ആറാം നാൾ ഹാതിം കിളിമഞ്ചാരോ കാൽക്കീഴിലാക്കി
text_fieldsഅരീക്കോട്: ആഫ്രിക്കയിലെ ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഫലസ്തീൻ കൊടിയുയർത്തി മലയാളി സഞ്ചാരി. അരീക്കോട് സ്വദേശി ഹാതിം ഇസ്മായിലാണ് ഈ വേറിട്ട സാഹസിക യാത്ര പൂർത്തിയാക്കിയത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള പർവതവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രീ സ്റ്റാൻഡിങ് പർവതവുമായ, താൻസാനിയയിലെ 5895 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായ ഉഹ്റു കൊടുമുടി ആറു ദിവസം കൊണ്ടാണ് കീഴടക്കിയത്.
കിളിമഞ്ചാരോ കീഴടക്കാൻ സാധിക്കുന്ന അഞ്ച് വഴികളിലെ അതികഠിനവും അതിമനോഹരവുമായ മച്ചാമേ ക്യാമ്പ് വഴിയായിരുന്നു സാഹസിക യാത്ര. ഒന്നാം ദിവസം മോഷിയിൽ ആരംഭിച്ച യാത്ര 3000 മീറ്റർ ഉയരത്തിലുള്ള മച്ചാമേ ക്യാമ്പും 3850 മീറ്റർ ഉയരമുള്ള ഷീരാകേവ് ക്യാമ്പും 4600 മീറ്റർ ഉയരത്തിൽ ഭിത്തി പോലെ നിൽക്കുന്ന ബാറാങ്കോ ലാവാ ടവറും ബാരൻകോ ക്യാമ്പും കരങ്ൻഘ ക്യാമ്പും ബാറാഫു ക്യാമ്പും പിന്നിട്ടാണ് ലക്ഷ്യം കണ്ടത്. ആറാം ദിവസം പുലർച്ചെ അഞ്ചിന് സ്റ്റേല്ലാ പോയന്റിൽ ഏകദേശം 5756 മീറ്റർ ഉയരത്തിൽനിന്ന് കണ്ട സൂര്യോദയം ജീവിതത്തിൽ മറക്കാനാവാത്ത അനുഭൂതിയാണെന്ന് ഹാത്തിം ഓർത്തെടുത്തു. മലമുകളിൽ ഫലസ്തീൻ പതാക ഉയർത്തി അദ്ദേഹം ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
2019ൽ സുഹൃത്തിന്റെ കൂടെ കേരളം മുതൽ കശ്മീർ വരെ സൈക്കിൾ യാത്രയും 2021ൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് യാത്രയും നടത്തിയിരുന്നു. എവറസ്റ്റ് കീഴടക്കുക എന്നതാണ് അടുത്ത ലക്ഷ്യം. അരീക്കോട് വലിയപീടിയക്കൽ ജാഫർ-നുസൈബ ദമ്പതികളുടെ മകനായ ഹാതിം അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിൽ ലാബ് അസിസ്റ്റന്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.