മെസ്സീ, ആ ബിഷ്ത് എനിക്കു തരൂ, ഒരു മില്യൺ ഡോളർ തരാം
text_fieldsമസ്കത്ത്: ഖത്തർ ലോകകപ്പ് ഫൈനൽ വിജയത്തിനു ശേഷം അർജന്റീനിയൻ ഫുട്ബാൾ സൂപ്പർ താരം ലയണൽ മെസ്സി ധരിച്ച ബിഷ്തിന് ഒരു മില്യൺ ഡോളർ (ഏകദേശം 8.24 കോടി ഇന്ത്യൻ രൂപ) വാഗ്ദാനം ചെയ്ത് ഒമാൻ ശൂറ കൗൺസിൽ അംഗം. ഒമാനി അഭിഭാഷകനും മജ്ലിസ് ശൂറ അംഗവുമായ അഹമ്മദ് അൽ ബർവാനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഖത്തർ ലോകകപ്പ് നേടിയതിന് സുൽത്താനേറ്റിൽനിന്ന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ധീരതയുടെയും വിവേകത്തിന്റെയും പ്രതീകമാണ് അറബിക് ബിഷ്ത്. നിങ്ങൾ ധരിച്ച ബിഷ്ത് തരുകയാണെങ്കിൽ പകരം ഞാൻ നിങ്ങൾക്ക് ഒരു മില്യൺ ഡോളർ വാഗ്ദാനം ചെയ്യുന്നു -അൽ ബർവാനി ട്വീറ്റിൽ കുറിച്ചു.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2ന് തകർത്താണ് അർജന്റീന ലോക കിരീടത്തിൽ മുത്തമിട്ടത്. അതേസമയം, ലോകകപ്പ് കിരീടധാരണ ചടങ്ങിൽ മെസ്സിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ‘ബിഷ്ത്’ ധരിപ്പിച്ചതിൽ വിമർശനവുമായി യൂറോപ്യൻ മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു.
മഹത്തായ ചടങ്ങിന്റെ അന്തസ്സത്ത നശിപ്പിക്കുന്നതായിരുന്നു ഖത്തർ അമീറിന്റെ പ്രവൃത്തി എന്നായിരുന്നു പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. തുടക്കം മുതൽ വിദ്വേഷ പ്രചാരണങ്ങളായിരുന്നു ഖത്തർ ലോകകപ്പിനെതിരെ യൂറോപ്യൻ മാധ്യമങ്ങൾ നടത്തിയത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ബിഷ്തുമായി ബന്ധപ്പെട്ടുള്ളത്.
ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും മികച്ച ലോകകപ്പായിരുന്നു ഖത്തറിലേത് എന്നായിരുന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞത്. ബിഷ്ത് ധരിപ്പിച്ചതിൽ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിലും ഏറെ ചർച്ചകൾ നടന്നിരുന്നു.
മിഡിലീസ്റ്റ് രാജ്യങ്ങളുടെ പൈതൃകവും പാരമ്പര്യവും അനുസരിച്ച് ഉന്നത പദവിയിലുള്ളവര്‍ സവിശേഷ സന്ദര്‍ഭത്തില്‍ മാത്രം ധരിക്കുന്ന വസ്ത്രമാണ് ബിഷ്ത്. ഭരണാധികാരികള്‍ക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ശൈഖുമാരും വിവാഹം, പെരുന്നാള്‍ നമസ്കാരം, ജുമുഅ നമസ്കാരം എന്നിവക്കാണ് ഇത് ധരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.