നാസയിലൊരു വാണിമേലുകാരിയുടെ കുഞ്ഞു റോക്കറ്റ്
text_fieldsദോഹ: പത്തരമാറ്റ് തിളക്കമുള്ള സ്വർണമെഡലും ആകാശത്തോളം വലിയ സ്വപ്നങ്ങളുമായാണ് കോഴിക്കോട് വാണിമേലുകാരി ഹാനി ഫാഗിദ ഷംസീർ എന്ന എട്ടാം ക്ലാസുകാരി ഞായറാഴ്ച രാത്രിയിൽ ദോഹയിൽ വിമാനമിറങ്ങിയത്. ഖത്തറിലെ ഇന്ത്യൻ സ്കൂളായ വക്റ ഡി.പി.എസിൽനിന്നും അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിലേക്ക് പഠനയാത്ര പോയ ഹാനിയും കൂട്ടുകാരും തിരികെയെത്തുന്നത് കാണാക്കാഴ്ചകൾ ആസ്വദിച്ചു മാത്രമല്ല; കൈനിറയെ അംഗീകാരങ്ങളും മനസ്സു നിറയെ സ്വപ്നങ്ങളുമാണിപ്പോൾ.
ജൂലൈ ഒന്നിനായിരുന്നു സഹപാഠികൾക്കൊപ്പം അമേരിക്കയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിലേക്ക് ഫീൽഡ് ട്രിപ്പിനായി പറന്നത്. നാസയിലെ ബഹിരാകാശ വിദഗ്ധരും ശാസ്ത്രജ്ഞരും നയിച്ച മൂന്നു ദിവസ പരിശീലന ക്യാമ്പിലും പങ്കെടുത്തു. നാലുപേരടങ്ങുന്ന ടീമായി നടന്ന വർക് ഷോപ്പിനൊടുവിൽ നിർമിച്ച ചെറു റോക്കറ്റാണ് സംഘത്തെ ഒന്നാമതെത്തിച്ചത്.
ഹാനിയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളായ സെയ്ദ അലിന ഹബീബ, പിയ പ്രിഥ്വിഷ്, ശിവാനി ജയരാജൻ എന്നിവരടങ്ങിയ ടീം നിർമിച്ച കുഞ്ഞുറോക്കറ്റ് വിജയകരമായി കുതിച്ചപ്പോൾ സംഘാടകരും കൈയടിച്ചു. ‘റോബോട്ടിക് റോക്കട്രി പ്രോഗ്രാമിങ് വിത്ത് ലോഞ്ചിങ് ആൻഡ് ലാൻഡിങ്’ മത്സരത്തിൽ ഒന്നാമതെത്തിയപ്പോഴുള്ള അംഗീകാരമായി സമ്മാനിച്ച കെന്നഡി സ്പേസ് സെൻററിന്റെ മുദ്രപതിച്ച സ്വർണമെഡലും സർട്ടിഫിക്കറ്റുകളുമായാണ് ഇവർ മടങ്ങിയെത്തിയത്. ചെറുപ്രായത്തിൽതന്നെ ആകാശവും റോക്കറ്റു വിക്ഷേപവും ബഹിരാകാശ ഗവേഷക വാർത്തകളുമെല്ലാമായിരുന്നു ഹാനിയുടെ ഇഷ്ടമെന്ന് ഖത്തറിലെ പെട്രോകെമിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന പിതാവ് ഷംസീർ പറയുന്നു. ഇനി, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് ഉന്നത പഠനവും ഇതേ മേഖലയിൽ മികച്ചൊരു ജോലിയും കെട്ടിപ്പടുക്കാനുള്ള സ്വപ്നങ്ങൾക്ക് അടിത്തറയിട്ടാണ് അവളിപ്പോൾ മടങ്ങിയെത്തുന്നത്. വയനാട് വെള്ളമുണ്ട ഷമീന ഇബ്രാഹിമാണ് ഹാനിയുടെ മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.