ന്യൂജെന്നിന് വേണ്ട; ഓർമകൾ ചിതലരിക്കുന്ന ഓട്ടോഗ്രാഫ്
text_fieldsശ്രീകണ്ഠപുരം: വർഷങ്ങൾക്കു ശേഷം ഹൃദയാക്ഷരങ്ങൾ വൈകാരികതയോടെ വായിച്ച് കണ്ണുനനയാൻ ഓട്ടോഗ്രാഫില്ലാതെ ന്യൂജൻ വിടവാങ്ങൽ. കാലത്തെ അതിജീവിച്ച വരികൾ പിറന്ന് തലമുറകളോടൊപ്പം നടന്ന ഓട്ടോഗ്രാഫുകളാണ് പുതുതലമുറ കൈയൊഴിഞ്ഞത്.
ആധുനിക സാങ്കേതിക വിദ്യയുടെ വേറിട്ട വഴികളിൽ എന്നും കാണാനും സ്നേഹ സൗഹൃദങ്ങൾ പങ്കുവെക്കാനും കഴിയുന്ന പുതു തലമുറ എന്ത് ഓട്ടോ ഗ്രാഫെന്ന് ചോദിക്കുമ്പോൾ അത്ഭുതപ്പെടേണ്ടതില്ല. എന്നും സെൽഫിയും റീൽസും പങ്കുവെക്കുമ്പോൾ ഇവർക്ക് ഗ്രൂപ് ഫോട്ടോയും കൈ വീശി കണ്ണീരുമായി കടന്നു പോകലും കേൾക്കുമ്പോൾ വെറും തമാശ.
കളി ചിരിയും അടിപൊളിയുമായി അവർ നടന്നു നീങ്ങുമ്പോൾ സെൽഫി റീലുകൾ ഇൻസ്റ്റയിലൂടെ ലോകം കൈയടക്കും. ഒ.കെ ഗെയ്സ് പറഞ്ഞ് പിരിഞ്ഞു പോകും. യാത്രക്കിടയിലും വീട്ടിലെത്തിയും സന്ദേശങ്ങൾ പ്രവഹിക്കും. പ്രണയവും വിരഹ വേദനയുമായി കണ്ണീരുപ്പു കലർന്ന വരികൾ കോറിയിടാൻ ഇവർക്ക് ഓട്ടോ ഗ്രാഫ് വേണ്ടി വരുന്നില്ല. പക്ഷെ, പഴയ തലമുറക്ക് ഓട്ടോ ഗ്രാഫ് എല്ലാമായിരുന്നു.
ഓർമകൾ ചിതലരിച്ച ഓട്ടോഗ്രാഫ് താളുകളിലെ പേപ്പർ കഷ്ണങ്ങൾ കൂട്ടി വച്ച് പഴയ കുട്ടുകാരന്റെയും പ്രണയിനിയുടെയും കൈപ്പടയിൽ കോറിയിട്ട വരികൾ വായിച്ച് അവരുടെ മിഴികൾനിറയും. കാരണം പത്താം ക്ലാസ് കഴിയുന്നതോടെ പിന്നീടൊരിക്കലും എവിടെയും കണ്ടുമുട്ടുമെന്ന പ്രതീക്ഷ അവർക്കില്ലായിരുന്നു. കുറച്ച് വർഷങ്ങളായി വിപണിയിൽ ഓട്ടോ ഗ്രാഫ് കുറഞ്ഞു വരികയായിരുന്നു. ആവശ്യക്കാരില്ലാത്തതിനാൽ പുതിയവ എത്തിയതുമില്ലെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.