന്തള്ളി ഈ 27 കാരൻ മൂന്നാം സ്ഥാനം നേടിയപ്പോൾ അത് മറ്റൊരു യുഗത്തിന്റെ പിറവി കൂടിയായിരുന്നു. ഇനി ഈ കായിക മേഖലകളിൽ കേരളത്തിന്റെ സാന്നിധ്യം വീണ്ടും പ്രതീക്ഷാക്കാമെന്ന പ്രഖ്യാപനം കൂടിയായിരുന്നു ഷഹ്സാദിന്റെ വിജയം. യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും കരുത്തനായ വ്യക്തിയെന്ന ഖ്യാതിയും ഷഹ്സാദ് തന്റെ പേരിൽ സ്വന്തമാക്കുകയും ചെയ്തു.
എന്നാൽ, സ്ട്രോങ്മാനിൽ നിന്ന് രണ്ട് ഘട്ടം കൂടി മുന്നോട്ടു പോയാൽ മാത്രമേ വേൾഡ് സ്ട്രോങ്ങസ്റ്റ് മാനിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കൂ. റഷ്യയിലെ സൈബീരിയൻ പവർ ഷോയിൽ പങ്കെടുക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. എന്നാൽ, ഓരോ ഇവന്റും വിത്യസ്തമായ രീതികൾ അവലംബിക്കുന്നത് ഏറെ വെല്ലുവളി ഉയർത്തുന്ന ഒന്നാണെന്ന് ഷഹ്സാദ് പറയുന്നു. വേൾ സ്ട്രോങ്ങസ്റ്റ് മാൻ ആയിരുന്ന ബ്രിട്ടീഷ് വംശജനായ ലോറൻസ് ഷെഹ്ലെയുടെ നിർദേശങ്ങളും ശിക്ഷണവും വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ മേഖലയിൽ പരിശീലനം ആഗ്രഹിക്കുന്നവർക്ക് ഷഹ്സാദുമായി ബന്ധപ്പെടാം.
നമ്പർ: 56 469 4967. ഇൻസ്റ്റാഗ്രാം എകൗണ്ട്: shahzadshajahan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.