'ഓലാട്ടെ പിള്ളേരോട് മുട്ടാൻ വരല്ലേ...വിവരമറിയും'
text_fieldsചെറുവത്തൂർ (കാസർകോട്): ഹൂ, ഹായ്, ഹൂ, ഹോയ്.. കരാട്ടെ പരിശീലനത്തിനിടെയിലെ കുട്ടികളുടെ കൂട്ടത്തോടെയുള്ള ഒച്ചകേട്ടാണ് ഇപ്പോൾ കൊടക്കാട് ഓലാട്ടുകാർ ഉണരാറ്. വെറും പ്രാക്ടീസല്ല കുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം. അതിരാവിലെ ഉണർന്നെണീറ്റപ്പോഴുള്ള കുട്ടികളുടെ ഈ ഉഷാർ ശബ്ദം നാട്ടിനെയും ഉഷാറാക്കി.
'ഉടക്കാൻ വരല്ലേ ഇടിച്ചു പരത്തിക്കളയും' എന്നാണ് തമാശ പറഞ്ഞാൽ പോലുമിവരുടെ പ്രതികരണം. ശല്യപ്പെടുത്തിയാൽ ഇനി ഇവരുടെ കൈക്കരുത്താറിയും എന്ന ചങ്കൂറ്റമാണ് കൈമുതൽ. കൊടക്കാട് നാരായണ സ്മാരക സ്പോർട്സ് ക്ലബ്ബിന്റെയും ഗ്രന്ഥാലയം യുവജനവേദിയുടെയും ആഭിമുഖ്യത്തിലാണ് കരാട്ടെ പരിശീലനം. ചെറുപ്രായത്തിൽതന്നെ കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും അതുവഴി മാനസികോല്ലാസം പകരാനുമാണ് പരിശീലനം.
അതിക്രമിക്കുന്നവർക്കു തിരിച്ചടിനൽകാൻ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങൾ പകരുന്നത് ഓലാട്ടെ എം.വി. സുരേന്ദ്രന്റെ നേതൃത്വത്തിലാണ്. ആറുവയസ്സു മുതലുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ് രാവിലെയും വൈകീട്ടുമുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ ആർമിയിലെ സേവനത്തിനുശേഷം തിരിച്ചെത്തിയ ശേഷമാണ് സുരേന്ദ്രൻ താൻ പഠിച്ച കരാട്ടെയിലും സ്വയം പ്രതിരോധത്തിനും പരിശീലനം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.