‘സ്വയം പദ്ധതി‘യിലൂടെ വിദ്യാർഥിനികൾക്ക് ദേശീയ അംഗീകാരം
text_fieldsതലശ്ശേരി: ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ഉന്നമനത്തിന് ഊന്നൽ നൽകി വിഭാവനം ചെയ്ത സ്വയം പദ്ധതിയിലൂടെ പുന്നോൽ അമൃത വിദ്യാലയത്തിലെ ശ്രീലക്ഷ്മിക്കും ശ്രേയക്കും ദേശീയതല അംഗീകാരം. രാജ്യത്താകെയുള്ള 5000 ത്തോളം വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങളിൽ നിന്നും വിവിധ തലങ്ങളിൽ നടത്തിയ മത്സര തിരഞ്ഞെടുപ്പിലൂടെ അവസാന പത്തിലെത്തിയവരാണ് ഇരുവരും.
സ്കൂളിന് ചുറ്റുവട്ടത്തുള്ള ദുർബല വിഭാഗങ്ങളിൽ പെട്ട സ്ത്രീകളെ സ്വയം പര്യാപ്തമാക്കാൻ തൊഴിലും ജീവിതോപാധികളും നൽകുകയും ഇവർ ഉൽപാദിപ്പിച്ച സാധനങ്ങൾ ഏറ്റെടുത്ത് മാർക്കറ്റിൽ വിവിധ കമ്പനികളിലൂടെ വിറ്റഴിച്ച് അതിന്റെ ലാഭ വിഹിതം ഉൽപാദകരിൽ എത്തിക്കുകയും ചെയ്യുന്ന സംരംഭമാണ് ‘സ്വയം പദ്ധതി’.
കോടിയേരി ഉക്കണ്ടൻപീടിക ശ്രീ പീഠത്തിൽ മനോജ് കുമാർ-ജീജ ദമ്പതികളുടെ മകളാണ് പത്താം ക്ലാസ് വിദ്യാർഥിനി എസ്. ശ്രീലക്ഷ്മി. പള്ളൂർ നാലുതറയിലെ റോയൽ എൻക്ലേവിലെ ഡോക്ടർ ദമ്പതികളായ ഹനുമന്ത് കുൽക്കർണിയുടെയും ശ്വേതയുടെയും മകളാണ് എട്ടാം ക്ലാസ് വിദ്യാർഥിനി കെ. ശ്രേയ.
വിദ്യാർഥിനികളുടെ ഏറെ അഭിമാനിക്കുന്നതായി പ്രിൻസിപ്പൽ സമാരാധ്യാമൃത ചൈതന്യ, വൈസ് പ്രിൻസിപ്പൽ സിഷ സഗീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എ.ടി.എൽ ലാബ് ഇൻ ചാർജ് കെ.എം. ഷിൻ ജു, നിമിഷ ഷർമേഷ്, എം. സന്ദീപ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.