18കാരി മിസ്റിയ തസ്നീം വായിക്കുകയാണ്; ഐ.എ.എസ് മോഹവുമായി
text_fieldsഎകരൂല്‍: പുതുതലമുറയിൽ വായന ശീലം കുറഞ്ഞുവരുന്നതായി പരാതി ഉയരുന്ന കാലത്ത് വലിയ സ്വപ്നങ്ങളുമായി മിസ്റിയ തസ്നീം എന്ന 18 കാരി വായന തുടരുകയാണ്. ബാലുശ്ശേരി കപ്പുറം സ്വദേശി മിസ്റിയ ഒഴിവുവേളകള്‍ മുഴുവന്‍ വായനക്ക് മാറ്റിവെച്ച പെണ്‍കുട്ടിയാണ്. ഇത്തവണ സയന്‍സ് വിഭാഗത്തില്‍ നാല് വിഷയങ്ങളില്‍ ഫുള്‍മാര്‍ക്കോടെ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി പ്ലസ്ടു പൂര്‍ത്തീകരിച്ച് തുടര്‍ പഠനത്തിന് കാത്തിരിക്കുന്ന മിസ്റിയയുടെ വിജയ തിളക്കത്തിന്റെ മുഖ്യ കാരണം വായന തന്നെ.
രാത്രിയും പകലുമില്ലാതെ ഒഴിവുവേളകള്‍ പൂര്‍ണമായും വായനക്ക് മാറ്റിവെക്കുകയാണ് ഈ മിടുക്കി. ഇന്ത്യന്‍ അഡ്മിനിസ്ട്രേഷന് സര്‍വിസ് (ഐ.എ.എസ്) നേടിയെടുക്കണമെന്ന വലിയ മോഹത്തിലേക്കുള്ള പ്രതീക്ഷയിലാണ് മിസ്റിയ ഓരോ പുസ്തകങ്ങളും തിരഞ്ഞെടുക്കുന്നതും വായിക്കുന്നതും. രചനാരംഗത്തും കലാരംഗത്തും കഴിവു തെളിയിച്ച ഈ മിടുക്കി തൃശൂര്‍ ദേവിക സാംസ്കാരിക വേദിയുടെ കുഞ്ഞുണ്ണി മാഷ് വിദ്യാഭ്യാസ പുരസ്കാരം, പഞ്ചായത്ത് തല മെട്രിക് മേള, സ്മാർട്ട് എനര്‍ജി പ്രോഗ്രാം, ഗാന്ധി ക്വിസ് തുടങ്ങി നിരവധി പരിപാടികളുടെ പ്രശംസാ പത്രങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ജീവിത പ്രാരബ്ധങ്ങളിലൂടെ കടന്നു പോകുമ്പോഴും കഠിന ശ്രമത്തിലൂടെ ഉന്നത പഠനം പൂര്‍ത്തീകരിച്ച് കുടുംബത്തിന് തണലാകണമെന്നാണ് ആഗ്രഹം. ഫിസിക്സില്‍ താല്പര്യമുള്ളതിനാല് ബി.എസ് സി ഫിസിക്സില്‍ ബിരുദം നേടുന്നതോടൊപ്പം ഐ.എ.എസ് കോച്ചിങ്ങിനുകൂടി പോകണമെന്നാണ് മോഹമെങ്കിലും, സാമ്പത്തിക പ്രയാസങ്ങള്‍ മിസ്റിയക്കുമുന്നില് വെല്ലുവിളിയാണ്. തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് ടി.സി. മുബാറകിന്റെയും പഞ്ചായത്ത് ഹരിത കര്‍മസേനയില്‍ ജോലി ചെയ്യുന്ന മാതാവ് ഫാത്തിമയുടെയും തുച്ഛമായ വരുമാനത്തിലാണ് വാടക വീട്ടില്‍ കുടുംബം കഴിയുന്നത്. ഏക സഹോദരി മിനര്‍വ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. തുടർ വിദ്യാഭ്യാസത്തിനും വായനക്ക് പുസ്തകങ്ങൾ സ്വന്തമാക്കാനും ആരെങ്കിലുമൊക്കെ പിന്തുണക്കുമെന്ന പ്രതീക്ഷയില്‍ കൂടിയാണ് ഈ മിടുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.