അറബ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ നേടി മലയാളി പെൺകുട്ടി ഖദീജ നിസ
text_fieldsദമ്മാം: മലയാളി താരത്തിന്റെ കരുത്തില്‍ രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യക്ക് നേട്ടം. 15 രാജ്യങ്ങള്‍ പങ്കെടുത്ത അറബ് ജൂനിയര്‍ ആൻഡ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദിയെ പ്രതിനിധീകരിച്ച കൊടുവള്ളി സ്വദേശിനിയും റിയാദിലെ സ്കൂൾ വിദ്യാർഥിയുമായ ഖദീജ നിസയാണ് മൂന്ന് മെഡലുകള്‍ സ്വന്തമാക്കിയത്. അണ്ടര്‍ 19 മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം, ഗേള്‍സ് ഡബിള്‍സില്‍ വെള്ളി, ഗേള്‍സ് സിംഗിള്‍സില്‍ വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം. മിക്‌സഡ് ഡബിള്‍സില്‍ സൗദിയിൽനിന്നുള്ള യമസാന്‍ സൈഗും ഗേള്‍സ് ഡബിള്‍സില്‍ അല്‍ ബുതുല്‍ അല്‍ മുതൈരിയുമാണ് ഖദീജയോടൊപ്പം കളത്തിലിറങ്ങിയത്.
സൗദി ദേശീയ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണം നേടിയ ഖദീജ നിസ സൗദി അറേബ്യക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത് രണ്ട് സ്വര്‍ണം ഉള്‍പ്പെടെ 10 മെഡലുകള്‍ നേടിയിരുന്നു. സൗദി അറേബ്യ ആദ്യമായാണ് അറബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് വേദിയാകുന്നത്. സിറിയ, ജോർദന്‍, ഇറാഖ്, ബഹ്‌റൈന്‍, ഫലസ്തീന്‍, ഈജിപ്ത്, ലബനൻ, അള്‍ജീരിയ, സുഡാന്‍, മൊറോക്കൊ, മൗറിത്താനിയ, തുനീഷ്യ, ലിബിയ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറിലധികം താരങ്ങളാണ് റിയാദിൽ അരങ്ങേറിയ അഞ്ച് ദിവസം നീണ്ട ടൂർണമെന്റില്‍ അണിനിരന്നത്.
സൗദിയുടെ കായികചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്ത ഖദീജ നിസയെ അറബ് മാധ്യമങ്ങളും വാഴ്ത്തുകയാണ്. മാറുന്ന സൗദിയുടെ വളർച്ചക്കൊപ്പം കായികമേഖലയിൽ തുല്യതയില്ലാത്ത നേട്ടങ്ങളാണ് ഈ പെൺകുട്ടി കരസ്ഥമാക്കിയത്. സൗദിയിൽ ജനിച്ചുവളർന്ന വിദേശികൾക്കും ദേശീയ ഗെയിംസിൽ പങ്കെടുക്കാം എന്ന നിയമം വന്നതോടെയാണ് ഖദീജ നിസയുടെ വഴിതെളിഞ്ഞത്. ചെറുപ്പത്തിലേ പിതാവിനൊപ്പം ബാഡ്മിന്റൺ കളിച്ചുവളർന്ന ഖദീജ നിസ അസാധാരണ കളിപാടവം പ്രകടിപ്പിച്ചിരുന്നു. റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടുരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ നിസ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.