മൈലാഞ്ചി മൊഞ്ചിൽ സബ്‌നക്കിനി തിരക്കിന്‍റെ നാളുകൾ
text_fieldsറിയാദ്: വാനിൽ ശവ്വാലിന്‍റെ പൊന്നമ്പിളി തെളിയുമ്പോൾ പുണ്യങ്ങൾ പെയ്തിറങ്ങിയ ദിനരാത്രികൾക്ക് അറുതിയാവുന്നു; പെരുന്നാൾ സന്തോഷങ്ങൾക്ക് തുടക്കവും. ആഘോഷങ്ങൾക്ക് ചാരുത പകരാനും മൈലാഞ്ചി മൊഞ്ച് നൽകാനും മഞ്ചേരി സ്വദേശിനി സബ്നയുടെ മാന്ത്രിക കരങ്ങൾ തയാർ. ആറു വർഷമായി റിയാദിലെ പെൺസൗന്ദര്യ സങ്കല്പങ്ങൾക്ക് ചാരുത പകരുകയാണ് മഞ്ചേരി സ്വദേശിനിയായ സബ്ന നിഹാസ് വാജിദ്.
ചെറുപ്പത്തിലേ മൈലാഞ്ചി അണിയിച്ചുകൊണ്ട് തന്‍റെ കരവിരുത് തെളിയിച്ച സബ്‌ന പ്രവാസത്തിലും തന്‍റെ കലാപരതക്ക് നിറം പകരുകയാണ്. ഇതിനായി 'സബ്‌സ് ഹെന്ന കോർണർ' എന്ന പേരിൽ ഒരു സ്ഥാപനം രണ്ട് വർഷമായി നടത്തുകയാണ് റിയാദിൽ. കോർപറേറ്റ് ഇവന്‍റുകൾ, അറബികളുടെയും മറ്റ് രാജ്യക്കാരുടെയും വിവാഹവേളകൾ, റമദാൻ കാലം, പെരുന്നാൾ മറ്റ് ആഘോഷ വേളകളെല്ലാം തന്നെ ഇന്ന് സബ്‌നയുടെ സാന്നിധ്യം പെൺകുട്ടികൾക്കും വനിതകൾക്കും അനിവാര്യമാണ്. അറബിക്, ഇന്ത്യൻ, പാക്കിസ്താൻ തുടങ്ങി വൈവിധ്യമാർന്ന ഡിസൈനുകൾ തീർക്കുന്നു.
പ്രകൃതിദത്തമായ നാട്ടിലെ മൈലാഞ്ചി ചെടികളിൽനിന്നുള്ള ഇലകളിൽ നിന്നാണ് ചേരുവ നിർമിക്കുന്നത്. ആറുവർഷം മുമ്പ് റിയാദിലെ ഖാലിദിയ പാർക്കിൽ വെച്ച് സൗജന്യമായി കുട്ടികൾക്കും മുതിർന്നവർക്കും മൈലാഞ്ചിയിട്ടുകൊണ്ടായിരുന്നു ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്. പിന്നീട് ചെറിയ തുക വാങ്ങി വീടുകളിലും മറ്റ് വേദികളിലും തന്‍റെ ദൗത്യം തുടർന്നു. എല്ലാ പ്രായക്കാരും ദേശക്കാരും മെഹന്തി ഉപയോഗിക്കാറുണ്ട്.
സൗദികളായ നിരവധി ഉപഭോക്താക്കൾ സബ്‌നക്കുണ്ട്. സൗന്ദര്യബോധം മാത്രമല്ല, മാനസികമായ ആനന്ദവും മൈലാഞ്ചി ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. കോവിഡ് കാലത്ത് നിരവധി പേർ ഇതിന്‍റെ പ്രയോജനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദധാരിണിയായ സബ്‌ന ഇന്ന് ഈ തൊഴിലിൽ ഏറെ സംതൃപ്തയും സന്തോഷവതിയുമാണ്.
മട്ടാഞ്ചേരി സ്വദേശിയും ട്രെയിനറുമായ നിഹാസ് വാജിദ് ഭർത്താവാണ്. മോഡേൺ ഇന്‍റർനാഷനൽ സ്കൂൾ വിദ്യാർഥികളായ നുസൈഹ്, നാസിഫ്, നസ്ഹാൻ എന്നിവർ മക്കളും. ഇൻസ്റ്റാഗ്രാമിൽ 30,000 ഫോള്ളവേഴ്സ് സബ്‌നക്കുണ്ട്. https://instagram.com/sabs_henna_corner
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.