വാർത്ത വായന ദിനചര്യ; ആയിരം ദിവസം പിന്നിട്ട് വേദിക
text_fieldsകാഞ്ഞങ്ങാട്: വാർത്തവായനയിലൂടെ നാട്ടിലും പുറത്തും വിദേശ മലയാളികൾക്കിടയിലും ശ്രദ്ധനേടുകയാണ് വിദ്യാർഥിനി. ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ ഏട്ടാം തരത്തിൽ പഠിക്കുന്ന വേദികയാണ് വാർത്തവായന ദിനചര്യയാക്കിയത്. കാഞ്ഞങ്ങാട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിലെ പഠനകാലത്ത് 2021 ജൂൺ 19ന് വായനദിനത്തിലാണ് ക്ലാസുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലുമായി വേദിക വാർത്തകൾ ശ്രോതാക്കളുമായി പങ്കുവെക്കാൻ തുടങ്ങിയത്.
അക്ഷരസ്ഫുടതയോടെയും ശ്രുതിമധുരവുമായിരുന്നു വായന. രാവിലെ വീട്ടിലെത്തുന്ന വിവിധ മലയാള പത്രങ്ങളിൽനിന്ന് പ്രധാന സംഭവങ്ങൾ ശേഖരിക്കുകയും അവ വായിച്ച് റെക്കോഡ് ചെയ്തശേഷം നാട്ടിലും മറുനാട്ടിലുമുള്ള വിവിധ വാട്സ് ആപ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
പത്രവാർത്തകൾക്ക് മുമ്പ് ഓരോ ദിവസത്തിന്റെയും പ്രാധാന്യവും വ്യക്തമാക്കുന്ന ദേശീയ-അന്തർദേശീയ ദിനാചരണങ്ങൾ സാഹിത്യം, കല, കായികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയവയും ഉൾപ്പെടുത്തുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാ കുട്ടികളും വാര്‍ത്ത വായിച്ച് ഗ്രൂപ്പില്‍ അയക്കാനുള്ള പ്രവര്‍ത്തനത്തിൽ നിന്നാണ് തുടക്കം. മറ്റു കുട്ടികളെല്ലാം ഇടക്കുവെച്ച് വായന നിര്‍ത്തിയെങ്കിലും വേദിക വായന തുടര്‍ന്നു.
വായനയില്‍ പുലര്‍ത്തുന്ന ശബ്ദനിയന്ത്രണവും അക്ഷരസ്ഫുടതയും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടെത്തുന്നതും വാര്ത്തവായനയെ വ്യത്യസ്തമാക്കുന്നു. പ്രധാനാധ്യാപകനായിരുന്ന കൊടക്കാട് നാരായണന്, മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി. ജയരാജ് തുടങ്ങിയവരുടെ പ്രോത്സാഹനമായിരുന്നു പ്രചോദനമായതെന്ന് വേദിക. പത്രങ്ങള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ശേഖരിച്ചാണ് വായന നടത്തുന്നത്. വേദികയുടെ വാര്‍ത്തകള്‍ക്ക് നാട്ടില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലെ മലയാളി വാട്സ്ആപ് ഗ്രൂപ്പുകളിലും നിരവധി ശ്രോതാക്കളുണ്ട്.
അധ്യാപകദമ്പതികളായ ഗോപി മുളവന്നൂരിന്റെയും പി.ജി. ശ്രീകലയുടെയും മകളായ 13കാരി സ്കൂളിൽ എൻ.സി.സി അംഗവും അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയത്തിലെ ബാലവേദി പ്രസിഡന്റുമാണ്. ചെസും വായനയുമാണ് വിനോദം. ഇഷ്ടപ്പെട്ട എഴുത്തുകാരി സുധാമൂർത്തി. ഏക സഹോദരിയായ ദേവിക ഇതേ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.