വസ്ത്രങ്ങളില് പുതുമകള് തുന്നി
text_fieldsഭാവനകൾക്ക് നിറം കൊടുക്കുന്ന കാൻവാസാണ് റുഖിയ അൽ ഹാർത്തി എന്ന ഒമാനി യുവതിക്ക് ഒാരോ വസ്ത്രങ്ങളും. ഉടയാടകളിൽ പുതുമയുടെ ഒരടയാളപ്പെടുത്തലാണ് അവർക്ക് ഫാഷൻ ഡിസൈനിങ്. വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധയാകർഷിക്കുേമ്പാൾ തന്നെ വിപണിയിലെ വിജയങ്ങളും റുഖിയ നെയ്തെടുക്കുന്നു.
കാഴ്ചശക്തിയില്ലാത്തവർക്കുള്ള സ്നേഹോപഹാരമാണ് റുഖിയയുടെ ഏറ്റവും പുതിയ സൃഷ്ടി. അന്ധർക്ക് വായിക്കാൻ കഴിയുന്ന ബ്രെയിൽ ലിപികൾ വസ്ത്രങ്ങളിൽ തുന്നിപ്പിടിപ്പിച്ചാണ് അവർ ഫാഷനിൽ വീണ്ടും ശ്രദ്ധേയയാകുന്നത്. രാഷ്ട്ര സ്നേഹം പ്രതിഫലിപ്പിക്കുക കൂടിയാണ് നൂലിഴകളിലൂടെ ഇൗ വസ്ത്ര ഡിസൈനർ. അന്ധർക്കായി തയാറാക്കിയ വസ്ത്രങ്ങളിൽ ഒമാൻ ദേശീയ ഗാനമാണ് ഇവർ തുന്നിച്ചേർത്തിരിക്കുന്നത്. വസ്ത്രത്തിന്റെ കൈയറ്റങ്ങളിൽ ബ്രെയിൽ ലിപിയിൽ ദേശീയ ഗാനം സമ്പൂർണമായി ഉൾപ്പെടുത്തിയിരിക്കുന്നു.
കാഴ്ചയില്ലാത്തവരുടെ വിദ്യാഭ്യാസത്തിനായി ഒമാനിൽ പ്രവർത്തിക്കുന്ന ഉമർ ഇബ്നു ഖത്താബ് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയും അവിടത്തെ അംഗങ്ങളോട് ആശയവിനിമയം നടത്തുകയും ചെയ്തതിന് ശേഷമാണ് ഡിസൈൻ പൂർത്തിയാക്കിയത്. ദേശീയ ഗാനം ബ്രെയിലി ലിപിയിലേക്ക് മാറ്റിനൽകുന്നതിന് വലിയ സഹായം നൽകിയ ഇൻസ്റ്റിറ്റ്യൂട്ടുകാർ അകമഴിഞ്ഞ പ്രോത്സാഹനവും റുഖിയയുെട ആശയത്തിന് നൽകി.
ഇന്ത്യൻ സാരിയിൽ നിന്ന് ഒമാനി വസ്ത്രങ്ങൾ
നേരത്തേ തന്നെ വസ്ത്രങ്ങളുടെ ഡിസൈനിൽ നൂതനാശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് റുഖിയ. ഒമാനി വസ്ത്ര ഡിസൈനിങ്ങിൽ സാരിപ്പരീക്ഷണം നടത്തി വിജയം നേടിയതാണ് ഇവർ. ഇന്ത്യൻ തുണിത്തരങ്ങൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാത്ത ഒരൊറ്റ ഒമാനി കുടുംബവും ഇല്ല എന്ന് മനസ്സിലാക്കിയാണ് ഈ പരീക്ഷണത്തിന് ഇറങ്ങിയത്.
ഇന്ത്യൻ സാരികൾ വാങ്ങി അതിൽ മനോഹരമായ തുന്നൽപ്പണികളും അലങ്കാരപ്പണികളും കരകൗശല പ്രവൃത്തിയും സമന്വയിപ്പിച്ചാണ് റുഖിയ ഒമാനി വസ്ത്രങ്ങൾ നിർമിക്കുന്നത്. 12 അംഗ ഇന്ത്യൻ തൊഴിലാളി സംഘമാണ് ഇവരുടെ വസ്ത്ര ഭാവനകളെ തുന്നിച്ചേർക്കുന്നത്. കൂടുതലും ഉത്തർപ്രദേശുകാർ. യു.പിക്കാരുടെ കരവിരുത് മഹത്തരമാണെന്ന് റുഖിയ പറയുന്നു.
ഒമാനി പാരമ്പര്യ വസ്ത്രങ്ങളായ ദിഷ്ദാഷ, സർവാൽ, വഖായ, വസാർ, ജെലാബി തുടങ്ങിയവയും ഗൗണുകൾ, സ്കർട്ടുകൾ എന്നിവയും സാരിയിൽനിന്ന് രൂപപ്പെടുത്തും. കേരളത്തിെൻറ കസവ് സാരികളും കശ്മീർ സാരികളും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പട്ടുസാരികളും ഇവർ ഇതിനായി ഉപയോഗിക്കുന്നു. 2015ലെ ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വിറ്റ്സർലൻഡിലെ ഒമാൻ എംബസി സംഘടിപ്പിച്ച എക്സിബിഷനിൽ സാരികൊണ്ട് നിർമിച്ച വസ്ത്രങ്ങൾ മാത്രമായിരുന്നു ഇവർ പ്രദർശിപ്പിച്ചത്.
മാർക്കറ്റിങ്ങിൽ നിന്ന് ഡിസൈനിങ്ങിലേക്ക്
റുഖിയ അൽ ഹാർത്തിക്ക് ഫാഷൻ ഡിസൈനിങ്ങിൽ ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ല. മാർക്കറ്റിങ്ങിലായിരുന്നു അവർ പഠനം നടത്തിയത്. ഡിസൈനിങ്ങിലെ താൽപര്യം കാരണം മാർക്കറ്റിങ്ങിനെ വഴിയിലുപേക്ഷിച്ചു. സ്വന്തം കുടുംബാംഗങ്ങൾക്കുള്ള വസ്ത്രങ്ങൾ രൂപപ്പെടുത്തിയാണ് ഫാഷൻ ഡിസൈനിങ്ങിലേക്ക് കടന്നുവന്നത്. 2009ലായിരുന്നു ഇത്. 2010ൽ സഅഫ് എന്ന കമ്പനിക്ക് രൂപം നൽകി. 2015ൽ ഫാഷൻ ഡിസൈനിങ്ങിനുള്ള അൽ മർഅ എക്സലൻസി അവാർഡ് ലഭിച്ചു.
ഇന്ത്യൻ ഫാഷനിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഒമാനി ഫാഷൻ ഡിസൈനിങ്ങിന്റെ വളർച്ചയെന്ന് റുഖിയ പറയുന്നു. ഫാഷനിൽ ഇന്ത്യയും ഒമാനും തമ്മിൽ നിരവധി സാദൃശ്യങ്ങളുണ്ട്. വസ്ത്രങ്ങളിലെ അലങ്കാരപ്പണികളിൽ ഇരു രാജ്യത്തുള്ളവരും ഒരേതരം മുത്തുകളും ആക്സസറീസും ഉപയോഗിക്കുന്നു. ഹെന്ന പാർട്ടികൾ പോലുള്ള സവിശേഷ അവസരങ്ങളിൽ ഒമാനി സ്ത്രീകൾ സാരി ധരിക്കാറുണ്ട്. പുരാതനകാലം മുതൽതന്നെ ഒമാനികൾ ഇന്ത്യയിൽനിന്ന് വസ്ത്രങ്ങൾ കൊണ്ടുവരാറുണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവ ഇന്ത്യക്കാരും ഒമാനികളും തമ്മിൽ കച്ചവടം നടത്തിയിരുന്നുവെന്നും നിരവധിതവണ ഇന്ത്യ സന്ദർശിച്ച റുഖിയ അഭിപ്രായപ്പെടുന്നു.
സുൽത്താൻ ഖാബൂസ് റോസിന്റെ പരിമളം
സുൽത്താൻ ഖാബൂസ് റോസിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം ഒമാനിലെ പുതുതലമുറക്ക് ഫാഷൻ ഡിസൈനിങ്ങിലൂടെ പകർന്നുനൽകുകയും ചെയ്യുന്നുണ്ട് റുഖിയ. ഒമാനി ജനതക്ക് പുരോഗതിയും സമാധാനവും നൽകിയതിൽ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ സംഭാവനകൾ പരിഗണിച്ച് 1990ൽ വേൾഡ് ഫെഡറേഷൻ ഓഫ് റോസ് സൊസൈറ്റീസ് റോസ മെറ്റിക്സിയ എന്ന പനിനീർ പുഷ്പ ഇനത്തിന് നൽകിയ പേരാണ് സുൽത്താൻ ഖാബൂസ് റോസ്.
ഉഷ്ണ കാലാവസ്ഥയിലും ശീത കാലാവസ്ഥയിലും വളരുന്ന സുൽത്താൻ ഖാബൂസ് റോസ് ധൈര്യം, ശക്തി, സൗന്ദര്യം എന്നിവയുടെ പ്രതീകമായി കണക്കാക്കുന്നു. 2013 മുതലാണ് റുഖിയ തന്റെ ഡിസൈനിങ്ങിൽ സുൽത്താൻ ഖാബൂസ് റോസ് ഉൾപ്പെടുത്തി തുടങ്ങിയത്. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.