'അൻഷി' എന്ന മിസ് ബട്ടർഫ്ലൈ
text_fieldsഅൻഷി അനീഷിന് അഭിനയം കുട്ടിക്കളിയല്ല. 11ാം വയസിൽ യു.എ.ഇ മന്ത്രാലയങ്ങളുടെ പരസ്യത്തിൽ വരെ എത്തിയിരിക്കുകയാണ് കണ്ണൂർ കാപ്പാട് സ്വദേശി അനീഷിെൻറയും ജീനയുടെയും മകൾ അനീഷയുടെ അഭിനയ പാടവം. അതുകൊണ്ടും തീർന്നില്ല. മോഡലിങ്, പെയിൻറിങ്, ജിംനാസ്റ്റിക്സ്, സ്വിമ്മിങ്, ക്ലാസിക്കൽ ഡാൻസ്, റോളർ സ്കേറ്റിങ്, ഹുലാഹൂപ്പിങ്...അങ്ങിനെ സ്വന്തമായൊരു കുഞ്ഞു കരിയർ കെട്ടിപ്പടുക്കുകയാണ് ഈ ആറാം ക്ലാസുകാരി. യു.എ.ഇയിലെ രണ്ട് മന്ത്രാലയങ്ങളുടെയും ഇത്തിഹാദിെൻറയും പരസ്യത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും ഈ മിടുക്കിയെ തേടിയെത്തിയിരിക്കുകയാണ്.
ഏഴാം വസയിൽ അമൃത ടി.വിയിലെ 'അപരിചിത' എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. 100 എപ്പിസോഡുള്ള സീരിയലിൽ മുഴുനീള കഥാപാത്രം. ആസ്റ്ററിെൻറ ബ്രോഷർ മോഡലായാണ് യു.എ.ഇയിലെ തുടക്കം. പിന്നീട് ഒരുപിടി മികച്ച സ്ഥാപനങ്ങളുടെ മോഡലായ അൻഷി ഏറ്റവും ഒടുവിൽ അഭിനയിച്ചത് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പരസ്യത്തിലാണ്. സ്കൂളിലേക്ക് മടങ്ങിയെത്തുന്ന കുട്ടികൾക്ക് ആത്മിവശ്വാസം പകരാൻ തയാറാക്കിയ പരസ്യത്തിൽ മുഖ്യ കഥാപാത്രമാണ്. വൈകാതെ ഈ വീഡിയോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യമായല്ല സർക്കാർ പരസ്യത്തിൽ തലകാണിക്കുന്നത്.
യു.എ.ഇ ആരോഗ്യമന്ത്രാലയത്തിെൻറ രണ്ട് പരസ്യത്തിലും മുഖ്യകഥാപാത്രമായി. ഓഡിഷൻ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ വർഷം അബൂദബി ടൂറിസത്തിനായി അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും കോവിഡ് എത്തിയേതാടെ ഷൂട്ടിങ് നടന്നില്ല. 2019ലാണ് ഇത്തിഹാദിെൻറ 'ഗോ യുവർ ഓൺ വേ' എന്ന പരസ്യത്തിലേക്ക് അവസരം തേടിയെത്തിയത്. ഏപ്രിലിൽ ഷാർജ ടി.വിയുടെ 'ഇന്ത്യ' എന്ന ഡോക്യുമെൻററിയിൽ അഭിനയിക്കാനുള്ള ഭാഗ്യവും ലഭിച്ചു. പ്രശസ്ത ലബനീസ് ഗായിക മിറിയം ഫെയേഴ്സിെൻറ മ്യൂസിക് വീഡിയോ ആൽബത്തിെൻറ ഭാഗമാകാൻ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. കഴിഞ്ഞ ദിവസം എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായിരുന്ന മിറ സിങ് എന്ന പെൺകുട്ടിക്കൊപ്പമായിരുന്നു ഈ ആൽബം. നിരവധി സ്വകാര്യ സ്ഥാപനങ്ങളുടെയും മോഡലാണ് അൻഷി.
അഭിനയത്തിനപ്പുറം
ഷാർജ അവർ ഓൺ ഇന്ത്യൻസ് ഹൈസ്കൂളിലെ ഈ കൊച്ചുമിടുക്കി ഒന്നാന്തരം ചിത്രകാരികൂടിയാണ്. അടുത്തിടെ അൻഷി വരച്ച ആഫ്രിക്കൻ വനിതയുടെ പെയിൻറിങ് 'മാഗ്സോയിഡ്' എന്ന മാഗസിനിൽ വന്നിരുന്നു. അക്രലിക് പെയിൻറിങാണ് ഇഷ്ട മേഖല. 2018ൽ കോഴിക്കോട് നടന്ന 'മിസ് ഫോട്ടോജനിക് ജൂനിയർ മോഡൽ ഇന്ത്യ' ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇതിെൻറ ഫൈനൽ ദുബൈയിൽ നടന്നപ്പോഴും വിവിധ രാജ്യങ്ങളിലുള്ളവരെ മറികടന്ന് ഒന്നാമതെത്തി. ഇതോടൊപ്പം 'മിസ് ബട്ടർൈഫ്ല ഓഫ് ജൂനിയർ മോഡൽ വേൾഡു'മായി തെരഞ്ഞെടുക്കപ്പെട്ടു.
ആശാ ശരത്തിെൻറ ദുബൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഭരതനാട്യം പരിശീലിച്ചിരുന്നത്. ബിജു ധ്വനി തരംഗിനൊപ്പം സെമി ക്ലാസിക്കൽ നൃത്തവും ഡി ഫോർ ഡാൻസ് ഫെയിം റമീസിനൊപ്പം ഹിപ്ഹോപ് ഡാൻസും ആദർശ് നായർക്കൊപ്പം ബോളിവുഡ് ഡാൻസും പരിശീലിക്കുന്നു. സമാ സ്പോർട്സാണ് നീന്തൽ പരിശീലന തട്ടകം. മലയാളി പെൺകുട്ടികൾ അധികം പരിശ്രമിക്കാത്ത ജിംനാസ്റ്റിക്കിലും അൻഷി കൈവെക്കുന്നു. മാതാവ് ജീന മോഡലും ചിത്രകാരിയുമാണ്. പിതാവ് ആർ.കെ. അനീഷ് ദുബൈ സ്നൈഡർ ഇലക്ട്രിക് എന്ന സ്ഥാപനത്തിൽ എൻജിനീയറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.